കോഴിക്കോട്: കുസാറ്ര് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥിനി താമരശ്ശേരി കോരങ്ങാട് തൂവകുന്നുമ്മൽ വയലപ്പള്ളിൽ സാറ തോമസിന് (20) അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സാറ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ പഠിച്ച താമരശ്ശേരി അൽഫോൺസ സ്‌കൂളിൽ പൊതുദർശത്തിന് വച്ചപ്പോഴായിരുന്നു നവകേരള സദസ്സുമായി ബന്ധപ്പെട്ട് കോഴിക്കോടുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തിയത്. മുക്കത്തെ പരിപാടി കഴിഞ്ഞ് കൊടുവള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രത്യേക ബസിൽ മുഖ്യമന്ത്രിയടക്കം താമരശ്ശേരിയിൽ എത്തിയത്.
പഠനത്തിൽ മിടുക്കിയായിരുന്ന സാറയുടെ ചേതനയറ്റ ശരീരംകണ്ട് പഴയ സഹപാഠികളും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി. 'അവളൊരു മാലാഖയായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം മുന്നിൽ. കോളേജിൽ നിന്ന് വീട്ടിലെത്തിയാൽ ഒരുവട്ടമെങ്കിലും സ്‌കൂളിൽ വരും. നീറ്റിൽ റാങ്ക് കിട്ടിയ സഹപാഠിയെ അനുമോദിക്കാൻ രണ്ടുമാസം മുമ്പ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനും എത്തിയിരുന്നു. അവളുടെ ചിരിക്കുന്ന മുഖം മറക്കാനാവുന്നില്ല'- സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജിൽസൻ ജോസഫ് പറഞ്ഞു.
സ്കൂളിലെ പൊതുദർശനത്തിനുശേഷം സാറയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്നു രാവിലെ പത്തരയ്ക്ക് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്‌കാരം.
കോരങ്ങാട് തൂവ്വക്കുന്നുമ്മൽ വാടകയ്ക്ക് താമസിക്കുന്ന തോമസ് സ്‌കറിയയുടേയും (സാജൻ) കൊച്ചുറാണിയുടേയും മകളാണ്. തിക്കിലും തിരക്കിലുംപെട്ട് സാറ അവശനിലയിലാണെന്ന വിവരം കുസാറ്റിലെ അദ്ധ്യാപികയായ തോമസിന്റെ സഹോദരീപുത്രന്റെ ഭാര്യയാണ് ഫോണിൽ വിളിച്ചറിയിച്ചത്. അപ്പോൾതന്നെ തോമസും ഭാര്യയും ഇളയമകൾ സാനിയയും എറണാകുളത്തേക്ക് പുറപ്പെട്ടു. എറണാകുളത്ത് എൻജിനിയറായി ജോലി നോക്കുന്ന മൂത്തമകൾ സൂസൻ തോമസ് അപ്പോഴേക്കും അവിടെയെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |