SignIn
Kerala Kaumudi Online
Sunday, 03 March 2024 8.57 AM IST

താരതമ്യങ്ങള്‍ക്ക് സ്ഥാനമില്ല, അതിനുള്ള സമയവുമായിട്ടില്ല; എന്നിട്ടും എന്തുകൊണ്ട് റിങ്കു സിംഗ് സാക്ഷാല്‍ ധോണിയെ ഓര്‍മ്മിപ്പിക്കുന്നു?

rinku-singh

തിരുവനന്തപുരം: റിങ്കു സിംഗ്...ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ പേര് കേള്‍ക്കാന്‍ തുടങ്ങിയത് ഐപിഎല്ലിലൂടെയാണ്. നിരവധി പുത്തന്‍ താരങ്ങളെത്തുന്ന ഐപിഎല്ലില്‍ ഈ പയ്യന്‍ വ്യത്യസ്തനാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു തുടങ്ങിയത് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തോടെയാണ്. അവസാന ഓവറില്‍ 28 റണ്‍സ് വേണ്ടുന്ന സാഹചര്യത്തില്‍ അഞ്ച് സിക്സറുകളടിച്ച് ടീമിനെ വിജയിപ്പിക്കുകയെന്നാല്‍ അത് വീഡിയോ ഗെയിമിൽ പോലും എളുപ്പം സാദ്ധ്യമാകുന്ന ഒരു കാര്യമല്ല.

ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്ക് റിങ്കുവിന് വിളിയെത്തി. അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സംഘത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി സമ്മാനിച്ച മുറിവില്‍ നിന്ന് ആരാധകര്‍ക്ക് ആശ്വാസം പകരുകയാണ് റിങ്കു തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ. അതും ഇന്ത്യക്കാരുടെ ഹൃദയമാകെ തകര്‍ത്ത ഓസ്‌ട്രേലിയക്ക് എതിരെ.

ട്വിന്റി-20 പരമ്പരയിലെ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ അവസാന പന്ത് സിക്‌സറടിച്ചാണ് റിങ്കു ഇന്ത്യയെ വിജയിപ്പിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരത്തില്‍ തന്റെ റേഞ്ച് എന്താണെന്ന് റിങ്കു ഒരിക്കല്‍ക്കൂടി തെളിയിച്ചു. വെറും ഒന്‍പത് പന്തുകള്‍ മാത്രം നേരിട്ടതില്‍ ആറെണ്ണം ബൗണ്ടറി കടന്നു. ഇതില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. റിങ്കുവിന്റെ ഫിനിഷിംഗ് ഇന്ത്യയെ 235 എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു.

ഫിനിഷിംഗ്, ഫിനിഷര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക സാക്ഷാല്‍ എം.എസ് ധോണിയുടെ പേരാണ്. ക്രിക്കറ്റില്‍ അത്തരം താരതമ്യങ്ങള്‍ പതിവാണ്. റിങ്കുവിനെ ധോണിയെപ്പോലെ ഒരു വലിയ താരവുമായി താരതമ്യം ചെയ്യാറായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. തന്റെ കരിയറിലുടനീളം ഫിനിഷിംഗ് ജോലി ചെയ്ത ധോണിയുമായി വെറും നാലോ അഞ്ചോ മത്സരങ്ങളുടെ മാത്രം പരിചയമുള്ള റിങ്കുവിനെ താരതമ്യം ചെയ്യുന്നത് നീതികേടാണ്.

താരതമ്യങ്ങള്‍ക്കുള്ള സമയമായിട്ടില്ലെങ്കിലും റിങ്കു സിംഗ് എന്ന 26കാരന്‍ എവിടെയൊക്കെയോ ജാര്‍ഖണ്ഡിലെ ആ നീളന്‍ തലമുടിക്കാരനെ അനുസ്മരിപ്പിക്കുന്നുണ്ട്. ഇക്കാര്യം സഹതാരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ആരാധകരുമൊക്കെ ഇതിനോടകം ചര്‍ച്ചയാക്കിക്കഴിഞ്ഞു. ഒരുപക്ഷേ ക്രീസില്‍ സമ്മര്‍ദ്ദത്തിന്റെ ലവലേശമില്ലാതെ നില്‍ക്കുന്നതും ഏത് സാഹചര്യത്തിലും യഥേഷ്ടം സിക്‌സറുകള്‍ പായിക്കാനുള്ള കഴിവുമാണ് റിങ്കുവിന് ധോണിയോടുള്ള സാമ്യത.

തിരുവനന്തപുരത്തെ കാണികള്‍ വരവേറ്റത് ആര്‍പ്പുവിളികളോടെ

സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ ക്രീസിലെത്തിയ റിങ്കുവിനെ തിരുവനന്തപുരത്തെ കാണികള്‍ വരവേറ്റത് വലിയ ആരവങ്ങളുടെ അകമ്പടിയോടെയാണ്. എന്തോ സവിശേഷമായ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന അന്തരീക്ഷമായിരുന്നു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റിങ്കു ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നത്. മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റിങ്കു ഒരാളെ അനുസ്മരിപ്പിക്കുന്നുവെന്ന് പറഞ്ഞതും ധോണിയെ ഉദ്ദേശിച്ചായിരുന്നു.

സമ്മര്‍ദമുണ്ടെങ്കിലും അത് മുഖത്ത് പ്രകടമാക്കാത്ത എംഎസ്ഡി സ്റ്റൈല്‍ തന്നെയാണ് റിങ്കുവിന്റേയും പ്രത്യേകത. മികച്ച ഷോട്ട് സെലക്ഷന്‍, ടൈമിംഗ്, കൂറ്റന്‍ സിക്‌സറുകള്‍ പായിക്കാനുള്ള കഴിവ് ഇതെല്ലാം നല്ല രീതിയില്‍ ഒത്തിണങ്ങി വന്നിട്ടുണ്ട് ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ താരത്തിന്. തന്റെ കഴിവിനൊത്ത പ്രകടനം സ്ഥിരതയോടെ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താരമെന്ന പദവി റിങ്കു നേടിയേക്കാം.

സ്വന്തം റോള്‍ നന്നായി അറിയാം

ഇന്ത്യന്‍ ടീമില്‍ തന്റെ റോള്‍ എന്താണെന്ന് നന്നായി അറിയാം താരത്തിന്. അഞ്ചാമനായോ ആറാമനായോ ക്രീസിലെത്തുന്ന എന്നില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നത് റണ്‍നിരക്ക് ഉയര്‍ത്തി മികച്ച രീതിയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയെന്നതാണ്. ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും എനിക്ക് ബാറ്റ് ചെയ്യാന്‍ പരമാവധി ലഭിക്കുക അഞ്ച് ഓവര്‍ ആയിരിക്കും. ഈ സമയത്ത് കളിക്കേണ്ട രീതി തന്നെയാണ് നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴും ഞാന്‍ സ്വീകരിക്കാറുള്ളത്- റിങ്കു സിംഗ് പറയുന്നു.

പിന്തുടരുന്നത് ധോണിയെയല്ല !

താരതമ്യം ധോണിയുമായിട്ടാണെങ്കിലും റിങ്കുവിന്റെ റോള്‍മോഡല്‍ മറ്റൊരു താരമാണ്. യുപിയില്‍ നിന്ന് തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയ സുരേഷ് റെയ്‌നയാണ് താരത്തിന്റെ ഇഷ്ട ക്രിക്കറ്റര്‍. കഷ്ടപ്പാടുകളുടെ കളിക്കളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ റെയ്‌ന നല്‍കിയിട്ടുള്ള സഹായങ്ങളെക്കുറിച്ച് റിങ്കു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

rinku-singh

ക്രിക്കറ്റ് കളിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ നല്‍കിയത് റെയ്‌ന ഭായ് ആണ്. എന്റെ നേട്ടങ്ങളിലെല്ലാം ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഒരു മുതിര്‍ന്ന സഹോദരന്റെ സ്ഥാനമാണ് തന്റെ മനസ്സില്‍ റെയ്‌നയ്ക്കുള്ളതെന്നും റിങ്കു പറഞ്ഞിരുന്നു.

ലക്ഷ്യം ലോകകപ്പ്

കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം സിക്‌സര്‍വീരനെന്ന പേര് സ്വന്തമാണ് റിങ്കുവിന്. താരത്തിന്റെ ആഗ്രഹം ഇന്ത്യക്കായി ലോകകപ്പ് നേടണമെന്നാണ്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന റിങ്കു അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വിന്‌റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ സ്ഥാനം ഇതിനോടകം തന്നെ ഉറപ്പിച്ചുകഴിഞ്ഞുവെന്നാണ് കളിയെഴുത്തുകാരും മുന്‍ താരങ്ങളും വിലയിരുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MS DHONI, RINKU SINGH, FINISHER, CRICKET, INDIAN CRICKET TEAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.