പാലക്കാട്: കണ്ണൂർ വി.സിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപ്രകാരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധികൾ സുപ്രീംകോടതി ശരിവച്ചെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി ഷൊർണൂർ കുളപ്പുള്ളിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾക്ക് നിയമന പ്രക്രിയയിൽ ഒരു ന്യൂനതയും കണ്ടെത്തിയിട്ടില്ല എന്നത് തൽപ്പരകക്ഷികളുടെ നുണപ്രചാരണങ്ങൾ പൊളിച്ചു. തീരുമാനമെടുക്കാനുള്ള ചാൻസലറുടെ അവകാശം ഹനിക്കുന്ന ഒന്നും സർക്കാർ ചെയ്‌തിട്ടില്ല. ചാൻസലർ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചതിന്റെ ഫലമാണ് സുപ്രീംകോടതിയിൽ നിന്ന് അദ്ദേഹത്തിനു തന്നെ ഏറ്റ കനത്ത തിരിച്ചടി. സർക്കാരിൽ നിന്ന് ഉണ്ടാകാത്ത ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണിത്.
സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം കക്ഷിയായിരുന്നു. ചാൻസലർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതെന്നാണ് പറഞ്ഞത്. പുനർനിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ചാൻസലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നും വിധിയിലുണ്ട്. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ. അദ്ദേഹം തന്നെ താൻ നടത്തിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ നിയമനമാണെന്ന് കോടതിയിൽ പറയുന്നു. അങ്ങനെയല്ലെന്ന് സുപ്രീം കോടതി തിരുത്തുന്നു. വിധി വന്ന ശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്ന് ചാൻസലർ മാദ്ധ്യമങ്ങളോട് പറയുന്നത് വിചിത്രമാണ്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചാൻസലർക്ക് എത്തിച്ചെന്നു പറയുന്നതും വസ്തുതാ വിരുദ്ധമാണ്. എ.ജിയുടെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് രാജ്ഭവനിലേക്ക് നിയമോപദേശം എത്തിച്ചത്. ചാൻസലർ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
ഗവർണർക്ക് ഉചിതം രാഷ്ട്രീയ പ്രവർത്തനം: എം.വി. ഗോവിന്ദൻ
ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർക്ക് രാഷ്ട്രീയ പ്രവർത്തനമാണ് നല്ലതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സുപ്രീം കോടതി നിർദ്ദേശം തനിക്ക് ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യൻ പ്രസിഡന്റിനോടാണ് പ്രതിബദ്ധതയെന്ന നിലപാട് ആവർത്തിക്കുന്ന ഗവർണർ രാജിവയ്ക്കണമെന്ന ജങ്ങളുടെ പൊതുവികാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രണ്ടു വർഷം പിടിച്ചു വച്ച ശേഷം കോടതി പരാമർശത്തിന്പിന്നാലെ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി കോടതിയോടുള്ള ധിക്കാരവും അനാദരവുമാണ്.കേന്ദ്ര ഏജൻസികളുടെ നടപടികളുടെ തുടർച്ചയാണിത്. നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഗവർണറുമാരുടെ സഹായത്തോടെ കേന്ദ്രം തടസപ്പെടുത്തുകയാണ്. ഇതിനെതിരെ രാഷ്ട്രീയ പ്രതിഷേധമുണ്ടായിട്ടും ജനാധിപത്യമര്യാദകൾ പാലിക്കാൻ ഗവർണർമാർ തയ്യാറാകുന്നില്ല.സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെ ഗൗരവമായി ബാധിക്കുന്ന തുരപ്പൻ പണികൾ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഉണ്ടാവുന്നു.. ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികളെ ബി.ജെ.പിയും പ്രതിപക്ഷ നേതാവും ന്യായീകരിക്കുകയാണ് . കോടതി സി.പി.എമ്മിന്റെ കാഴ്ചപാടുകൾക്ക് അംഗീകാരം നൽകുകയായിരുന്നു.
കണ്ണൂർ വി.സി: സർക്കാർ വാദം തള്ളിയിട്ടില്ല
കണ്ണൂർ വൈസ് ചാൻസലറുടെപുനർ നിയമനം സംബന്ധിച്ച് സർക്കാർ വാദങ്ങളൊന്നും കോടതി തള്ളിക്കളഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. വി.സി സ്ഥാനത്ത് തുടരുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ്, മെറിറ്റ്, പ്രായം, പുനർനിർണ്ണയം എന്നിവ ചോദ്യം ചെയ്‌തിട്ടില്ല. ഗവർണറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നത്.മുഖ്യമന്ത്രി ഒരു കാര്യത്തിലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് ബാഹ്യ ഇടപെടലിന്റെ ഭാഗമല്ല. അത് ചാൻസലറുമായുള്ള ആശയ വിനിമയത്തിന്റെ ഭാഗമാണ്. പരാമർശങ്ങൾ നീക്കാൻ കോടതിയെ സമീപിക്കില്ല. ഗവർണർ പറയുന്നതെല്ലാം വ്യാജമാണ്. ആർ.എസ്.എസ് മേധാവിയുടെ കടുത്ത എതിർപ്പിന് വിധേയനായിട്ടുള്ളയാളാണ് വി.സി. അതിന് കൂട്ടുനിൽക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കുന്നത്.
നവകേരള സദസിന് തദ്ദേശ സ്ഥപാനങ്ങളിൽ നിന്നുള്ള പണപ്പിരിവ് സ്റ്റേ ചെയ്ത നടപടി സർക്കാരിന് തിരിച്ചടിയല്ല. വിധിയിൽ എന്ത് വേണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |