കൊല്ലം: അബിഗേലിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതി പത്മകുമാറിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. കടം തീർക്കാൻ കുട്ടിയെ തട്ടികൊണ്ട് പോയെന്ന മൊഴി വിശ്വസനീയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിയുടെ മൊഴിയിൽ എനിക്ക് വിശ്വാസമില്ല. അഞ്ചുകോടിയുടെ കടം തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ല. പത്ത് ലക്ഷം കൊണ്ട് പ്രതിയ്ക്ക് പലിശ അടയ്ക്കാൻ കൂടി സാധിക്കില്ല. മീഡിയയിലൂടെ വാർത്ത പുറത്ത് വന്നില്ലായിരുന്നുവെങ്കിൽ കുട്ടിയുടെ കുടുംബം ഭയന്ന് കാശ് കൊടുത്തേനെ.
കേരള പൊലീസ് ഇക്കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. ഈ വാർത്ത ആദ്യം വരുന്നത് എന്റെ അടുത്താണ്. ഇത് രഹസ്യമായി പുറത്ത് പറഞ്ഞുകൊടുത്തതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഇത് ബ്ളോക്ക് ചെയ്യാൻ പറ്റുകയുള്ളൂവെന്ന് എനിക്ക് മനസിലായി. വാർത്ത വന്നാൽ ആളുകൾ അലർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാദ്ധ്യമങ്ങൾ ആണെന്ന് തോന്നിയിട്ടാണ് ഞാൻ വാർത്തയാക്കണമെന്ന് പറഞ്ഞത്. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി പറയുകയുണ്ടായി.
മീഡിയയും പൊലീസും നാട്ടുകാരും കൈകോർത്തതോടെ പ്രതികളുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവർ നാടിനെ മൊത്തം മുൾമുനയിൽ നിർത്തിക്കളഞ്ഞു. പ്രതി ആസൂത്രണം ചെയ്ത പ്ളാൻ ശുദ്ധ മണ്ടത്തരമാണ്. പ്രതി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. എന്നിട്ടും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നത് വലിയ മണ്ടത്തരമാണ്. പ്രതിയുടെ ഭാര്യയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയ്ക്ക് തൂക്കുകയർ ശിക്ഷ ലഭിച്ച വിവരമൊന്നും ഇവരറിഞ്ഞില്ലേ?
സ്വന്തമായി ആവശ്യത്തിന് സ്വത്തുണ്ടായിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനൽ പ്രവൃത്തികൾ നടത്തുന്നത്. കടബാദ്ധ്യത തീർക്കാൻ പ്രതിയ്ക്ക് വീടുവിറ്റാൽ മതി. വേറെയും ആസ്‌തികളുണ്ടെന്ന് കേൾക്കുന്നു. അതെല്ലാം വിറ്റ് കടം വീട്ടിയാൽ പോരെ? എന്തിനാണ് കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നത്? ഇനി അവർക്ക് എങ്ങനെ ജീവിക്കാനാവും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിയ്ക്ക്. ഇനി മകൾക്ക് നല്ലൊരു ജീവിതം കിട്ടുമോ? മകളുടെ ഭാവി അവർ നശിപ്പിച്ചു.
നമ്മുടെ നാട്ടിൽ എന്ത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടും. 20 വർഷം പഴക്കമുള്ള കേസ് വരെ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. പണം സമ്പാദിക്കാനോ കടം തീർക്കാനോ എളുപ്പവഴികളില്ല. അധ്വാനിക്കാതെ പണം നേടാനാവില്ല' ഗണേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |