SignIn
Kerala Kaumudi Online
Friday, 25 September 2026 10.53 AM IST

അസാം കുടിയേറ്റ വിഷയം : ബംഗ്ലാദേശും ഇന്ത്യയുമായുള്ള ചരിത്രം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

supreme-court

ന്യൂഡൽഹി : അസാം കുടിയേറ്റ വിഷയത്തിലെ മാനുഷിക വശം ചൂണ്ടിക്കാണിച്ചും,​ പൗരത്വ നിയമത്തിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചും സുപ്രീംകോടതി. ബംഗ്ലാദേശിൽ നിന്നടക്കം കുടിയേറിയവർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ 6 എ വകുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പാർലമെന്റ് സ്വീകരിച്ച മാനുഷിക നടപടിയായിട്ടാണ് നിയമത്തിലെ വ്യവസ്ഥയെ കാണേണ്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ ഇഴചേർന്നിരിക്കുന്ന വിഷയമാണ്. ബംഗ്ലാദേശിന്റെ വിമോചനത്തിൽ രാജ്യത്തിന് വലിയ പങ്കുണ്ട്. നമ്മളതിൽ ഭാഗമായിരുന്നു. അനധികൃത കുടിയേറ്റക്കാർക്കുള്ള പദ്ധതിയായി മാത്രം കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

1966 മുതൽ 71 വരെയുള്ള കുടിയേറ്റങ്ങൾ അസാമിലെ സാംസ്കാരിക സ്വത്വത്തെ ബാധിച്ചുവെന്ന ഹർജിക്കാരുടെ വാദവും കോടതി കേട്ടു. എന്നാൽ,​ ഇക്കാര്യം തെളിയിക്കുന്ന ഒന്നും കോടതിക്ക് മുന്നിലില്ലെന്ന് ചൂണ്ടിക്കാട്ടി. 5.45 ലക്ഷം പേർക്ക് പ്രത്യേക വ്യവസ്ഥ കാരണം പ്രയോജനമുണ്ടായെന്നാണ് വിവരമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 2013ന് ശേഷം വകുപ്പ് പ്രയോഗത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. 2013 വരെ എത്രപേർക്ക് പ്രയോജനം ലഭിച്ചെന്ന് അറിയിക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.

 പൗരത്വ നിയമത്തിലെ 6 എ വകുപ്പ്

കുടിയേറ്റ പ്രശ്നത്തിൽ അസാം കരാറിന്റെ ഭാഗമായി 1985ൽ കൊണ്ടുവന്നതാണ് ഈ നിയമവ്യവസ്ഥ. 1966 ജനുവരി ഒന്നിനും അതിന് ശേഷവും, 1971 മാർച്ച് 25നും മുൻപും അസാമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരന്മാർക്കുള്ള അവകാശങ്ങൾ നൽകുന്നതാണിത്. എന്നാൽ അസാമിലെ വിവിധ സംഘടനകൾ പ്രത്യേക വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CITIZENSHIP ACT SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360