SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.46 PM IST

കോളേജിൽ പഠിക്കുമ്പോൾ രേവന്തിന് ഒരു സ്വഭാവമുണ്ടായിരുന്നു, ഇന്ന് തെലങ്കാനയുടെ മുഖ്യമന്ത്രിയായി പട്ടാഭിഷേകം നടക്കുമ്പോൾ സുഹൃത്തുക്കൾ അതോർക്കുന്നുണ്ടാകും

Increase Font Size Decrease Font Size Print Page
revanth-reddy

രേവന്ത് എന്ന തെലുങ്ക് വാക്കിന്റെ അ‌ർത്ഥം സൂര്യൻ എന്നാണ്. കുതിരപ്പുറമേറി വരുന്നവൻ എന്ന് മറ്റൊരു അർത്ഥം. തെലങ്കാന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുത്തൻ സൂര്യോദയം സമ്മാനിച്ച പടത്തലൻ എന്നു കൂടി അർത്ഥം വരും ആ വാക്കിന്. കാരണം സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡി കടന്നു വന്ന ശേഷമാണ് ആ പാർട്ടി പ്രവ‌ർത്തകർ നെഞ്ചുവിരിച്ചു നിന്നുതുടങ്ങിയതും, മറ്റു പാർട്ടികളിലേക്ക് പോയവർ തിരിച്ചു വന്നതും!

ചത്ത കുതിരയാണ് കോൺഗ്രസ് എന്ന് അതുവരെ കളിയാക്കിവർ സൂര്യപ്രഭയോടെ രേവന്ത് പട നയച്ചെത്തിയപ്പോൾ ഭയന്നു. രേവന്തിന്റെ ഭൂതകാലം ചികഞ്ഞെടുത്ത് ആക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ഏറ്റില്ല. 'മാർപു കവാലി, കോൺഗ്രസ് രാവാലി (മാറ്റം വേണം,കോൺഗ്രസ് വരണം) എന്ന കോൺഗ്രസിന്റെ പൊതുമുദ്രവാക്യം വിളിക്കൊപ്പം കോൺഗ്രസ് ഗെലസ്തുണ്ടി, രേവന്ത് മുഖ്യമന്ത്രി ആയഡു (കോൺഗ്രസ് ജയിക്കും, രേവന്ത് മുഖ്യമന്ത്രിയാകും)​ എന്ന മുദ്രവാക്യം കൂടി അലയടിച്ചു.

ശരിക്കും ക്രൗഡ് പുള്ളർ ആണ് രേവന്ത്. മുന്നിൽ നിന്നു പടനയിക്കാൻ രേവന്തില്ലായിരുന്നെങ്കിൽ കോൺഗ്രസ് 60 സീറ്റും കടന്ന് ഭരണം പിടിക്കുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിനു പോലും ഉറപ്പുണ്ടായിരുന്നില്ല. നാലിൽ മൂന്നും പൊട്ടിത്തരിപ്പണമായി നിന്നിടത്ത് ഒരു തെലങ്കാന മാത്രമാണ് പാർട്ടിക്ക് പിടിവള്ളിയായത്. അപ്പോൾപ്പിന്നെ ഒരു ത‌ർക്കവുമില്ലാതെ രേവന്തിന്റെ പട്ടാഭിഷേകം നടത്തിക്കൊടുക്കുക മാത്രമായിരുന്നു ദേശീയ നേതൃത്വത്തിനു മുന്നിലെ വഴി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പാർട്ടി പ്രവ‌ർത്തകരോട് രേവന്ത് പറഞ്ഞു- 9ന് കോൺഗ്രസ് അധികാരിത്തിലേറുമ്പോൾ ആഘോഷിക്കാൻ തയ്യാറെടുത്തുകൊള്ളുക. ആത്മവിശ്വാസത്തിൽ സംശയം പ്രകടിപ്പിച്ച ചില മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു: ഞാൻ തന്നെ മുഖ്യമന്ത്രി! പിഴയ്ക്കാത്ത ആത്മവിശ്വാസമാണ് രേവന്തിന്റേത്. മുമ്പും പറഞ്ഞതൊന്നും വെറുവാക്കായിരുന്നില്ലെന്ന് മനസിലാക്കാൻ ചെറിയ ഫ്ലാഷ് ബാക്ക് മതി. കോളേജിൽ പഠിക്കുമ്പോൾ ഫുട്ബാളർ ആയിരുന്നു രേവന്ത്. എതിരാളികളുടെ ഗോൾ മുഖത്തേക്ക് ഒറ്റയ്ക്ക് ആക്രമണം നടത്തി ഗോളടിക്കാനായിരുന്നു ഇഷ്ടം. പ്രവ‌‌‌‌ർത്തനം ഏതു പാർട്ടിയിലാകണം എന്നു തീരുമാനമെടുക്കാൻ ആലോചിക്കുന്ന സമയം ആന്ധ്രയിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയോടായിരുന്നു ആരാധന. അദ്ദേഹത്തിന്റ മന്ത്രിസഭയിലെ മന്ത്രിയാകണമെന്ന ആഗ്രഹം കൂട്ടുകാരോടു പങ്കുവച്ചു.

1969 ൽ കൊണ്ടറെഡ്ഡിപ്പള്ളിയിലെ കർഷക കുടുംബത്തിൽ ജനനം. നരസിംഹറെഡ്ഡിയുടെയും രാമചന്ദ്രാമ്മയുടെയും ഏഴുമക്കളിലൊരുവൻ. രാഷ്ട്രീയ പശ്ചാത്തലമുള്ള ആരും കുടുംബത്തിൽ ഇല്ല. തെലങ്കാന രൂപീകരണത്തിനു മുമ്പ് സാക്ഷാൽ കെ.ചന്ദ്രശേഖരറാവുമായി അടുത്തു പ്രവർത്തിച്ചു. പിന്നീട് ആജന്മശത്രുവായി. ജില്ലാ പരിഷത്തിലേക്കു സ്വതന്ത്രനായി ജയിച്ചു. സ്വന്തം നിലയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ജയിച്ചതോടെ തെലുങ്കു രാഷ്ട്രീയത്തിൽ സ്വന്തം പേരുറപ്പിച്ചു.

അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി കോൺഗ്രസിലേക്കു വാതിൽ തുറന്നിട്ടെങ്കിലും തെലുഗുദേശം പാർട്ടിയിൽ ചേർന്നു. വോട്ടിനുപകരം പണം കേസിൽപ്പെട്ട് ജയിലിലായതോടെ കെ.സി.ആറിനെ മുടിക്കാൻ ഉറപ്പിച്ചു. തെലങ്കാനയിൽ ടി.ഡി.പി ക്ഷയിക്കുന്നതു കണ്ട രേവന്ത് കോൺഗ്രസിലെത്തി നാലാം വർഷം പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ആറാം വർഷം മുഖ്യമന്ത്രിയും! ആഗ്രഹിച്ചിടത്തേക്കാണ് രേവന്ത് നടന്നു കയറുന്നത്.

മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡിയുടെ മരുമകളായ ഗീതയെയാണ് രേവന്ത് റെഡ്ഡി വിവാഹം കഴിച്ചത്.

കഴിഞ്ഞ മാസം എട്ടിനായിരുന്നു രേവന്തിന്റെ 54-ാം പിറന്നാൾ. പ്രചാരണച്ചൂടിൽ ഉരുകിനിന്ന അദ്ദേഹം ഭാര്യയോടു പറഞ്ഞു: ആഘോഷം ഇന്നു വേണ്ട; ഞാൻ മുഖ്യമന്ത്രിയാകുന്ന ദിവസം മതി. അത് ഇന്നാണ്!

പഠനകാലത്ത് എ.ബി.വി.പി. പിന്നെ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയിലായിരുന്ന രേവന്ത് റെഡ്ഡി 2017-ലാണ് കോൺഗ്രസിലെത്തുന്നത്. 2021ൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്കുമെത്തി. ഇവിടെനിന്നാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ ഉയിർത്തേഴുന്നേൽപ്പിന് തുടക്കമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് അദ്ധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി രാജിവച്ചതോടെയാണ് രേവന്ത് റെഡ്ഡി നേതൃനിരയിലേക്ക് എത്തുന്നത്. ബി.ആർ.എസ് സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാൻ രേവന്ത് റെഡ്ഡി മുന്നിൽനിന്നു. ശ്രമങ്ങളൊന്നും വെറുതെയായില്ല. ഇന്ന് രേവന്തിന് പട്ടാഭിഷേകം.

TAGS: NEWS 360, NATIONAL, NATIONAL NEWS, REVANTH REDDY, TELANGANA, CONGRESS, REVANTH REDDY CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.