SignIn
Kerala Kaumudi Online
Saturday, 27 July 2024 9.24 AM IST

പിടിച്ചുഞാനവനെന്നെ കെട്ടി കൊടുത്തു ഞാനവനെനിക്ക് രണ്ട്

k

ചക്കകുഴയും പോലെ കുഴയുക എന്നത് മദ്ധ്യകേരളത്തിലെ ഒരു പഴയ പ്രയോഗമാണ്. എല്ലാംകൂടി കൂട്ടിക്കുഴച്ച് ആകെ കുളമാക്കുന്ന സാഹചര്യം വിശേഷിപ്പിക്കാനാണ് ഈ ചൊല്ല് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസനങ്ങൾ ഏതാണ്ട് ഇതിന് സമാനമാണ്. ആദ്യകാല തട്ടിക്കൂട്ട് പ്രിയദർശൻ സിനിമകളുടെ ഒരു പ്ളാറ്റ് ഫോമിലാണ് സംഭവങ്ങളുടെ പോക്ക്. ഒരു ആക്ഷേപ ഹാസ്യ രാഷ്ട്രീയ കോമാളി ചിത്രത്തിന് വേണ്ട എല്ലാവിഭവങ്ങളും ഇതിലുണ്ട്. അനുനിമിഷം ട്വിസ്റ്രുകളുണ്ടാവുന്നു എന്നതാണ് ഈ സിനിമയുടെ കഥാഗതി. അനേകം കഥാപാത്രങ്ങളുണ്ട്,​ മിക്കവരും നായകന്മാരാണ്,​ നായകന്മാരെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കോമഡി കഥാപാത്രങ്ങളുമാണ്.

കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള ചക്കളത്തിൽ പോര് തുടങ്ങിയിട്ട് കുറെനാളുകളായി. ചില വിഷയങ്ങൾ വരുമ്പോൾ രണ്ടുകൂട്ടരും തമ്മിൽ തെറ്രും. പിന്നെ മുണ്ടാനും പറയാനും ഇരുവരും നിൽക്കില്ല. കഥകളിവേഷക്കാരെ പോലെ കവിളും വീർപ്പിച്ച് കുറെ ദിവസം നടക്കും. പിന്നീട് ഒരു സുപ്രഭാതത്തിൽ രണ്ട്കൂട്ടരും ചക്കരയും തേങ്ങയുമായി മാറുകയും ചെയ്യും. കേരളത്തിലെ വിഡ്ഢികൂശ്മാണ്ഡങ്ങളായ ജനങ്ങൾ ഇതെല്ലാം കണ്ടു നിസംഗഭവത്തിൽ അവാർഡ് സിനിമയിലെ അഭിനേതാക്കളാവും. പക്ഷെ കാര്യമെന്തെന്നറിയില്ല,​ അടുത്തകാലത്ത് രണ്ട് കൂട്ടരും അൽപ്പം അകൽച്ചയിലായി. 'വേവുവോളം ഇരുന്നിട്ടും വെന്തകാച്ചിൽ കിട്ടാത്ത' നിരാശാ ബോധത്തിലായപോലെ . നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ചും പലവിധ ഒളിയമ്പുകളെയ്തും കിട്ടുന്ന അവസരങ്ങളിലെല്ലാം ഗവർണർ സർക്കാരിനെ കൊട്ടിക്കൊണ്ടിരുന്നു. ഫെഡറൽ സംവിധാനത്തിന്റെ സാങ്കേതികതകൾ നന്നായി അറിയാവുന്ന മുഖ്യമന്ത്രി അത്യാവശ്യം വേണ്ട മുൻകരുതലുകളെടുത്തുകൊണ്ട് തനിക്കാവും വിധം ഗവർണർക്ക് മറുകൊട്ടു കൊടുത്തുകൊണ്ടുമിരുന്നു.

ഗവർണർ ഉന്നയിക്കുന്ന ഓരോ വിഷയത്തിനും അളന്ന് തൂക്കി നിയമത്തിന്റെയും ചട്ടങ്ങളുടെയും മേമ്പൊടി പുരട്ടി മറുപടി നൽകാൻ ഒരുവശത്ത് പി.രാജീവ് മന്ത്രിഭടൻ. സരസ്വതീദേവി പൂണ്ട് വിളയാടുന്ന നീളൻ നാക്കിന്റെ കരുത്തും മുട്ടാപ്പോക്കുമായി വി.ശിവൻകുട്ടി മന്ത്രി മറുവശത്ത്. സി.പി.എം ന്യായീകരണ സെല്ലിന്റെ പ്രഥമനും പ്രധാനിയുമായ വ്യക്താവും താത്വികാചാര്യനുമായ എം.വി.ഗോവിന്ദൻ വേറൊരു വഴിക്ക്. കഥകളിലിങ്ങനെ പലതും പറയും അതുകേട്ടാരും പരിഭവമരുതേ എന്ന മട്ടിൽ പുത്തൻ അറിവുകൾ കേരള ജനതയ്ക്ക് സമ്മാനിക്കുന്ന ഇൻഡിഗോ ഫെയിം ജയരാജൻ നമ്പ്യാർ ഇതിനെല്ലാം പുറമെ. അങ്ങനെ മാന്തിയും ചൊറിഞ്ഞും ഗവർണറും കേരള സർക്കാരും വച്ചടി മുന്നേറുന്നതിനിടയിലാണ് ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും കേരളത്തിൽ മൂന്നാമതും ഇടതുഭരണത്തിന്റെ തുടർച്ച എന്ന സ്വപ്നം മനസിൽ താലോലിച്ചും സർക്കാരിന്റെ നവകേരള സദസ് എത്തുന്നത്.

കണ്ണൂർ കളരികളിൽ വെട്ടും തടയും പഠിച്ചവരും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ തിരുമ്മിലും മർമ്മത്തിലും പ്രാവീണ്യം നേടിയവരുമായ സഖാക്കളുടെ അകമ്പടിയിലാണ് നവകേരള സദസിന് വേണ്ടിയുള്ള ആഡംബര രഹിതമായ ബെൻസ് ബസിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയത്. അതോടെ കുറെ കെ.എസ്.യുക്കാരും യൂത്തന്മാരും കരിങ്കൊടിയും കൈയ്യിലെടുത്ത് റോഡിലേക്കുമിറങ്ങി. വേണ്ടത്ര മർമ്മാണികൾ മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പമുള്ളതിനാൽ ഈ 'ആത്മഹത്യാ സ്ക്വാഡുകളു'ടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു. തുടക്ക ജില്ലകളിൽ ഡി.വൈ.എഫ് ക്കാരാണ് ആത്മഹത്യാ സ്ക്വാഡുകാരെ കൈകാര്യം ചെയ്തതെങ്കിൽ പിന്നെപ്പിന്നെ പൊലീസും ഈ ദൗത്യം ഏറ്റെടുത്തു തുടങ്ങി. ആലപ്പുഴയിൽ കെ.എസ്.യുവിന്റെ ജില്ലാ ഭാരവാഹികളെ ജനറൽ ആശുപത്രിക്ക് സമീപം വളഞ്ഞിട്ടാണ് പൊലീസ് ജീവൻ രക്ഷിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനുൾപ്പെടെയുള്ളവർ കാറിൽ സഞ്ചരിച്ചത്. യൂണിഫോം പോലും ധരിക്കാത്ത ഗൺമാൻ ബാധകേറിയപോലെയാണ് കാറിൽ നിന്നിറങ്ങി വന്ന് എവിടെ നിന്നോ കിട്ടിയ ലാത്തി ഉപയോഗിച്ച് കെ.എസ്.യുക്കാരെ തല്ലിയത്.

രാജാക്കന്മാരോട് പ്രജകൾക്കും യജമാനന്മാരോട് വേലക്കാർക്കും ബഹുമാനവും വിധേയത്വമുണ്ടാവുക സാധാരണമാണ്. കെട്ടിയിടുന്ന പാവങ്ങളെ തല്ലികൈതരിപ്പ് മാറ്റുന്ന 'ഉണ്ണാക്കൻ' പൊലീസുകാർ കുറ്റിയറ്രുപോയെന്ന് സമൂഹം കരുതി തുടങ്ങിയ ഘട്ടത്തിലാണ് 'ആനപ്പെരുമയുടെ പേരിൽ ആനപ്പിണ്ടം വിളഞ്ഞാടും' പോലെയുള്ള സംഭവങ്ങൾ നമുക്ക് കാണേണ്ടിവരുന്നത്. പണ്ടേക്ക് പണ്ട് കേരളത്തെ പിടിച്ചുകുലുക്കിയ ഒരു രാജൻ കേസിന്റെ ചരിത്രം അഭിനവ പരാക്രമികൾ അറിഞ്ഞിട്ടുണ്ടോ ആവോ. അക്കാലത്തുമുണ്ടായിരുന്നു ഒരു മുഖ്യനും കുറെ വിധേയന്മാരും. അതിൽ ചില വിധേയന്മാരുടെ സർവീസാനന്തര ജീവിതം എങ്ങനെയായിരുന്നുവെന്നതും പരിശോധിക്കേണ്ടതാണ്. നിയമം പാലിക്കപ്പെടാനുള്ളതാണ്. ഇത് ആദ്യമോർക്കേണ്ടത് നിയമപാലകനുമാണ്.

ഇത് ഒരു വശത്ത്, കേരളത്തിലെ ഗവർണറെ നമ്മുടെ ഭാവി സഖാക്കൾ കൈകാര്യം ചെയ്ത രീതിയോ? മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാൽ ഡി.വൈ.എഫ്.ഐക്കാരനും പൊലീസും ചേർന്ന് അവരെ കൈകാര്യം ചെയ്യും. പക്ഷെ ഗവർണറെ കരിങ്കൊടി കാട്ടിയാൽ, അത് കുട്ടിസഖാക്കളാണെങ്കിൽ പൊലീസ് ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ കൈയ്യും കെട്ടി നിൽക്കും. കാര്യങ്ങൾ വശക്കേടാവുമെന്ന് തോന്നിയാൽ അനുനയിപ്പിക്കാനും തയ്യാറാവും. ആദ്യമായി സ്കൂളിൽ പോകാൻ മടിച്ചു നിൽക്കുന്ന കുട്ടിയോട് 'മിഠായി തരാം , കരയല്ലേ മോനേ' എന്ന് രക്ഷകർത്താവ് പറയും മട്ടിലാവും പൊലീസിന്റെ പെരുമാറ്റം. മോനേ, ചക്കരേ, വാ മക്കളേ എന്ന മട്ടിൽ ഒരു സമരനേതാവിനെ പൊലീസ് അനുനയിപ്പിച്ച് അറസ്റ്റ് ചെയ്യുന്ന കാഴ്ചയും നാം കണ്ടു.

ഗവർണർ സഞ്ചരിച്ച കാറിലിടിച്ചിട്ടും വഴിനീളെ കരിങ്കൊടി കാട്ടിയിട്ടും ഇതൊക്കെ ചെയ്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ ഗവർണർ കണ്ണുരുട്ടേണ്ടി വന്നു. പക്ഷെ കരിങ്കൊടി കാട്ടുന്നത് (ഗവർണറെ) ജനാധിപത്യ രീതിയിലുള്ള സമരമാണെന്നും എസ്.എഫ്.ഐ തുടർന്നും കരിങ്കൊടി കാട്ടുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുകകൂടി ചെയ്തതോടെ കുട്ടിസഖാക്കളുടെ ഊർജ്ജം പതിന്മടങ്ങായി. അതിന്റെ പ്രതിഫലനമാണ് കലിക്കറ്റ് സർവകലാശാല വളപ്പിൽ കഴിഞ്ഞ ദിവസം കണ്ടത്. പക്ഷെ ഇതൊന്നും വകവച്ചു കൊടുക്കാൻ തയ്യാറാവാതെ, ഗവർണർ വെല്ലുവിളിച്ച് പൊതുനിരത്തിലേക്ക് ഇറങ്ങിയതോടെ കുട്ടിസഖാക്കളുടെ മുഖം വിളറി. കലിക്കറ്റ് സർവകലാശാല വളപ്പിലേക്ക് ഗവർണറുടെ വാഹനം ഒരു തടസവുമില്ലാതെ കടത്തിവാടനുള്ള സൗകര്യമൊരുക്കിയാണ് പിന്നീട് കുട്ടിസഖാക്കൾ വീര്യം കാട്ടിയത്. ' പിടിച്ചുഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട്' എന്ന പരുവത്തിലായി കുട്ടിസഖാക്കളുടെ അവസ്ഥ.

ഇതു കൂടി കേൾക്കണേ

ഗവർണറെന്നത് വലിയ ആദരവോടെ സമൂഹം കാണുന്ന ഒരു പദവിയാണ്. ആ സ്ഥാനത്ത് ഇരിക്കുന്നവർ അതിന്റെ മഹത്വം നിലനിർത്താൻ ബാദ്ധ്യസ്ഥരുമാണ്. സർക്കാരുമായി എന്തെങ്കിലും ആശയക്കുഴപ്പമോ അഭിപ്രായ ഭിന്നതയോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഏറെ വഴികളുണ്ട്. ആരെയും വെല്ലുവിളിച്ച് ഗവർണർക്ക് പുറത്തിറങ്ങാം. പക്ഷെ അപ്പോഴും ശ്വാസം അടക്കിപ്പിടിച്ച് ഗവർണർക്ക് സുരക്ഷ ഒരുക്കേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഗവർണറുടെ സഞ്ചാരത്തിനിടയിൽ എന്തെങ്കിലും ദൗർഭാഗ്യകരമായി സംഭവിച്ചാൽ അതിന്റെ പേരിൽ പഴികേൾക്കേണ്ടിവരുന്നതും ശിക്ഷാ നടപടിക്ക് വിധേയരാവേണ്ടിവരുന്നതും ഈ സാധുക്കളും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.