SignIn
Kerala Kaumudi Online
Monday, 15 April 2024 5.32 PM IST

തെലങ്കാനയുടെ കാട്ടുറാണി

k

തെലങ്കാനയിലും രാജസ്ഥാനിലും പുതിയ സർക്കാരുകൾ അധികാരമേറ്റപ്പോൾ തിളങ്ങിനിന്ന പെൺമുഖങ്ങൾ രണ്ട്- ആ മുഖങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ജനാധിപത്യത്തിന്റെ വലിയൊരു കൗതുകംകൂടി തെളിഞ്ഞുവരും! ഒരിക്കൽ തെലങ്കാന കാടുകളെ വിറപ്പിച്ച മാവോയിസ്റ്റ് പെൺപുലി സീതക്ക അവിടെ മന്ത്രിയായപ്പോൾ,​ രാജസ്ഥാന്റെ രണ്ട് ഉപമുഖ്യമന്ത്രിമാരിലൊരാൾ ജയ്‌പൂരിന്റെ രാജകുമാരി ദിയാ കുമാരി. ഒരാൾ കാടിന്റെ പുത്രി; മറ്റൊരാൾ കൊട്ടാരത്തിന്റെയും...

...............................

പണ്ട് ഞാൻ തോക്കെടുത്തിട്ടുണ്ട്. അത് ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടാനായിരുന്നു. ഇപ്പോഴും ഞാൻ പോരാട്ടത്തിൽത്തന്നെയാണ്. സർക്കാരിനെ ഉപയോഗിച്ച് ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പോരാട്ടം!- മന്ത്രിയായപ്പോഴും സീതക്കയുടെ വാക്കുകളിലെ മൂർച്ചയ്ക്കു കുറവൊന്നുമില്ല. മൂന്നാം വട്ടവും മുളുഗു മണ്ഡലത്തിൽ നിന്നു വിജയിച്ചെത്തിയ പഴയ മാവോയിസ്റ്റ് പെൺപുലിയെ കാത്തിരുന്നത്

തെലങ്കാന മന്ത്രിസഭയിലെ പഞ്ചായത്ത് രാജ്, ഗ്രാമീണ വികസന, വനിത– ശിശുക്ഷേമ വകുപ്പ് മന്ത്രി സ്ഥാനം!

സീതക്ക പദവി ഏറ്റെടുത്തപ്പോൾ ജനസാഗരം ഇളകി മറിഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മന്ത്രിയെന്ന് തെലങ്കാന മുഴുവൻ അലയടിച്ച ആരവം സാക്ഷ്യപ്പെടുത്തി. പദവി ഏറ്റെടുത്ത് ഓഫീസിലെ ഉദ്യോഗസ്ഥരോടായി സീതക്ക പറഞ്ഞു. ''എന്നെ മന്ത്രിയായി കാണേണ്ട, നിങ്ങളുടെ സഹോദരിയായി കണ്ടാൽ മതി. എല്ലാ ഗ്രാമങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും ക്ഷേമം എത്തണം. അതിന് എനിക്കൊപ്പം പ്രവർത്തിക്കാൻ നിങ്ങളുണ്ടാകണം.''

സീതക്ക പറഞ്ഞാൽ പറഞ്ഞതാണ്. മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല. സീതക്ക എന്താണെന്ന് ഞങ്ങൾക്കറിയം ആ രൗദ്രഭാവവും സൗമ്യതയും ഞങ്ങൾ കണ്ടിട്ടുണ്ട്- മുളുഗുവിലെ ഓരോരുത്തരും ഇങ്ങനെയേ പറയൂ. പതിനാലാം വയസിൽ നക്സലൈറ്റായി തോക്കെടുത്ത അനസൂയ സീതക്ക മന്ത്രിയാകുമ്പോൾ മന്ത്രിസഭയിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ചുരുക്കം ചിലരിലൊരാൾ കൂടിയാണ്. അത്യുക്തികൾ നിറഞ്ഞ തെലുങ്ക് സിനിമക്കഥകളെ പോലും വെല്ലുന്നതാണ് അനസൂയയിൽ നിന്ന് സീതക്കയിലേക്കുള്ള മാറ്റം.

ഛത്തിസ്ഗഡിനോട് അതിർത്തി പങ്കിടുന്ന ജഗണ്ണപേട്ട വനപ്രദേശത്തെ ഒരു സാധാരണ ആദിവാസി കുടുംബത്തിലായിരുന്നു ദൻസരി അനസൂയയുടെ ജനനം. കുടുംബത്തിലെ ഏറ്റവും ഇളയ മകൾ. അനസൂയ ഉൾപ്പെടുന്ന ഗട്ടികോയ എന്ന ആദിവാസി വിഭാഗം കടുത്ത സാമ്പത്തിക, സാമൂഹിക അവഗണകൾ നേരിടുന്ന എഴുപതുകളിലാണ് അനസൂയയുടെ ബാല്യം. സർക്കാരുകളിൽ നിന്നും ഭൂപ്രഭുക്കന്മാരിൽ നിന്നും കടുത്ത അവഗണന നേരിടുന്ന ആദിവാസികൾക്ക് ധൈര്യം നൽകിയത് നക്സൽ നേതാക്കളായിരുന്നു. നീതി കിട്ടണമെങ്കിൽ തോക്കെടുക്കണമെന്ന ചിന്ത അനസൂയേയും നയിച്ചു.

മുളുഗു ഗവ. ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അനസൂയ നക്സൽ പ്രസ്ഥാനത്തിനൊപ്പം ചേർന്ന് കാടുകയറി. അനസൂയയുടെ സഹോദരൻ ശംഭയ്യ നേരത്തേ തന്നെ നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒളിവുകാല ജീവിതത്തിൽ സ്വീകരിച്ച പേരാണ് സീത. മാവോയിസ്റ്റ് നേതാക്കന്മാരെ അണ്ണാ... എന്നു വിളിച്ച ജനം. സീതയെ സീതക്കാ എന്നും വിളിച്ചു. 'ജനശക്തി' നക്സൽ പ്രസ്ഥാനത്തിൽ ഒപ്പം പ്രവ‌ർത്തിച്ച രാമുവിനെ വിവാഹം കഴിച്ചു. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അനസൂയ ഗർഭിണിയാണ്. കുറച്ചുനാളത്തെ ജയിൽവാസത്തിനു ശേഷം കാട്ടിലേക്കു തന്നെ തിരികെപ്പോന്നെങ്കിലും പ്രസ്ഥാനവും കാനനവാസവും കുഞ്ഞിനെ വളർത്തലും ഒന്നിച്ചു കൊണ്ടുപോകാനാവാത്തതിനാൽ രണ്ടു മാസം പ്രായമുള്ള മകൻ സൂര്യയെ ദത്തു നൽകേണ്ടി വന്നു. അനസൂയ്ക്ക് അന്ന് പ്രായം 20!

ഇരുപത്തഞ്ചാം വയസ്സിൽ പൊലീസ് വെടിവയ്പിൽ പരുക്കേറ്റിട്ടും ചോരയൊലിച്ച ശരീരവുമായി, തന്റെ സംഘത്തിൽപ്പെട്ട പത്തു പേരെയും സുരക്ഷിത തീരത്തെത്തിച്ച നക്സലൈറ്റ് കമാൻഡർ സീതക്ക

മാസ് ഹീയോയിൽ ആയി. അടുത്ത വർഷം സർക്കാരിന്റെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി സീതക്ക കീഴടങ്ങി.

സംഘടന പലതായി വിഭജിക്കപ്പെടുകയും പരസ്പരം പോരടിക്കുകയും ചെയ്തതോടെയായിരുന്നു അനസൂയുടെ മനംമാറ്റം. ഭർത്താവിനെയും സഹോദരനെയും പിന്നീടുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ അവർക്ക് നഷ്ടമായി.

അനസൂയ വീണ്ടും

ജനിക്കുന്നു

കീഴടങ്ങലിനു ശേഷം മൂന്നു മാസം ജയിലിൽ. പുറത്തിറങ്ങിയ സീതക്ക ആദിവാസികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യാക്ഷി എന്ന എൻ.ജി.ഒയിൽ പ്രവ‌ർത്തിച്ചു. പത്തിൽ നിറുത്തിയ പഠനം പുനരാരംഭിച്ചു. നിയമ ബിരുദം നേടി. ആദിവാസികളെ കള്ളക്കേസിൽ കുടുക്കുന്നത് എങ്ങനെയെന്ന് കണ്ടുപരിചയമുള്ള സീത തന്റെ നിയമ ബിരുദം ഉപയോഗിച്ചതും ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി. അതു മാത്രം മതിയാകില്ലെന്നു വന്നതോടെ രാഷ്ട്രീയത്തിലേക്കിറങ്ങി.

2004-ലാണ് തെലുങ്കു ദേശം പാർട്ടി ടിക്കറ്റിൽ സീതക്കയുടെ ആദ്യമത്സരം. അന്നു തോറ്റെങ്കിലും

2009-ൽ വീണ്ടും ടി.ഡി.പി സ്ഥാനാ‌ർത്ഥിയായി മത്സരിച്ച് വിജയിച്ചു. 2014-ൽ വീണ്ടും ടി.ഡി.പി സ്ഥാനാർഥി. തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള ആ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിക്ക് ഒപ്പമായിരുന്നു ജനം. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മുളുഗു മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം സീതക്കയുണ്ടായിരുന്നു.

2018-ൽ വിജയിച്ചത് കോൺഗ്രസ് ടിക്കറ്റിൽ. ഇപ്പോൾ ഭൂരിപക്ഷം 33,700 ആയി ഉയർത്തിയാണ് സീതക്ക മന്ത്രിപദത്തിലേക്ക് നടന്നുകയറിയത്. കഴിഞ്ഞ വ‌ർഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടുമ്പോൾ പ്രായം 51. താൻ കൂടി ഉൾപ്പെടുന്ന ഗട്ടികോയ ആദിവാസി വിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥായിരുന്നു ഗവേഷണ വിഷയം. അന്നു മുതൽ പേര് ഡോ. ദനസരി അനസൂയ എന്നായി.

(ബോക്സ്)

ഇനിയുമേറെ

ചെയ്യാനുണ്ട്

മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒന്നു പ്രതീക്ഷിച്ചല്ല, എന്റെ പ്രവൃത്തി. എന്റെ ജനത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ വേണ്ടി ഏതറ്റംവരേയും പോകും. കുട്ടിക്കാലത്ത് ഞാനൊരിക്കലും നക്സലൈറ്റാകുമെന്ന് കരുതിയതല്ല. നക്സലൈറ്റായിരിക്കുമ്പോൾ അഭിഭാഷകയാകുമെന്നും. അഭിഭാഷകയായിരുന്ന കാലത്ത് എം.എൽ.എയാകുമെന്ന സ്വപ്നവും ഉണ്ടായിരുന്നില്ല. പിന്നീട് പിഎച്ച്.ഡി എടുക്കുമെന്നും കരുതിയതല്ല. എല്ലാം സാധിച്ചില്ലേ.

സ്വന്തം നാട്ടിൽ മന്ത്രിയായി മടങ്ങിയെത്തിയപ്പോഴുള്ള സ്വീകരണം?

നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ആളുകൾ പുഞ്ചിരിയോടെ എന്നെ സ്വീകരിക്കുന്നു. അവർ എന്നിൽ സന്തുഷ്ടരാണ്. പക്ഷേ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഞാൻ ഒരു എതിരാളിയായ പാർട്ടിയായതിനാൽ ബി.ആർ.എസ് സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ട് മുളുഗുവിൽ കൂടുതൽ വികസനം ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി ഇവിടെ മാത്രമല്ല,​ എല്ലാ പിന്നാക്ക പ്രദേശങ്ങളിലെ ജനങ്ങളുടെ കഷ്ടതയ്ക്കും അറുതിവരുത്തും. എനിക്കെതിരെ മത്സരിച്ച നാഗജ്യോതിയെ ഞാൻ എതിരാളിയായി കണ്ടില്ല, എന്റെ എതിരാളികൾ കെ.സി.ആറും മക്കളുമായിരുന്നു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കില്ലെന്ന് ബി.ആ‌ർ.എസ് നേതാവ് കെ.ടി.രാമറാവു പറയുന്നു?

ബി.ആർ.എസ് അല്ല കോൺഗ്രസ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടം ഘട്ടമായി നമ്മൾ നടപ്പിലാക്കുന്നത് ബി.ആർ.എസ് കാത്തിരുന്നു കാണണം. അധികാരം നഷ്ടപ്പെട്ടതിന്റെ വേദന അവർക്കുണ്ടെന്നത് മനസ്സിലാക്കാം. പക്ഷെ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകതന്നെ ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.