SignIn
Kerala Kaumudi Online
Saturday, 27 July 2024 9.51 AM IST

സ്വപ്നങ്ങളിലെ മേഘരൂപം, ക്രിസ്തുവില്ലാത്ത ഒരു ജീവിതം ആർക്കാണുള്ളത് !

k

ക്രിസ്തുവിനെക്കുറിച്ചുള്ള എന്റെ എല്ലാ ഓർമ്മകൾക്കും മീതെ,​ ഒരു മേഘത്തിന്റെ ഇതൾ തൂങ്ങിനിൽക്കുന്നത് എന്തുകൊണ്ടെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇപ്പോഴും,​ എഴുത്തുമേശമേൽ ഈ കുറിപ്പിനു മീതെ,​ ആകാശത്തുനിന്ന് പെട്ടെന്ന് ഇറങ്ങിവന്നതുപോലെ ആ മേഘത്തുണ്ട്. ക്രിസ്തുവിനെക്കുറിച്ച് എഴുതുമ്പോൾ മാത്രമല്ല,​ സ്വപ്നത്തിൽ ഞാൻ ക്രിസ്തുവിനെ അറിയുന്ന രാനിമിഷങ്ങളിൽപ്പോലും,​ പതിയെ കണ്ണുകളുടെ ജാലകം തുറക്കുമ്പോൾ മുറിക്കുള്ളിൽ ഒരു മേഘത്തണുപ്പുണ്ടാകും. അത് എന്നെ തൊട്ടുകൊണ്ടിരിക്കും. അപ്പോൾ ഞാൻ അഭയമെന്ന വാക്കിന്റെ അർത്ഥം ഓരോതവണയും തിരിച്ചറിയും.

കുട്ടിക്കാലത്ത് ഇലഞ്ഞി പള്ളിയിൽ, മദ്ബഹയോടു ചേർന്ന് സ്ഥാപിച്ചിട്ടുള്ള ക്രിസ്തുവിന്റെ ക്രൂശിതരൂപം ഞാൻ കണ്ണെടുക്കാതെ നോക്കിനിൽക്കുമായിരുന്നു. ആ രൂപം എന്നെ എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വേദപാഠ ക്ളാസിൽ ചേർന്നു പഠിക്കുമ്പോഴും,​ അതിനു ശേഷം ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോഴും ക്രിസ്തുവിനെ ഞാൻ അടുത്തറിഞ്ഞു. അത്,​ സ്നേഹമെന്തെന്ന് എനിക്ക് പറഞ്ഞുതന്നു. പാപികൾക്കും അശരണർക്കും ദു:ഖിതർക്കും വേണ്ടി ജീവിക്കുകയും കുരിശിൽ മരിക്കുകയും ചെയ്ത ക്രിസ്തു എന്നെ എന്തെന്നില്ലാതെ ആകർഷിച്ചു. ആകർഷിച്ചു എന്നാണോ ശരിക്കും പറയേണ്ടതെന്ന് എനിക്കറിയില്ല. അതെന്നെ ഒരേസമയം വേദനിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്നു മുതൽ ഞാൻ ക്രിസ്തുവിനോടൊപ്പമാണ് ജീവിക്കുന്നത്.

വേശ്യയെ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു അന്നത്തെ നിയമം. മഗ്ദലനയിലെ മറിയത്തെ കല്ലെറിയുന്ന ജനക്കൂട്ടത്തോട്,​ അരുത്,​ അവളെ കല്ലെറിയരുത് എന്ന് ക്രിസ്തു പറഞ്ഞു. ആൾക്കൂട്ടത്തിന്റെ കൈകളിൽ നിന്ന് കല്ലുകൾ താഴെ വീണു. ക്ഷോഭിക്കാതെയും കയർക്കാതെയും പറഞ്ഞൊരു വാക്യത്തിന് ആജ്ഞാശക്തി കൈവന്നത് എവിടെനിന്നാണ്?​ സങ്കടം കടിച്ചൊതുക്കി നിൽക്കുന്ന മറിയത്തോട് ക്രിസ്തു പറഞ്ഞു: സങ്കടപ്പെടേണ്ട; നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. മറിയം ക്രിസ്തുവിനെ തൊഴുതു മടങ്ങി.

മഹാസങ്കടങ്ങളുടെ കഥകൾ ഞാൻ ഒരുപാടെഴുതിയിട്ടുണ്ട്. എഴുത്തുമുറിയിൽ,​ ഏകാന്തധ്യാനത്തിന്റെ വാൾത്തലപ്പിലിരുന്ന് ഞാൻ ക്രിസ്തുവിനോട് ചോദിച്ചിട്ടുണ്ട്: നിന്റെ സങ്കടങ്ങളിൽ എന്റെ സങ്കടങ്ങളെന്ത്! സങ്കടം എന്നാൽ എന്താണെന്ന് ഞാൻ ഏറ്റവുമധികം ആലോചിച്ചത് ഒരു സങ്കീർത്തനം പോലെയുടെ എഴുത്തുസമയത്താണ്. ദാരിദ്ര്യമാണോ,​ മരണമാണോ,​ തിരസ്കരണമാണോ.... എന്താണ് സങ്കടം?​ ക്രിസ്തുവിനെക്കുറിച്ച് ഓർക്കുന്നതു പോലെ തന്നെ ഞാൻ ബുദ്ധനെക്കുറിച്ചും ഓർക്കും. ഇവർ തമ്മിലെന്ത്?​ ക്രിസ്തുവിൽ ബുദ്ധനെയും,​ ബുദ്ധനിൽ ക്രിസ്തുവിനെയും കാണുന്നതും എനിക്കിഷ്ടമാണ്. ക്രിസ്തുവും ബുദ്ധനുമില്ലാതെ മനുഷ്യന് ജീവിക്കാനാകില്ലെന്നും തോന്നിയിട്ടുണ്ട്.

പാപികളോടും ദു:ഖിതരോടും അളവറ്റ സ്നേഹത്തോടെ ഇടപെടുന്നയാളായിരുന്നു ക്രിസ്തു. ഒരിക്കൽ മാത്രമേ ക്ഷുഭിതനായി ക്രിസ്തുവിനെ ഞാൻ കണ്ടിട്ടുള്ളൂ. പള്ളി,​ കച്ചവടകേന്ദ്രമാക്കുന്നവർക്കെതിരെ ക്രിസ്തു ക്ഷോഭിച്ചു: അരുത്,​ പിതാവിന്റെ ആലയം കച്ചവട കേന്ദ്രമാക്കരുത്. അത് സങ്കടപ്പെടുവാനും പാപമോചനത്തിനായി പ്രാർത്ഥിക്കാനുമുള്ള ഇടമാണ്. മറുമലയിൽ പോയിരുന്ന്,​ പാപികൾക്കും ദു:ഖിതർക്കും അശരണർക്കും വേണ്ടി പ്രാർത്ഥിച്ച ക്രിസ്തു ഒരു മഹാമാതൃകയാണ്. മരിച്ചുകിടക്കുന്ന പെൺകുട്ടിയുടെ അടുത്തുചെന്ന്,​ ക്രിസ്തു അവളുടെ നെറ്റിയിൽ കൈതൊട്ടപ്പോൾ ആഴമേറിയ ഒരു ഉറക്കത്തിൽനിന്നെന്ന പോലെ അവൾ കണ്ണുതുറന്നു. ഏതു ദു:ഖിതന്റെയും തോളിൽ കൈയിട്ട് അനുതാപത്തോടെ അവനെ ചേർത്തുപിടിച്ച് ക്രിസ്തു നടന്നു. സ്നേഹംകൊണ്ടും അനുതാപംകൊണ്ടും ജീവിതത്തെ വിശുദ്ധീകരിക്കുകയാണ് ക്രിസ്തു ചെയ്തത്.

എനിക്ക് എൺപത്തിയഞ്ചു കഴിഞ്ഞു. വായനയ്ക്കും എഴുത്തിനും കുറവില്ലെങ്കിലും യാത്രകൾ അധികമില്ല. കാഴ്ചക്കുറവില്ലെങ്കിലും കണ്ണിൽനിന്ന് എപ്പോഴും വെള്ളംവരും. വെളിച്ചത്തിലേക്കു നോക്കാൻ ബുദ്ധിമുട്ട്. എന്റെ മുറിയിലാണെങ്കിൽ,​ ജനാലവിരിയുടെ തടസ്സം വകഞ്ഞുമാറ്റി രാവിലത്തെ വെയിൽ നേരെ കട്ടിലിൽ എനിക്കൊപ്പം വന്നിരിക്കും. ഞാൻ കണ്ണുകളടച്ചിരിക്കും. കണ്ണീർവരുന്നത് ഇടയ്ക്കിടെ തുടച്ചുകൊണ്ടിരിക്കും. കണ്ണീർഗ്രന്ഥികൾ വറ്റിപ്പോകുന്ന ഒരു അസുഖമുണ്ടത്രേ! അതിനേക്കാൾ എത്രയോ സുഖമുള്ളതാണ് കണ്ണീർ വന്നുകൊണ്ടിരിക്കുകയെന്നത്. ഇങ്ങനെ കണ്ണടച്ചിരിക്കുമ്പോഴാണ് ക്രിസ്തു പിന്നെയും പിന്നെയും എനിക്കൊപ്പം നടക്കുന്നത്. അതോ,​ ഞാൻ ക്രിസ്തുവിനൊപ്പം നടക്കുന്നതോ?​

ഞാൻ കണ്ട ഒരു സ്വപ്നമുണ്ട്. അനാഥനും ഏകാകിയുമായ ഞാൻ നടന്നുതളർന്ന് വഴിവക്കിലെ കല്ലിന്മേൽ ചാരിയിരിക്കുന്നു. അവശനായ എന്റെ ഇരിപ്പു കണ്ട് അതുവഴി വന്നയാൾ എന്നെ തൊട്ടു. ഞാൻ കണ്ണടച്ചിരിക്കുകയായിരുന്നു. തീപോലുള്ള വെയിലായിരുന്നെങ്കിലും ഒരു തണുത്ത മേഘം വന്നുതൊടുന്നത് ഞാൻ അറിഞ്ഞു. ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കൈവെള്ളയിൽ ചോരയൊലിക്കുന്ന ആണിപ്പാട്. ക്രിസ്തു എന്നെ ചേർത്തുപിടിച്ച് നടന്നു. അത് കേവലമൊരു സ്വപ്നമാണെന്നു വിചാരിക്കാൻ എനിക്കു കഴിയുന്നില്ല. ഇപ്പോൾ ഞാൻ ക്രിസ്തുവിനൊപ്പം സഞ്ചരിക്കുന്നു. ക്രിസ്തുവിനോടൊപ്പമല്ലാതെ എനിക്കൊരു ജീവിതമില്ല.

ഒരിക്കൽ ഇസ്രയേലിൽ പോയപ്പോൾ കാൽവരി മല കയറാൻ പോയി. യേശു ചുമന്നുനടന്ന വലിയ മരക്കുരിശിന്റെ കീഴറ്റം വഴിയിൽ ഉരഞ്ഞതിന്റെ പാടു തിരഞ്ഞാണ് ഞാൻ നടന്നത്. യേശു നടന്ന വഴി. അത് സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രാർത്ഥനയുടെയും വഴിയാണ്. കുരിശിൽക്കിടന്ന് ജീവൻ പിടയ്ക്കുമ്പോഴും പിതാവേ,​ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് പൊറുക്കേണമേ എന്നാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ക്രിസ്തുവിനെ ക്രൂശിച്ച സ്ഥലത്ത് ഞാൻ മുട്ടുകുത്തി. ആ മണ്ണിൽ പതിയെ ചുംബിച്ചു. ശിരസ്സിൽ ആരോ കൈവച്ചതു പോലെ എനിക്കു തോന്നി. അത് ക്രിസ്തുവായിരുന്നു. വെറുമൊരു തോന്നലാണെങ്കിലും തീക്ഷ്ണമായ ഒരനുഭവമായിട്ടാണ് ഞാൻ അതിനെ ഉൾക്കൊള്ളുന്നത്.

ക്രിസ്തുവില്ലാതെ ജീവിക്കാനൊക്കുകയില്ലെന്ന് ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്. രണ്ടുപേരും ജീവിതത്തിന്റെ മഹാസങ്കടങ്ങളുടെ കടൽതുഴഞ്ഞു പോയവരാണ്. അത്തരം മനുഷ്യരെല്ലാം ആ കടൽനടുവിൽ എവിടെവച്ചെങ്കിലും ഒന്നിലധികം തവണ ക്രിസ്തുവിനെ കണ്ടിട്ടുണ്ടാകും. ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നുണ്ട്. ഓർമ്മിക്കുമ്പോഴെല്ലാം,​ ആകാശത്തുനിന്ന് അപ്പോൾ ഇറങ്ങിവന്നതുപോലെ ആ വെൺമേഘത്തുണ്ട് എന്നെ പൊതിഞ്ഞുനിൽക്കുന്നു. ക്രിസ്തുവില്ലാതെ എനിക്കൊരു ജീവിതമില്ല,​ അല്ലെങ്കിൽ,​ ക്രിസ്തുവില്ലാത്ത ഒരു ജീവിതം ആർക്കാണുള്ളത്!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.