ഏറെ ശ്രമകരം
തിരുവനന്തപുരം: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ-1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കൽപ്പിക ബിന്ദുവിലെത്തുന്ന നിർണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് നടക്കും. ഇതിനായി പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിക്കും.
സാങ്കൽപിക ബിന്ദുവായതിനാൽ കണക്കുകൂട്ടലുകൾക്കാണ് പ്രാധാന്യം. തെറ്റിയാൽ പേടകം കൈവിട്ടുപോകും. ഒരിക്കൽ പിഴച്ചാൽ പലതവണ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകത്തെ നിർദ്ദിഷ്ട സ്ഥാനത്ത് എത്തിക്കണം. അത് ഏറെ ശ്രമകരമാണ്. ഇതിനിടെ കരുതൽ ഇന്ധനം തീർന്നാലും പ്രതിസന്ധിയുണ്ടാകും. നിർദ്ദിഷ്ട ബിന്ദുവിലെത്തിയാൽ പേടകം അവിടെ ദീർഘവൃത്ത ഹാലോ ഭ്രമണപഥം തീർക്കും. പിന്നീട് ഇന്ധനം വേണ്ട.
സൂര്യന് നേരെ സദാസമയവും നിൽക്കുമെന്നതിനാൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സോളാർ എനർജി മതിയാകും. ഭൂമിക്കൊപ്പം സൂര്യനെ വലംവയ്‌ക്കുന്നതിനാൽ ഭൂമിയിൽ നിന്നുള്ള നിയന്ത്രണം നഷ്ടപ്പെടുകയുമില്ല. ബുധനാഴ്ച ആദിത്യ എൽ-1 124 ദിവസത്തെ ബഹിരാകാശ യാത്ര പൂർത്തിയാക്കി.
സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകർഷണം സന്തുലിതമായ അഞ്ച് സ്ഥാനങ്ങളാണ് ലെഗ്രാഞ്ച് പോയിന്റുകൾ. ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലെഗ്രാഞ്ച് ആണ് കണ്ടെത്തിയത്. സൂര്യനെ തടസ്സങ്ങളില്ലാതെ വീക്ഷിക്കാവുന്ന സ്ഥാനമാണിത്. അഞ്ചു വർഷമാണ് ആദിത്യയുടെ കാലാവധി.
സൂര്യനെ പഠിക്കാൻ
ആദിത്യയിൽ ഇവ
എമിഷൻ കൊറോണ ഗ്രാഫ്, അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, ലോ എനർജി, ഹൈ എനർജി എക്സ്റേ സ്പെക്ട്രോമീറ്ററുകൾ എന്നിവ ദീർഘദൂര നിരീക്ഷണത്തിന്
സൗരവാത കണികാ അനലൈസർ, പ്ളാസ്മാ അനലൈസർ,ഹൈ റെസൊല്യൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റർ എന്നിവ പരിസര നിരീക്ഷണത്തിന്
അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് സൂര്യന്റെ പൂർണ്ണമായ ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഭൂമിയിലേക്ക് അയച്ച് ചരിത്രം കുറിച്ചിരുന്നു
സൗരവാതങ്ങൾ, റേഡിയേഷനുകൾ,സൂര്യനിൽ നിന്നുള്ള മറ്റ് ശാക്തിക സ്ഫുരണങ്ങൾ, ഇവ ഭൂമിയുടെ കാന്തികവലയത്തിലുണ്ടാക്കുന്ന മാറ്റം എന്നിവ ആദിത്യ പഠിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |