SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

ചരിത്രപുരുഷൻ

c

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ ഉറഞ്ഞുതുള്ളിയ ജാതിക്കോമരങ്ങൾക്കും അന്നു നിലവിലിരുന്ന ജാതിജന്യമായ വിവേചനങ്ങൾക്കും എതിരെ ഒറ്റയാൾ പോരാട്ടം നയിച്ച ധീര രക്തസാക്ഷി ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ 150-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്.

1825ൽ ജനിച്ച് 1874-ൽ 49-ാം വയസിൽ രക്തസാക്ഷിയായ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 150-ാം രക്തസാക്ഷിത്വദിനമാണ് ഇന്ന്. 19-ാം നൂറ്റാണ്ട്, കേരളത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു. ഈ ജാതിക്കോമരങ്ങൾക്കും അന്നു നിലവിലിരുന്ന ജാതിജന്യമായ വിവേചനങ്ങൾക്കും എതിരെ ഒറ്റയാൾ പോരാട്ടം നയിച്ച് രക്തസാക്ഷിയായ ധീരനാണ് ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ. അനീതികൾക്കെതിരെ അദ്ദേഹം നിരന്തരം നടത്തിയ പടയോട്ടങ്ങളുടെ ധീരസാഹസിക കഥകൾ ഇന്നും മദ്ധ്യതിരുവിതാംകൂറിന്റെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കുന്നു.

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ വില്ലേജിൽ പ്രസിദ്ധമായ കല്ലിശേരി തറവാട്ടിൽ 1825 ജനുവരി 11-ാം തീയതിയാണ് വേലായുധപ്പണിക്കർ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽതന്നെ അച്ഛനും അമ്മയും മരിച്ച വേലായുധപ്പണിക്കർ, അപ്പൂപ്പൻ വലിയകടവിൽ പെരുമാൾ ചേകവരുടെ സംരക്ഷണത്തിലാണ് വളർന്നത്. ധാരാളം സ്വത്തുക്കളും കളരി പാരമ്പര്യവുമുണ്ടായിരുന്ന കല്ലിശേരി തറവട്ടിലെ ഏക അവകാശിയായിരുന്ന വേലായുധൻ, അപ്പൂപ്പന്റെ മരണശേഷം തറവാടിന്റെ ഭരണം ഏറ്റെടുത്തു. കളരിപ്പയറ്റും കുതിരസവാരിയും അദ്ദേഹം അഭ്യസിച്ചിരുന്നു.

1845ൽ, തന്റെ 20-ാം വയസ്സിൽ, പ്രസിദ്ധമായ വാരണപ്പള്ളി തറവാട്ടിലെ വെളമ്പിപ്പണിക്കത്തിയെ അദ്ദേഹം വിവാഹം കഴിച്ചു. ആ ദമ്പതികൾക്ക് ഏഴ് പുത്രന്മാർ ജനിച്ചു. ക്ഷേത്രങ്ങളിൽ അവർണ്ണർക്ക് പ്രവേശനം നിഷേധിച്ചിരുന്ന, ക്ഷേത്ര പരിസരത്തുകൂടി വഴി നടക്കാൻ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത്, 1852ൽ ആറാട്ടുപുഴ മംഗലത്ത്, തന്റെ സ്വന്തം ഭൂമിയിൽ ഒരു ശിവക്ഷേത്രം സ്ഥാപിച്ച്, അബ്രാഹ്മണനായ മാവേലിക്കര മറ്റം വിശ്വനാഥ ഗുരുക്കളെക്കൊണ്ട് പ്രതിഷ്ഠ നടത്തിച്ച്, ജാതി മത ഭേദമന്യേ എല്ലാവർക്കും പ്രവേശനം നൽകിക്കൊണ്ട് അദ്ദേഹം തന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇങ്ങനെ ഒരു ശിവക്ഷേത്രം സ്ഥാപിച്ചതിനെതിരെ സവർണരിൽ പലരും അരിശം കൊണ്ടെങ്കിലും, വേലായുധപ്പണിക്കരെ എതിർക്കുവാനുള്ള തന്റേടം ആർക്കുമുണ്ടായില്ല.

അവർണ സ്ത്രീകൾ മേൽമുണ്ട് ധരിക്കുന്നത് വിലക്കിയ സവർണ പ്രമാണിമാരുടെ ധിക്കാരത്തിനെതിരെ പണിക്കർ 1858ൽ കായംകുളം കമ്പോളത്തിൽ നടത്തിയ ഏത്താപ്പ് (മേൽമുണ്ട്) സമരവും അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൽ നടന്ന ചാന്നാർ ലഹളയും, സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശം 1859ലെ രാജകീയ വിളംബരത്തിലൂടെ നേടിയെടുക്കുന്നതിന് പ്രേരകമായി.

1859ൽ പത്തിയൂരിൽ, ഉടുമുണ്ട് കാൽമുട്ടിന് താഴ്‌വശം കണങ്കാൽവരെ നീട്ടിയുടുത്ത് നടന്നതിന്, സവർണ പ്രമാണിമാർ ഒരു അവർണ സ്ത്രീയെ അധിക്ഷേപിക്കുകയും, മുണ്ടിൽ മുറുക്കിത്തുപ്പുകയും ചെയ്തു. ഹീനമായ ഈ സംഭവം ആ വിപ്ളവകാരിയെ ക്ഷുഭിതനാക്കി. ഇതിനെതിരെ പ്രതിഷേധിക്കാൻ അവർണവിഭാഗത്തിലെ എല്ലാ തൊഴിലാളികളോടും ജന്മിമാരുടെ കൃഷിപ്പണികൾ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാസങ്ങളോളം ഈ ബഹിഷ്കരണം തുടർന്നപ്പോൾ ജന്മിമാരുടെ കൃഷിപ്പണികൾ അവതാളത്തിലായി. അവർ ചെയ്ത തെറ്റിന് പരസ്യമായി മാപ്പുപറഞ്ഞതിനു ശേഷമാണ് ഈ പണിമുടക്ക് സമരം അവസാനിച്ചത്. അച്ചിപ്പുടവ സമരം എന്നും ഈ സമരം അറിയപ്പെട്ടു. അങ്ങനെ കേരള ചരിത്രത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം പൂർണ വിജയം നേടി.

1860ൽ പന്തളത്ത് സ്വർണ മൂക്കുത്തി ധരിച്ചുനടന്ന ഒരു അവർണ സ്ത്രീയുടെ മൂക്കുത്തി ബലപ്രയോഗത്തിലൂടെ വലിച്ചെടുത്ത് നിലത്തിട്ട് ചവിട്ടി അരച്ച സവർണ പ്രമാണിമാർക്കെതിരെ, ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ എല്ലാ സ്ത്രീകൾക്കും മൂക്കുത്തി വിതരണം ചെയ്തു. അവർ അത് ധരിച്ച് നടത്തിയ മൂക്കുത്തി സമരത്തിനുശേഷം മൂക്കുത്തി ധരിക്കുന്നവരെ അപമാനിക്കാൻ പിന്നീട് ആരും ധൈര്യപ്പെട്ടില്ല.

ഇതെല്ലാം അന്ന് അവർണ സ്ത്രീകൾക്കു നേരെ നടന്ന ആക്രമണങ്ങൾക്കും അനീതികൾക്കും എതിരെ നടത്തിയ ഐതിഹാസിക സമരങ്ങളായിരുന്നു.

1869ൽ, മുറജപത്തിനായി തിരുവനന്തപുരത്തേക്ക് വഞ്ചിയിൽ യാത്രചെയ്ത തന്ത്രിമുഖ്യൻ തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ പൂജാവിഗ്രഹമായ സാളഗ്രാമം കായംകുളം കായലിൽവച്ച് അക്രമികൾ തട്ടിയെടുത്തു. ഈ സാളഗ്രാമം വീണ്ടെടുക്കാൻ പൊലീസിനും ഉദ്യോഗസ്ഥർക്കും കഴിയാതെ വന്നപ്പോൾ, ആയില്യം തിരുനാൾ മഹാരാജാവ് ഈ ചുമതല ആറാട്ടുപുഴ വേലായുധപ്പണിക്കരെ ഏൽപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ, അക്രമികളെ പിടിച്ചുകെട്ടി സാളഗ്രാമവുമായി മഹാരാജാവിന്റെ മുന്നിലെത്തിയ വേലായുധപ്പണിക്കരെ, ഈ ധീരകൃത്യത്തിന് വീരശൃംഖല നൽകിയാണ് മഹാരാജാവ് അഭിനന്ദിച്ചത്.

ഒരു കേസിന്റെ ആവശ്യത്തിന് രാവിലെ കൊല്ലത്ത് എത്തുന്നതിനായി തലേരാത്രിയിൽ തണ്ടുവച്ച ബോട്ടിൽ കല്ലിശേരിയിൽ നിന്നും യാത്രതിരിച്ച വേലായുധപ്പണിക്കർ രാത്രിയിൽ ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. ബോട്ട് കായംകുളം കായലിൽ എത്തിയപ്പോൾ, ഒരു കേവുവള്ളത്തിൽ വന്നവർ പണിക്കരെ അത്യാവശ്യമായി ഒരു കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞ് ബോട്ടിൽ കയറി. അതിൽ തൊപ്പിയിട്ട കിട്ടൻ എന്ന കുലദ്രോഹി പണിക്കർ ഉറങ്ങിക്കിടന്ന അറയിൽ കയറി ഒളിപ്പിച്ചുവച്ച കഠാര ആ ഉറങ്ങുന്ന സിംഹത്തിന്റെ വിരിമാറിൽ നിഷ്‌കരുണം കുത്തിയിറക്കി. അലറിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച വേലായുധപ്പണിക്കരെ കണ്ട് പേടിച്ച അക്രമികൾ വെള്ളത്തിൽ ചാടി, അവർ വന്ന വള്ളത്തിൽ നീന്തിക്കയറി രക്ഷപ്പെട്ടു. അങ്ങനെ 1874 ജനുവരി 8ന് അർദ്ധരാത്രികഴിഞ്ഞ സമയം, തന്റെ 49-ാം വയസ്സിൽ ആ പുരുഷ കേസരി ആ കിടപ്പിൽത്തന്നെ അന്ത്യശ്വാസം വലിച്ചു.

കേരളത്തിലെ ചരിത്രകാരൻമാർ അവഗണിച്ച ആറാപ്പുഴ വേലായുധപ്പണിക്കർ, ഇന്നും ജനങ്ങളുടെ ധീരപുരുഷനാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിന് നാട്ടുകാർ ഒരു അർദ്ധകായ വെങ്കല പ്രതിമ നിർമ്മിച്ച് 2020 ഫെബ്രുവരി 9ന് ആറാട്ടുപുഴ മംഗലത്ത് സ്ഥാപിക്കുകയുണ്ടായി.

ആറാട്ടുപുഴ വേലായുധപ്പണിക്കർ നായക കഥാപാത്രമായ "" പത്തൊൻപതാം നൂറ്റാണ്ട്"" എന്ന സിനിമ വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിട്ടുണ്ട്. ഈ ചലച്ചിത്രം 2022 സെപ്തംബർ 8 മുതൽ, ആഗോളതലത്തിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഈ സിനിമയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതവും അദ്ദേഹം നടത്തിയ ധീരകൃത്യങ്ങളും സിനിമയുടെ രീതിയിൽ മാറ്റം വരുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ചരിത്രകാരന്മാർ തമസ്കരിച്ചിട്ടും പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ വഴി ഇന്ന് ആഗോളതലത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രപുരുഷനായി തീർന്നിരിക്കുന്നു.

(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ ചെയർമാനാണ് ലേഖകൻ

ഫോൺ: 9447094516)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARATTU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.