ബീജിംഗ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ചൈന- ഫ്രാൻസ് ബന്ധത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്ത്യയുടെ 75ാമത് റിപ്പബ്ളിക് ദിനാഘോഷച്ചടങ്ങിൽ ഇമ്മാനുവൽ മാക്രോൺ ആയിരുന്നു മുഖ്യാതിഥി.
ഇന്ത്യൻ മഹാസമുദ്രം, ഇന്തോ പസഫിക് മേഖല എന്നിവിടങ്ങളിലെ ബന്ധം ദൃഢമാക്കുക, ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ റോഡ് മാപ്പ് ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യാ സന്ദർശനത്തിനിടെ മോദിയും മാക്രോണും ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചൈനയുടെ പ്രഖ്യാപനം. ചൈനയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷിക വേളയിലായിരുന്നു മാക്രോണിന്റെ ഇന്ത്യാ സന്ദർശനം.
'ചൈനയും ഫ്രാൻസും സംയുക്തമായി മനുഷ്യവികസനത്തിനായി സമാധാനത്തിന്റെയും സുരക്ഷയുടെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പാത തുറക്കണം. ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിന് ചൈന വലിയ പ്രാധാന്യം നൽകുന്നു. നയതന്ത്ര ബന്ധങ്ങളുടെ 60ാം വാർഷികത്തെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ അടിത്തറ കെട്ടിപ്പടുക്കാനുമുള്ള അവസരമായി കാണുന്നു. ചൈനയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കാൻ മാക്രോണുമായി പ്രവർത്തിക്കാൻ തയ്യാറാണ്'- ഷീ വ്യക്തമാക്കി. ഫ്രാൻസിൽ നിന്ന് മികച്ച സേവനങ്ങളും ഉത്‌പന്നങ്ങളും രാജ്യത്ത് ഇറക്കുമതി ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞു.
ഇന്ത്യയെ മുൻനിർത്തി ചൈനയെ പ്രതിരോധിക്കാൻ യു എസും യൂറോപ്യൻ യൂണിയനും ശ്രമങ്ങൾ നടത്തുന്നതിനിടെ ഫ്രാൻസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യ മാറുന്നത് ചൈന ജാഗ്രതയോടെ വീക്ഷിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ- ഫ്രാൻസ് ബന്ധം ശക്തമാകുന്നതും ചൈനയെ പ്രതിരോധത്തിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |