SignIn
Kerala Kaumudi Online
Sunday, 06 July 2025 10.44 AM IST

അരങ്ങിലെ സ്ത്രീകൾ ഒറ്റ രാത്രികൊണ്ട് വേശ്യാവൃത്തിയിലേക്ക്, ഏറ്റവും പഴക്കം ചെന്ന റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ്; ഹീരാമാണ്ഡിയുടെ ചരിത്രം അത്ഭുതപ്പെടുത്തും

Increase Font Size Decrease Font Size Print Page
heeramandi

പ്രേക്ഷകർ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സഞ്ജയ് ലീല ബൻസാലിയുടേത്. ദേവദാസ്, ബ്ലാക്, മസ്താനി, സാവരിയ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സഞ്ജയ് ആദ്യമായി വെബ്സീരീസിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ ഒടിടി സംരംഭമായ ഹീരാമാണ്ഡി, ദ ഡയമണ്ട് ബസാറിന്റെ ഫസ്റ്റ് ലുക്ക് ഫെബ്രുവരി ഒന്നിന് പുറത്തുവന്നിരുന്നു. ഹീരാമാണ്ഡിയുടെ ഫസ്റ്റ് ലുക്ക് മികച്ച പ്രതികരണങ്ങൾ നേടിയതോടെ ആദ്യ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

ലാഹോറിലെ ഹീരാമാണ്ഡിയിലെ ഏറ്റവും പഴക്കമുള്ള റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ വേശ്യാവൃത്തിക്കാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര. അന്ന് അവിടെ ജീവിച്ചിരുന്ന വേശ്യാവൃത്തിക്കാരുടെ ജീവിതവും അവരുടെ പ്രണയത്തിന്റെയും വഞ്ചനയുടെയും കഥകളാണ് ചിത്രത്തിൽ തുറന്നുകാട്ടുന്നത്. മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ തുടങ്ങിയവരാണ് ഹീരമണ്ഡിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ഹീരമണ്ഡിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ശരിക്കും എന്താണ് ഹീരമണ്ഡിയിൽ സംഭവിച്ചത്? ഹീരമണ്ഡിയുടെ ചരിത്രം എന്താണ്? പരിശോധിക്കാം...

heeramandi

ഹീരാമാണ്ഡിയുടെ ഉത്ഭവം

ആദ്യ കാലങ്ങളിൽ ഷാഹി മൊഹല്ല എന്നറിയപ്പെട്ടിരുന്ന ഹീരാമാണ്ഡിക്ക് മുഗൾ കാലഘട്ടം മുതൽ സമ്പന്നമായ ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. ലാഹോറിലെ വാൾഡ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 15ഉം 16ഉം നൂറ്റാണ്ടുകളിൽ മികച്ച ഒരു സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. ഈ നഗരത്തിൽ എത്തുന്ന പ്രഭുക്കന്മാരെ അവിടെയുണ്ടായിരുന്ന വേശ്യകളും കലാകാരന്മാരും രസിപ്പിച്ചിരുന്നു എന്നാണ് ചരിത്രം.

അന്നത്തെ ചക്രവർത്തിയുടെയും രാജകൊട്ടാരത്തിലെ പരിചാരകരുടെയും സേവകരുടെയും താമസസ്ഥലമായാണ് ഹീരാമാണ്ഡിയെ ആദ്യം വികസിപ്പിച്ചെടുത്തത്. ലാഹോർ കോട്ടയ്ക്ക് അടുത്തായിരുന്നു ഈ പ്രദേശം. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ആളുകൾ ഷാഹി മൊഹല്ല എന്ന പേരിലും വിളിക്കാൻ തുടങ്ങി. താമസിയാതെ, ഷാഹി മൊഹല്ല രാജകൊട്ടാരവുമായി ബന്ധപ്പെട്ടിരുന്ന കലാകാരന്മാരായ തവായിഫുകളുടെ ഭവനമായി മാറി.

heeramandi

തവായിഫ്

മുഗൾ കാലഘട്ടത്തിലാണ് തവായിഫ് സംസ്‌കാരം ഇന്ത്യയിൽ വ്യാപിച്ചത്. കൊട്ടരത്തിൽ എത്തുന്ന സന്ദർശകരെ രസിപ്പിക്കുന്നതിനായി മുജ്റയും രാജകീയ നൃത്തരൂപങ്ങളും അവതരിപ്പിക്കുന്നതിനായി അഫ്ഗാനിസ്ഥാനിൽ നിന്നും ഉസ്‌ബെക്കിസ്ഥാനിൽ നിന്നും വൈദഗ്ദ്ധ്യമുള്ള സ്ത്രീകളെ മുഗളന്മാർ കൊണ്ടുവന്നതായി റിപ്പോർട്ടുകളുണ്ട്. അക്കാലത്തെ വിദഗ്ദരിൽ നിന്നും സംഗീതം, നൃത്തം എന്നിവയ്ത്ത് തവായിഫുകൾക്ക് പരിശീലനം നൽകിയിരുന്നു.

രാജകൊട്ടാരത്തിലെ അരങ്ങുകളിൽ തവായിഫുകൾ അരങ്ങുവാഴുന്ന കാലത്തായിരുന്നു ആ ഒരു കാര്യം സംഭവിച്ചത്. മുഗൾ കൊട്ടാരത്തിലെ ഒരു താവയിഫുമായി അന്നത്തെ രാജകുമാരനും അക്ബർ ചക്രവർത്തിയുടെ മകനുമായ സലീമിന് ഒരു അവിഹിത ബന്ധമുണ്ടായി. കൊട്ടാരത്തിലെ ഒരു തവായിഫുമായി മകന് ബന്ധമുണ്ടെന്ന അറിഞ്ഞ അക്ബർ അവളെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി ലാഹോർ കോട്ടയുടെ വാതിൽ അടച്ചു.

ഷാഹി മൊഹല്ല പിടിച്ചെടുത്തു
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, നാദിർ ഷായും അഹമ്മദ് ഷാ അബ്ദാലിയും ചേർന്ന് നടത്തിയ ആക്രമണങ്ങൾ പഞ്ചാബിലെ മുഗൾ ഭരണത്തെ ദുർബലപ്പെടുത്തി. ഇതോടെ തവായിഫുകൾക്ക് കിട്ടിയ രാജകീയ പരിഗണന അവസാനിച്ചു. അവരിൽ പലരും മറ്റ് നഗരങ്ങളിലേക്ക് ചേക്കേറി. ഇതിന് ശേഷമാണ് ഇവിടെ വേശ്യാലയങ്ങൾ രൂപപ്പെട്ടത്. അബ്ദാലിയുടെ സൈന്യം രണ്ട് വേശ്യാലയങ്ങൾ അവിടെ സ്ഥാപിച്ചു, ഒന്ന് ലാഹോറിലെ ഇന്നത്തെ ധോബി മണ്ടിയിലും മറ്റൊന്ന് മൊഹല്ല ദാരാ ഷിക്കോയിലും.

heeramandi

ഷാഹി മൊഹല്ല എങ്ങനെ ഹീരമണ്ഡിയായി

1799ൽ, 22കാരനായ രഞ്ജിത് സിംഗ് എന്ന മിസ്ൽദാർ, ഭാഗി മിസിൽ നിന്ന് ലാഹോർ പിടിച്ചെടുക്കുകയും 1801ൽ പഞ്ചാബിന്റെ മഹാരാജാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷം ഇദ്ദേഹം മുഗൾ രാജകീയ അചാരങ്ങൾ പിന്തുടർന്നു. തവായിഫും അരങ്ങിലെ പ്രകടനങ്ങളും എല്ലാം അദ്ദേഹം തിരിച്ചുകൊണ്ടുവന്നു. 1802ൽ, മൊറാൻ എന്ന മുസ്ലീം തവായിഫുമായി രഞ്ജിത് സിംഗ് പ്രണയത്തിലായി, ഇത് ഷാഹി മൊഹല്ലയ്ക്ക് സമീപമുള്ള ഇന്നത്തെ പപ്പഡ് മണ്ടിയിൽ ഒരു പ്രത്യേക കൊട്ടാരം നിർമ്മിക്കുന്നതിന് കാരണമായി.

1839ൽ സിംഗിന്റെ മരണശേഷം, ജനറലായി മാറിയ പ്രധാനമന്ത്രി ഹിരാ സിംഗ് ദോഗ്ര ഷാഹി മൊഹല്ലയെ ഒരു സാമ്പത്തിക കേന്ദ്രമായി ഉപയോഗിക്കാൻ തുടങ്ങി. പ്രദേശത്ത് ഒരു ഭക്ഷ്യധാന്യ വിപണി അദ്ദേഹം സ്ഥാപിച്ചു. അന്നുമുതൽ ഷാഹി മൊഹല്ല 'ഹീരാ സിംഗ് ദി മാണ്ഡി' (ഹീരാ സിംഗിന്റെ മാർക്കറ്റ്) അല്ലെങ്കിൽ 'ഹീരാമാണ്ഡി' ആയി മാറി.

heeramandi

തവായിഫുകൾ ലൈംഗിക വൃത്തിയിലേക്ക്

ലാഹോറിൽ കൊളോണിയൽ ഭരണം ഉയർന്നുവന്നതോടെ ഹീരാമാണ്ഡിയുടെ കഷ്ടകാലം ആരംഭിച്ചു. ആഗ്ലോ-സിഖ് യുദ്ധങ്ങളെ തുടർന്ന് സിഖ് സാമ്രാജ്യത്തിന് അവസാനം കുറിച്ചു. ഈ പ്രദേശത്തിന്റെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തു. എന്നാൽ താവായിഫുകളുടെ സംസ്‌കാരത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല.

താമസിയാതെ തന്നെ തവായിഫുകളുടെ മുജ്റസ് എന്ന കല വേശ്യാവൃത്തിയായി മാറ്റാൻ അവർ നിർബന്ധിതരായി. ഉപജീവനമാർഗം നഷ്ടപ്പെട്ട നിരവധി തവായിഫുകൾ ലാഹോറിലെ അനാർക്കലി പ്രദേശത്തെ കന്റോൺമെന്റിൽ നിലയുറപ്പിച്ച ഇംഗ്ലീഷ് സൈനികരുടെ ലൈംഗിക ആഗ്രഹങ്ങൾ നിറവേറ്റാൻ നിർബന്ധിതരാകേണ്ടി വന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും ഹീരാമാണ്ഡിയിൽ അതേ സംസ്‌കാരം നിലനിന്നെന്നാണ് റിപ്പോർട്ട്. ദാരിദ്ര്യത്തെ തുടർന്ന് മറ്റ് മേഖലകളിലെ തവായിഫുകൾ ഈ മേഖലയിലേക്ക് മാറിയെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു.

TAGS: EXPLAINER, HEERAMANDI, CINEMA, SANJAY LEELA BANSALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.