SignIn
Kerala Kaumudi Online
Monday, 14 July 2025 11.21 PM IST

കേഡലിനെ കാണാന്‍ ഇതുവരെ ജയിലില്‍ എത്തിയത് ഒരേയൊരു സന്ദര്‍ശകന്‍, ഏഴ് വര്‍ഷത്തിനിപ്പുറം പകലും ഭീതിപടര്‍ത്തി ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീടും

Increase Font Size Decrease Font Size Print Page

crime

തിരുവനന്തപുരം: പൂട്ടിയ നിലയില്‍ തുരുമ്പെടുത്ത് തുടങ്ങിയ ഗേറ്റ്, മെയിന്‍ ഗേറ്റില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയാകെ ഒരാള്‍പൊക്കത്തില്‍ അധികം ഉയരത്തില്‍ കാട് പിടിച്ച് കിടക്കുന്നു, റോഡില്‍ നിന്ന് നോക്കിയാല്‍ അവിടെ ഒരു വീടുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കാട് വളര്‍ന്നിരിക്കുന്നു. സമീപത്തെ വീടുകളില്‍ ആള്‍ത്താമസമുണ്ടെങ്കിലും ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീടിന് മുന്നിലെത്തിയാല്‍ ഇപ്പോഴും ഭയപ്പെടുത്തുന്ന ഏകാന്തതയാണ്. പറഞ്ഞു വരുന്നത് നന്ദന്‍കോട് കൂട്ടക്കൊലപാതകം നടന്ന വീടിന്റെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നേര്‍ചിത്രമാണ്.

2017 ഏപ്രില്‍ ഒമ്പതിനാണ് തിരുവനന്തപുരം നഗരത്തില്‍ നടന്ന ആ കൂട്ടക്കൊലപാതകം കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചത്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയുള്ള സ്വന്തം വീട്ടില്‍ വെച്ച് പ്രൊഫസര്‍ രാജതങ്കം, ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീന്‍ പത്മ, മകള്‍ കരോലിന ഇവരുടെ ഒരു ബന്ധുവായ ലളിത എന്നിങ്ങനെ നാലംഗ കുടുംബം അരംകൊലയ്ക്ക് ഇരയായി. മകന്‍ കേഡല്‍ ജിന്‍സന്‍ രാജയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍.

കേഡല്‍ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. പ്രതി കേഡല്‍ വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.കൊലക്കുറ്റം, വീടിനു തീയിടല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 92 സാക്ഷികളുണ്ട് കേസിന് അനുബന്ധമായി 151 രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര സെ്ന്‍ട്രല്‍ ജയിലിലെ ഏകാന്ത തടവിലാണ് കേഡല്‍ ഇപ്പോള്‍. കടുത്ത മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഇടയക്ക് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി മാറ്റാറുണ്ട്. മറ്റ് തടവുകാരെ ആക്രമിക്കാനുള്ള പ്രവണത ഇടയ്ക്ക് ഇടയ്ക്ക് പ്രകടിപ്പിക്കുന്നത് കൊണ്ടാണ് കേഡലിനെ മറ്റ് അന്തേവാസികള്‍ക്കൊപ്പം പാര്‍പ്പിക്കാത്തത്. പെരുമണ്‍ ദുരന്തം നടന്ന ദിവസം ജനിച്ച കേഡല്‍ ചെറുപ്പം മുതല്‍ തന്നെ പ്രത്യേക സ്വഭാവത്തിനുടമയായിരുന്നു.

കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെയാണ് രാജതങ്കം മകനെ എംബിബിഎസ് പഠനത്തിനായ് ഫിലിപ്പീന്‍സിലേക്ക് അയച്ചത്. എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ച് കേഡല്‍ മടങ്ങി വന്നു. പിന്നീട് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് അയച്ചു.അവിടെയും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരികെയെത്തി. പിന്നീട് വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലായി കേഡലിന്റെ ജീവിതം.

ആസ്ട്രല്‍ പ്രൊജക്ഷന്‍ ചാത്തന്‍ സേവ തുടങ്ങിയവയില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേഡല്‍ വീഡിയോ ഗെയിം നിര്‍മ്മിക്കുകയായിരുന്നു മുറിയിലെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍. എല്ലാ വീഡിയോ ഗെയിമുകളിലും യുദ്ധവും കൊലപാതകവും ചോരയും നിറഞ്ഞ് നില്‍ക്കുന്നവയായിരുന്നു. താന്‍ നിര്‍മ്മിച്ച ഒരു വീഡിയോ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് താഴത്തെ നിലയില്‍ നിന്ന് അമ്മയെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി കമ്പ്യൂട്ടറിന് മുന്നിലിരുത്തിയ ശേഷം പിന്നില്‍ നിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

crime

ഇതിന് ശേഷം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ മഴു ഉപയോഗിച്ച് വെട്ടി നുറുക്കി ശുചിമുറിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ താഴേക്ക് വന്ന കേഡല്‍ അച്ഛനും സഹോദരിക്കും ഒപ്പം ഒന്നും സംഭവിക്കാത്തത് പോലെയിരുന്ന ഭക്ഷണം കഴിച്ചു. അമ്മ എവിടേയെന്ന് തിരക്കിയപ്പോള്‍ താന്‍ നിര്‍മിച്ച ഗെയിം കാണുന്നുവെന്നാണ് കേഡല്‍ പറഞ്ഞത്. പിന്നീട് ഇതേ രീതിയില്‍ അച്ഛനേയും സഹോദരിയേയും മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപതാക വിവരം ബന്ധുവായ ലളിത മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരേയും കൊലപ്പെടുത്തി.

പിന്നീട് മുകളിലത്തെ നിലയിലെ ശൗചാലയത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ വീടിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അപകടം മനസ്സിലാക്കിയ കേഡല്‍ ഉടനെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. അന്ന് വീടിന് പുക പിടിക്കുമ്പോള്‍ കേഡല്‍ സമീപത്തെ വീടിന് മുന്നിലൂടെ ഓടി മറയുന്നത് കണ്ടതിന് ദൃക്‌സാക്ഷികളുമുണ്ട്. കൊല നടത്തിയ ശേഷം ഇയാള്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ പിടിയിലായി.

തുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍നിന്ന് ആത്മാവു വേര്‍പെട്ടുപോകുന്നതു കാണുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ നടത്തിയതെന്ന് കേഡല്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡല്‍ ജിന്‍സണ്‍ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കെ.ജെ.നെല്‍സണ്‍ നേരത്തേ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.

പ്രതി കേഡല്‍ ജിന്‍സന്‍ രാജയ്ക്ക് കൊലപാതകത്തിനു മുന്‍പ് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്നു അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഇത്. അന്വേഷണ ഉദ്യോഗസ്ഥരോടാണ് അനുബന്ധ റിപ്പോര്‍ടായി ഇക്കാര്യം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള കേഡലിനെ കാണാന്‍ ഒരേയൊരു സന്ദര്‍ശകന്‍ മാത്രമാണ് ആദ്യ ആറ് വര്‍ഷത്തിനുള്ളില്‍ ജയിലില്‍ എത്തിയത്.

അമ്മ ജീന്‍ പത്മയുടെ സഹോദരന്‍ ജോസ് ആയിരുന്നു ആ സന്ദര്‍ശകന്‍. എന്നാല്‍ പിന്നീട് കുറച്ച് കാലമായി ഇയാളും എത്താറില്ല. മാനസിക രോഗം കാരണമാണ് കൊലപാതകം ചെയ്തതെന്നും ചികിത്സയ്ക്ക് പോകുന്നതിനായി ജാമ്യം അനുവദിക്കണമെന്നും കേഡല്‍ ആവശ്യപ്പെട്ടെങ്കിലും ഈ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേഡലിന് നിലവില്‍ നല്‍കി വരുന്ന ചികിത്സ തുടര്‍ന്നും ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് ജാമ്യാപേക്ഷ നിഷേധിച്ച കോടതി നിര്‍ദേശിച്ചത്.

കടുത്ത മാനസിക രോഗമുള്ളതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് കേഡലിന്റെ അഭിഭാഷകര്‍ പറയുന്നത്. മാനസിക രോഗമുണ്ടായിരുന്നതിനാല്‍ കേസില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ് കേഡല്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് രോഗവിവരം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കടുത്ത മാനസിക രോഗത്തിന് അടിമയാണെന്ന് ഡോക്ടര്‍മാരും മൊഴി നല്‍കിയതോടെ വിചാരണ നേരിടാന്‍ പ്രാപ്തനല്ലെന്ന് കോടതി കണ്ടെത്തി.

crime

വിചാരണ നേരിടാനാകില്ലെങ്കിലും കേഡലിനെ ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോയെന്ന് കോടതി അന്വേഷിച്ചിരുന്നു, പക്ഷേ അതിന് തയ്യാറായി ആരും മുന്നോട്ട് വന്നില്ല. നന്ദന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന കോടികള്‍ വിലയുള്ള വീടും ഒപ്പം തിരുവനന്തപുരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട്ടിലുമായി സ്ഥിതി ചെയ്യുന്ന കോടികളുടെ സ്വത്തുക്കളും ഇന്ന് നോക്കാന്‍ ആളില്ലാതെ കിടക്കുകയാണ്. ഈ സ്വത്തിന്റെയെല്ലാം അവകാശിയായ കേഡലാകട്ടെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമോയെന്നറിയാത്ത സ്ഥിതിയിലും.

TAGS: CASE DIARY, CRIME, NANDANCODE MURDER CASE, CADEL JINSEN RAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.