കൊച്ചി: മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ ഹെെറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ഓഫീസിൽ ഹാജരായി. മറ്റൊരു പ്രതിയായ ഇയാളുടെ ഭാര്യ ശ്രീന ഹാജരായില്ല. നേരത്തെ ഇഡി രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ പ്രതികളുടെ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞ് ഇരുവരും ഒളിവിൽ പോയിരുന്നു. പിന്നാലെ ഇഡി ലുക്കൗട്ട് നോട്ടീസ് ഉ പുറപ്പെടുവിച്ചു.
ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ദമ്പതികൾ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിക്കൂടെ എന്ന് കോടതി ചോദിച്ചു. തുടർന്നാണ് 19ന് ഇഡി ഓഫീസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിച്ചത്.
മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകൾ 1157 കോടി രൂപ കൈവശപ്പെടുത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എച്ച് ആർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇഡി പുറത്തിറക്കിയ കണക്കുകൾ പറയുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇഡി വ്യക്തമാക്കി. ഹൈറിച്ച് ഉടമകളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിന് ശേഷമാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
അഞ്ചു കമ്പനികൾ വഴിയാണ് 1157 കോടി രൂപ തട്ടിയെടുത്തത്. ക്രിപ്റ്റോ ഇടപാടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവർ നടത്തിയത്. അഞ്ചു കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. പ്രതാപനും ഭാര്യ ശ്രീനയും ഹൈറിച്ച് കൂപ്പൺ വഴിയും നിക്ഷേപകരുമായി ഇടപാടുകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |