ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയും ഉൾപ്പെടെ 37 സ്ഥാനാർത്ഥികളാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കി 19 സീറ്റുകളിൽ ഈ മാസം 27 ന് വോട്ടെടുപ്പ് നടക്കും.
ഒഡീഷയിൽ നിന്ന് ജയിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മദ്ധ്യപ്രദേശിൽ നിന്ന് ജയിച്ച വാർത്താ വിതരണ സഹമന്ത്രി എൽ.മുരുകൻ, മഹാരാഷ്‌ട്രയിലെ അശോക് ചവാൻ അടക്കം 19 സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ബി.ജെ.പിക്കാണ് നേട്ടം. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും നാല് വീതവും വൈ.എസ്.ആർ കോൺഗ്രസിന് മൂന്നും സീറ്റുകൾ ലഭിച്ചു. ബി.ജെ.ഡി, ആർ.ജെ.ഡി പാർട്ടികൾക്ക് രണ്ടു വീതവും എൻ.സി.പി, ശിവസേന, ജെ.ഡി.യു എന്നിവയ്‌ക്ക് ഓരോന്നും ലഭിച്ചു. മഹാരാഷ്ട്ര, എം.പി, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഒഡീഷ, ഹരിയാന, ആന്ധ്രാ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് 37 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ബംഗാളിൽ നിന്ന് തൃണമൂൽ നാല് സീറ്റുകളിലും ബി.ജെ.പി ഒന്നിലും ജയിച്ചു. ആന്ധ്രയിലെ മൂന്ന് സീറ്റുകളും വൈ.എസ്.ആർ കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പിക്കും ടി.ഡി.പിക്കും സംസ്ഥാനത്ത് സീറ്റ് നഷ്ടമായി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ അടുത്ത അനുയായിയും മുൻ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനുമായ സുഭാഷ് ബറാല ഹരിയാനയിൽ ഒഴിവുവന്ന ഏക സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിൽ ബി.ജെ.പി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടും ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |