SignIn
Kerala Kaumudi Online
Saturday, 27 July 2024 8.12 AM IST

കണ്ണകിയുടേയും കോവലന്റെയും കഥയല്ല തോറ്റംപാട്ട്, ശബരിമലയിലെ കെട്ടുകഥ പ്രചരിക്കുംപോലെ ആറ്റുകാലും സംഭവിക്കാൻ അധികം നാൾ വേണ്ടിവരില്ല

attukal

അനന്തപുരിയുടെ ഓരോ വീഥിയും ആറ്റുകാൽ എന്നമന്ത്രം ജപത്താൽ മുഖരിതമാവുകയാണ്. നാടൊന്നാകെ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ‌്ക്ക് രണ്ടു ദിനങ്ങൾ മാത്രം. ആറ്റുകാൽ ഉത്സവത്തിന്റെ ഏറ്റവും പ്രധാനചടങ്ങാണ് തോറ്റംപാട്ട്. കണ്ണകിയുടേയും കോവലന്റെയും കഥയായാണ് പൊതുജനത്തിന് ആറ്റുകാലിലെ തോറ്റംപാട്ട് പരിചിതമായിട്ടുള്ളത്.

ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. കാവേരിപ്പട്ടണത്തിലെ ധനികനായ വ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകിയെ വിവാഹം ചെയ്യുന്നതും, കോവലന് മാധവി എന്ന ദേവദാസിയിൽ പ്രണയമുണ്ടാകുന്നതും, കളവ് ആരോപിക്കപ്പെട്ട് വധിക്കപ്പെടുന്നതുമാണ് ചിലപ്പതികാരം. തുടർന്ന് ദേവിയായി മാറിയ കണ്ണകി പാണ്ഡ്യരാജ്യം ചുട്ടുചാമ്പലാക്കി കിള്ളിയാറിൻ കരയിലേക്ക് വരുന്നതാണ് കഥ. എന്നാൽ ചിലപ്പതികാരത്തിന് ആറ്റുകാലിലെ തോറ്റംപാട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയാണ് താന്ത്രികാചാര്യനായ ശ്രീകാന്ത് വേളിക്കാട്. പത്ത് വയസ് മുതൽ തോറ്റംപാട്ടുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ശ്രീകാന്ത് നിരവധിയായുള്ള തോറ്റംപാട്ട് കലാകാരന്മാരുമായി (ആശാന്മാർ എന്നാണ് ഇവർ അറിയപ്പെടുക) ആശയവിനിമയം നടത്തിയിട്ടുണ്ട്.

ശ്രീകാന്തിന്റെ വാക്കുകളിലൂടെ-

''ഭദ്രകാളി ക്ഷേത്രങ്ങളിലെ ഉത്സവത്തിന്റെ മുഖ്യചടങ്ങായ തോറ്റംപാട്ട് എന്ന അനുഷ്ഠാന കലയിലൂടെ തെക്കുംകൊല്ലത്തെ കന്യാവിന്റെയും (ദേവി), വടക്കും കൊല്ലത്തെ പാലകരുടെയും ജീവിതകഥ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പത്രമാധ്യമങ്ങളിലും നോട്ടീസുകളിലും കാണുംപോലെ ഇതു കണ്ണകിയുടെയും കോവലന്റേയും കഥപറയുന്ന ഇളങ്കോവടികളുടെ ചിലപ്പതികാരമല്ല, പത്ത് ദിവസങ്ങളിലായി പാടുന്ന കഥാതന്തു ഹ്രസ്വമായി അവതരിപ്പിക്കുകയാണിവിടെ.

സാധാരണയായി കുടിയിരുത്തി കഴിഞ്ഞാൽ ദാരികവധമാണ് പാടാറുള്ളത്. എങ്കിലും ഓരോ ക്ഷേത്രത്തിലും പാടിവരുന്ന ആശാന്മാരുടെ രീതികൾ പരമ്പരയായി തുടർന്നുപോരുന്നു. ആറ്റുകാലിലെ കീഴ്‌വഴക്കം അനുസരിച്ച് ദാരിക വധം പാടാറില്ല. തുടർന്ന് പാലകരുടെ ജനനം മുതൽ പാടി തുടങ്ങുന്നു. മുടിപ്പുര തോറ്റം കണ്ണകീ ചരിതമാണെന്നൊരു പൊതുധാരണ നിലവിലുണ്ട്. ആറ്റുകാലിലെ ഭദ്രകാളിക്ക്, കണ്ണകി പരിവേഷം നൽകാൻ ഇത് കൂടുതൽ സാധുത നൽകി എന്ന് വേണം കരുതാൻ.

തോറ്റംപാട്ടിലെ കന്നി, മഹാദേവരുടെ പൊന്മകളാണ്. മനുഷ്യലോകത്തേക്ക് ദത്തെടുക്കപ്പെട്ട ദേവിക്ക് മനുഷ്യസംസർഗം തീരെ അപ്രിയമായിരുന്നു. തന്റെ വിവാഹമാണെന്നറിയുന്ന സമയം ചിരിക്കുകയാണ് കന്നി. തോറ്റംപാട്ടിലുടനീളം ദേവി നിത്യകന്യകയാണ്. ഒരു കണ്ണ് കൊണ്ട് കൊല്ലാനും മറു കണ്ണുകൊണ്ട് തോറ്റാനും കഴിവുള്ള ദൈവകന്നി തന്റെ അമാനുഷികത പലപ്പോഴും പലേടത്തായും കാണിക്കുന്നുണ്ട്. ഭർത്താവ് കൊല്ലപ്പെട്ടെന്നറിയുന്ന സമയം അച്ഛന്റെ അടുത്തേക്കാണ് ദേവി ആദ്യം എത്തുന്നത്, ശങ്കരന്റെ നിർദേശപ്രകാരമാണ് പാലകനെ അന്വേഷിച്ചു പോകുന്നതും, ജഡം കാണുന്നതും. ശേഷം, കൈലാസത്തിൽ ചെന്ന് അവിടുന്ന് അമൃതും മറ്റും കൊണ്ടു വന്ന് സ്വയം ഭർത്താവിനെ തോറ്റുകയാണ് ദേവി. ചതി ക്ഷമിക്കാത്ത ഉഗ്രമൂർത്തിയായി പരിണമിക്കുന്ന ദേവി പ്രതികാരത്തിനായി ആദ്യം തട്ടാന്റെ അടുത്ത് ചെന്ന് അവനെ കൊന്ന ശേഷം, പാണ്ഡ്യരാജാവിന്റെ തല അറുത്താണ് നീതി നടപ്പാക്കുന്നത്.

തോറ്റംപാട്ട് 'എന്നറിയപ്പെടുന്ന ഈ പ്രാചീന കല പോലും യഥാർത്ഥ വസ്‌തുതയിൽ നിന്ന് മാറ്റപ്പെടുകയാണ്. കന്നിയും പാലകനും പാട്ടിലെ വരികളിൽ മാത്രമായി ഒതുങ്ങുകയാണ്. ഇത്തരത്തിൽ തുടർന്നാൽ ഒടുവിൽ ശബരിമലയിൽ സംഭവിച്ചതുപോലെ, അയ്യപ്പന്റെ പ്രണയിനി ആണ് മാളികപ്പുറത്തമ്മ എന്ന രീതിയിലുള്ള ആരോ സൃഷ്ടിച്ചുവിട്ട കഥ ചരിത്രമായി മാറിയപ്പോലെ, തോറ്റംപാട്ട് എന്നാൽ കണ്ണകിയുടെയും കോവലന്റെയും കഥ എന്നറിയപ്പെടാൻ അധികം നാളുകൾ വേണ്ടി വരില്ല.....''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, ATTUKAL THOTTAMPATTU, SREEKANTH VELIKATTU, ATTUKAL PONGALA, THOTTAMPATTU
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.