SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.43 PM IST

ബീഫ് കഴിക്കും, ഹിന്ദിയോട് വലിയ താൽപര്യവുമില്ല; എന്നിട്ടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനമനസ് കീഴടക്കാൻ ബിജെപിയ‌്ക്ക് കഴിഞ്ഞതിന് പിന്നിൽ

election

കോൺഗ്രസ് ആധിപത്യമുണ്ടായിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും പ്രാദേശിക പാർട്ടികളും കരുത്താർജ്ജിക്കുന്ന കാഴ്‌ചകളാണ് അടുത്ത കാലത്ത് കാണുന്നത്. കേന്ദ്രത്തിൽ അധികാരമേറ്റതിനു ശേഷം ബി.ജെ.പി നടപ്പാക്കിയ, വടക്കുകിഴക്കിനെ 'കോൺഗ്രസ് മുക്തമാക്കാനുള്ള' ദൗത്യം ഏതാണ്ട് ഫലം കണ്ടുവെന്നും പറയാം. സി.പി.എം കോട്ടയായിരുന്ന ത്രിപുരയും അവർ പിടിച്ചെടുത്തു. ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ പോലും ബി.ജെ.പിക്ക് വളരാനായി. ചില സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്കൊപ്പം ജൂനിയർ പാർട്‌ണർ റോളിലാണ്.

ഹിന്ദി ബെൽറ്റിനപ്പുറത്തേക്ക് പാർട്ടി വിപുലീകരിക്കാനുള്ള നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ പദ്ധതികളാണ് വടക്കുകിഴക്കൻ മേഖലയിൽ വേരുപിടിച്ചത്. ഇംഗ്ളീഷ് സംസാരിക്കുന്ന, ബീഫ് കഴിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി കടന്നുകയറുന്നത് വ്യത്യസ്‌തമായ രാഷ്‌ട്രീയ തന്ത്രങ്ങളിലൂടെ. ഹിന്ദി അടിച്ചേൽപ്പിക്കലും ബീഫ് വിരുദ്ധ നീക്കങ്ങളും ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

കേന്ദ്രം ഭരിച്ച മുൻ കോൺഗ്രസ് സർക്കാരുകളിൽ നിന്നടക്കം വടക്കു കിഴക്കൻ മേഖല നേരിട്ട അവഗണനയുടെ കഥകൾ ചൂണ്ടിക്കാട്ടി 'ഡൽഹി ദൂരെയല്ല' എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി അവരെ സമീപിച്ച

ത്. വടക്കു കിഴക്കിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തും കൂടുതൽ ഫണ്ടു നൽകിയും വികസനം കൊണ്ടുവന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രത്യേക കേന്ദ്ര മന്ത്രാലയം രൂപീകരിച്ചതെന്നും ഓർക്കണം.

ബി.ജെ.പി മുന്നേറ്റത്തിൽ കോൺഗ്രസിലെ അതൃപ്ത നേതാക്കൾക്കും നിർണായക പങ്കുണ്ട്. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡു, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് തുടങ്ങിയവരെല്ലാം മുൻ കോൺഗ്രസുകാർ. ഹിമന്തയുടെ കീഴിൽ രൂപീകരിക്കപ്പെട്ട നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻ.ഇ.ഡി.എ) കോൺഗ്രസിലും മറ്റു പാർട്ടികളിലും സന്തുഷ്ടരല്ലാത്ത പ്രാദേശിക പാർട്ടികളുമായുള്ള സഹകരണം ലക്ഷ്യമിടുന്നു.

അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 14 സീറ്റുകളും സഖ്യകക്ഷികൾ നാല് സീറ്റുകളും നേടി. 2024-ൽ ഹാട്രിക് നേട്ടം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി മോദിക്ക് മേഖല നിർണായകമാണ്.

വടക്കു കിഴക്കൻ ബി.ജെ.പി നേട്ടം

 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് 2016- ൽ അസം തെരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പി തൂത്തുവാരി. 2021ൽ അസം നിലനിറുത്തി.
 2016-ൽ കോൺഗ്രസുകാരനായ പ്രേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി അരുണാചൽ പ്രദേശിൽ ബി.ജെ.പി അധികാരം പിടിച്ചു.

 2017-ൽ മണിപ്പൂരിൽ വിജയിച്ച് മുൻ കോൺഗ്രസുകാരനായ എൻ. ബിരേൻ സിംഗിനെ മുഖ്യമന്ത്രിയാക്കി. 2022ൽ വിജയം ആവർത്തിച്ചു.
 2018-ൽ 25 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം.

 മേഘാലയയിലും നാഗാലാൻഡിലും സഖ്യ സർക്കാരുകൾ രൂപീകരിച്ചു.
 2019-ലെ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60-ൽ 41 സീറ്റ് നേടിയ പ്രകടനം.

അസാമിൽ ആധിപത്യം

കോൺഗ്രസും അസാം ഗണപരിഷത്തും മാറിമാറി ഭരിച്ച അസാമിൽ കേന്ദ്രഭരണക്കരുത്തിലാണ് ബി.ജെ.പി പടർന്നു കയറിയത്. 2016 മുതൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് തങ്ങളുടെ സ്വാധീനം 14 ലോക്‌സഭാ മണ്ഡലങ്ങളിലും തെളിയിക്കാൻ അനുകൂല സാഹചര്യവുമുണ്ട്. 2019-ൽ ലഭിച്ച ഒൻപതിൽ നിന്ന് സീറ്റുകളുടെ എണ്ണം പരമാവധി കൂട്ടാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പതിനെട്ട് അടവും പയറ്റുന്നു. ഉത്തരാഖണ്ഡിനു പിന്നാലെ പൊതു സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വോട്ടർമാരെ സ്വാധീനിക്കാതിരിക്കാൻ പഴയ കോൺഗ്രസുകാരനായ ഹിമന്ത നടപ്പാക്കിയ തന്ത്രങ്ങൾ ശ്രദ്ധേയം.

ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ച് അസാമിൽ പഴയ പ്രതാപം വീണ്ടെടുക്കാനാണ് കോൺഗ്രസ് ശ്രമം. മൗലാനാ ബദറുദ്ദീൻ അജ്‌മൽ നയിക്കുന്ന എ.ഐ.യു.ഡി.എഫ് കോൺഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാറുണ്ട്.

അസാം​ കക്ഷിനില

ആകെ സീറ്ര്: 14

2019: ബി.ജെ.പി 9, കോൺഗ്രസ് 3, എ.ഐ.യു.ഡി.എഫ് 1


കലാപച്ചൂടിൽ മണിപ്പൂർ

കലാപകലുഷിതമായ മണിപ്പൂർ ഈ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതികരിക്കുമെന്നതിന് പ്രാധാന്യമേറെ. കഴിഞ്ഞ മേയിലെ കലാപത്തിനു ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. ക്രിസ്‌ത്യൻ മേഖലയിലെ അതൃപ്‌തി വോട്ടിൽ പ്രതിഫലിച്ചാൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയും കോൺഗ്രസിന് നേട്ടവുമാകും.

2014-ൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിയ ശേഷം മണിപ്പൂർ ബി.ജെ.പിയുടെ കൈയിലാണ്. 2017-ൽ 60 അംഗ നിയമസഭയിൽ 28 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായെങ്കിലും 21 സീറ്റിൽ ജയിച്ച ബി.ജെ.പി ചില രാഷ്‌ട്രീയ നീക്കങ്ങളിലൂടെ ഭരണത്തിൽ കയറുകയായിരുന്നു. സംസ്ഥാന ഭരണം ലഭിച്ചതോടെ ബി.ജെ.പി കൂടുതൽ കരുത്താർജ്ജിക്കുന്നതും കോൺഗ്രസ് ദുർബലമാകുന്നതും കണ്ടു.

2022 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം നിലനിറുത്തിയപ്പോൾ കോൺഗ്രസ് അഞ്ച് സീറ്റിലൊതുങ്ങി. 2014-ൽ മോദി തരംഗം വീശിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടു സീറ്റിലും ജയിച്ച കോൺഗ്രസ് 2019-ൽ പിന്നാക്കം പോയി. എൻ.ഡി.എ കക്ഷിയായ എൻ.പി.എഫും ബി.ജെ.പിയും പങ്കിട്ടെടുത്തു.

മണിപ്പൂർ കക്ഷിനില

ആകെ സീറ്റ്: 2

2019: ബി.ജെ.പി 1, എൻ.പി.എഫ് 1

അരുണാചലിൽ പൊതു തിരഞ്ഞെടുപ്പ്

അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒന്നിച്ചാണ് മത്സരം. 2019-ൽ ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റ് നേടി അധികാരത്തിലേറിയപ്പോൾ രണ്ട് ലോക്‌സഭാ സീറ്റും തൂത്തുവാരി. 1980 മുതൽ ആധിപത്യം പുലർത്തിയ കോൺഗ്രസിനെ തളർത്തിയാണ് അവരുടെ തേരോട്ടം.

അരുണാചൽ കക്ഷിനില

നിയമസഭ: ആകെ സീറ്ര്: 60

2019: ബി.ജെ.പി 41, ജെ.ഡിയു 7, എൻ.പി.പി 5, കോൺഗ്രസ് 4, പി.പി.എ 1,​ സ്വതന്ത്രർ 2

ലോക്‌സഭ: ആകെ സീറ്റ്: 2

2019: ബി.ജെ.പി 2

മേഘാലയയിലെ രണ്ടു സീറ്റുകൾ 2019-ൽ കോൺഗ്രസും എൻ.പി.പിയും പങ്കിട്ടെടുത്തു. ത്രിപുരയിൽ സംസ്ഥാന ഭരണത്തിന്റെ ആനുകൂല്യത്തിൽ രണ്ടു സീറ്റും കഴിഞ്ഞ തവണ ബി.ജെ.പിക്കായിരുന്നു. ഒരു സീറ്റ് വീതമുള്ള സിക്കിമിൽ ക്രാന്തികാരി മോർച്ചയും,​ നാഗലാൻഡിൽ എൻ.ഡി.പി.പിയും,​ മിസോറാമിൽ എം.എൽ.എഫുമാണ് ജയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT ELECTION, NORTH EAST STATES, BJP, NARENDRA MODI, AMITH SHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.