കീവ്: റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ഡൊണെസ്ക് മേഖലയിൽ ബുധനാഴ്ച യുക്രെയിൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. റഷ്യൻ ആർമിയിൽ സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ സൂറത്ത് സ്വദേശി ഹെമിൽ അശ്വിൻഭായ് മാൻഗുകിയ ( 23 ) ആണ് കൊല്ലപ്പെട്ടത്. ഡിസംബറിലാണ് യുവാവ് റഷ്യൻ സേനയിൽ ചേർന്നതെന്ന് പറയുന്നു. ഹെമിലിനെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് കാട്ടി കുടുംബം മോസ്കോയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. 100ലേറെ ഇന്ത്യക്കാർ യുക്രെയിനെതിരെ പോരാടാൻ റഷ്യ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ ചിലർ ഏജന്റുമാരാൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയതാണെന്നും കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിൽ ചേരാൻ നിർബന്ധിതരാകുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധമേഖലയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും യുദ്ധത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |