ബംഗളൂരു: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബലാത്സംഗ കേസുകളുടെ എണ്ണം പുറത്ത് വിട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരു നഗരത്തില്‍ 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 444 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.
കര്‍ണാടകയുടെ തലസ്ഥാനവും ഐടി മഹാനഗരവുമായ ബംഗളൂരുവില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നവെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. 2021ല്‍ 116 കേസുകളും, 2022ല്‍ 152 കേസുകളും 2023ല്‍ 176 കേസുകളും ബലാത്സംഗ കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തുവെന്നാണ് മന്ത്രി പറയുന്നത്.
നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീപീഡന കേസുകളുടെ എണ്ണം ബലാത്സംഗ കേസുകളെക്കാല്‍ വളരെയധികം കൂടുതലാണെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2021-23 കാലയളവില്‍ 2439 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കല്‍ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരമുള്ള കേസുകള്‍ വാര്‍ഷിക വര്‍ദ്ധനവ് കാണിക്കുന്നു, 2021 ല്‍ 573, 2022 ല്‍ 731, 2023 ല്‍ 1,135 എന്നിങ്ങനെയാണ് കണക്കുകള്‍. കൂടാതെ, 80 സ്ത്രീധന മരണം, 2,696 സ്ത്രീധന പീഡനം, 1,698 ഗാര്‍ഹിക പീഡനം, 445 അനധികൃത കടത്ത് എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡാറ്റ പങ്കുവെച്ച ശേഷം ജി പരമേശ്വര പറഞ്ഞു.112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതിനാല്‍ ഏഴോ എട്ടോ മിനിറ്റിനുള്ളില്‍ പൊലീസിന് ഏത് സ്ഥലത്തും എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ഭയ ഫണ്ടിന് കീഴില്‍ 665 കോടി രൂപ ചെലവഴിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ മാത്രം 4,500 മുതല്‍ 5,000 വരെ ക്യാമറകളുണ്ട്. സംസ്ഥാനത്ത് മൊത്തത്തില്‍ 7,500 ക്യാമറകളുണ്ട്, അതിനാല്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |