
കൊല്ലം∙ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി വീണ്ടും തള്ളി. ഗൂഢാലോചനയിൽ മുഖ്യപങ്കാളിയായ പത്മകുമാറിന് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം നിഷേധിച്ചത്.
നവംബർ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇതേ കോടതി ഡിസംബർ 12ന് തള്ളിയിരുന്നു. ചെമ്പെന്ന് പത്മകുമാർ എഴുതി ഒപ്പിട്ടത് വെറും ക്ലറിക്കൽ പിഴവെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, സാങ്കേതിക പിഴവായി മാത്രം വിലയിരുത്താൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. . പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. പോറ്റിക്കൊപ്പം ഇരുകേസുകളിലും പത്മകുമാറുമുണ്ട്. ദേവസ്വം ബോർഡിന് കൂട്ടായ നേതൃത്വമാണെന്നാണ് പത്മകുമാർ നൽകിയ മൊഴി. അതിനാൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്ന സമയത്ത് ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന്റെ പങ്ക് നിർണായകമാണെന്ന പ്രോസിക്യൂഷന്റെ വാദങ്ങളും കോടതി പരിഗണിച്ചു.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം കേസുകളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായി. 80 ദിവസത്തിൽ അധികമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നും പോറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, അന്വേഷണത്തിന്റെ ഗൗരവമായ ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാൻ സാദ്ധ്യത കൂടുതലാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു. ജാമ്യാപേക്ഷയിൽ 14ന് വിധി പറയും. പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എന്നിവരുടെ റിമാൻഡ് അവസാനിച്ച പശ്ചാത്തലത്തിൽ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |