അഞ്ചുഗോളുകളും നേടിയത് ഹാലാൻഡ്
ലണ്ടൻ : എഫ്.എ കപ്പ് ഫുട്ബാളിന്റെ അഞ്ചാം റൗണ്ടിൽ ല്യൂട്ടൺ ടൗണിനെ 6-2ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിലെത്തി. സൂപ്പർ താരം എർലിംഗ് ഹാലാൻഡാണ് സിറ്റിക്ക് വേണ്ടി അഞ്ചുഗോളുകൾ നേടിയത്. ആദ്യ പകുതിയിൽതന്നെ ഹാട്രിക് തികച്ച ഹാലാൻഡിന്റെ മികവിൽ 3-1ന് സിറ്റി മുന്നിലെത്തിയിരുന്നു.
മൂന്നാം മിനിട്ടിൽ ഹാലാൻഡ് തന്നെയാണ് സ്കോറിംഗ് തുടങ്ങിവച്ചത്.18,40,55,58 മിനിട്ടുകളിലായാണ് ഹാലാൻഡ് അഞ്ചുഗോളുകൾ തികച്ചത്. 72-ാം മിനിട്ടിൽ മാറ്റിയോ കൊവാസിച്ചാണ് സിറ്റിയുടെ അവസാന ഗോൾ സ്കോർ ചെയ്തത്. 45,52 മിനിട്ടുകളിലായി യോർദാൻ ക്ളാർക്കാണ് ല്യൂട്ടന്റെ ആശ്വാസഗോളുകൾ നേടിയത്.
1926ന് ശേഷം എഫ്.എ കപ്പിൽ സിറ്റിക്ക് വേണ്ടി ഒരു മത്സരത്തിൽ അഞ്ചുഗോളുകൾ നേടുന്ന ആദ്യ താരമാണ് എർലിംഗ് ഹാലാൻഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |