SignIn
Kerala Kaumudi Online
Sunday, 21 April 2024 1.16 AM IST

ഗവർണറുടെ അസാധാരണ നടപടി: സിദ്ധാർത്ഥിന്റെ മരണം, വി.സിക്ക് സസ്പെൻഷൻ

gov

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെയടക്കം ക്രൂരമർദ്ദനത്തെ തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനംതേടി ഹൈക്കോടതിക്ക് കത്തയച്ചു. മൂന്നു ദിവസത്തിനകം ജുഡിഷ്യൽ അന്വേഷണ സമിതിയെ പ്രഖ്യാപിക്കുമെന്നും ഗവർണർ അറിയിച്ചു. വാഴ്സിറ്റി മുൻപ്രൊഫസറും മണ്ണുത്തി സ്വദേശിയുമായ ഡോ. പി.സി. ശശീന്ദ്രനാണ് വി.സിയുടെ പകരം ചുമതല.

പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്രി അധികൃതർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ നിസംഗത പുലർത്തുന്നതിനിടെയാണ് ചാൻസലറുടെ അധികാരമുപയോഗിച്ചുള്ള ഗവർണറുടെ ചടുലനീക്കം. സർക്കാരിനിത് കനത്ത പ്രഹരമായി. കേരളത്തിൽ ആദ്യമായാണ് ഒരു വി.സിയെ ഗവർണർ സസ്‌പെൻഡ് ചെയ്യുന്നത്.

പ്രതികൾക്ക് കീഴടങ്ങാൻ അവസരമൊരുക്കിയ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞാണ് ഗവർണർ ജുഡിഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടിയത്. സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ 26ന് പരാതിനൽകിയതിനെത്തുടർന്ന് ഗവർണർ ഡി.ജി.പിയോടും വാഴ്സിറ്റിയോടും വിശദീകരണം തേടിയിരുന്നു. 28നാണ് വാഴ്സിറ്റി ഗവർണറെ സംഭവങ്ങളറിയിച്ചത്. ചുമതലകളും കടമകളും നിർവഹിക്കുന്നതിൽ വി.സി ഉദാസീനവും നിർദ്ദയവും അവജ്ഞയും ഗുരുതര കൃത്യവിലോപവും കാട്ടിയെന്നും സർവകലാശാലാ കാര്യങ്ങളിൽ ആത്മാർത്ഥതയും തീവ്രതയും കാട്ടിയില്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. മർദ്ദനം തടയുന്നതിലും വീഴ്ചയുണ്ടായി.

ആരും സൂചന തന്നില്ല: വി.സി

വിദ്യാർത്ഥികളിൽ ഒരാൾപോലും ക്രൂരതയെക്കുറിച്ച് സൂചന നൽകിയില്ലെന്ന് ഡോ.ശശീന്ദ്രനാഥ്

ഭാവിയിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഭയന്നായിരിക്കാം ഇത്

(സസ്പെൻഷനിലാകുംമുമ്പ് ഗവർണർക്ക് നൽകിയ റിപ്പോർട്ട്)

മരണം കൊലപാതകം: ഗവർണർ

സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പസിലുള്ളപ്പോൾ 3ദിവസം നീണ്ട ക്രൂരസംഭവം അധികൃതർ അറിഞ്ഞില്ലെന്നത് ദുരൂഹം

പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് റാഗിംഗല്ല, കൊലപാതകമാണെന്നാണ്.

നടപടിക്ക് ഗവർണർക്ക് അധികാരം

1.നിയമന അധികാരിയെന്ന നിലയിലാണ് ചാൻസലർകൂടിയായ ഗവർണർ ചുമതലയിൽ വീഴ്ച വരുത്തിയതിന് വി.സിയെ സസ്പെൻഡ് ചെയ്തത്

2. വാഴ്സിറ്റി നിയമപ്രകാരം അടിയന്തര ഘട്ടത്തിൽ ചാൻസലർക്ക് ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും അധികാരമുണ്ട്

3.നിയമനാധികാരിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകളുണ്ട്

''നട്ടെല്ലുള്ള ആളായതിനാലാണ് ഗവർണർ നടപടിയെടുത്തത്. അതിൽ തൃപ്തിയുണ്ട്

-ജയപ്രകാശ്, സിദ്ധാർത്ഥിന്റെ പിതാവ്

''സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നില്ല. ഇതിനോട് യോജിക്കുന്നില്ല. കുട്ടികൾ തമ്മിലുള്ള പ്രശ്നമാണ് വാഴ്സിറ്റിയിലുണ്ടായത്. മരണവാർത്ത കുടുംബത്തെ അറിയിക്കുന്നതിലാണ് ഡീനിന് വീഴ്ചയുണ്ടായത്

-മന്ത്രി ജെ.ചിഞ്ചുറാണി

 മുഖ്യ ആസൂത്രകനടക്കം ഏഴുപേർ കൂടി അറസ്റ്റിൽ

കൽപ്പറ്റ: സിദ്ധാർത്ഥിന്റെ മരണത്തിൽ ആൾക്കൂട്ട വിചാരണയുടെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെ

ഏഴ് പ്രതികൾകൂടി അറസ്റ്റിലായി. ഇതോടെ പ്രതിചേർക്കപ്പെട്ട 18പേരും പിടിയിലായി. മുഖ്യആസൂത്രകൻ കൊല്ലം ഓടനാവട്ടം എളവൻകോട്ട് സ്‌നേഹഭവനിൽ സിൻജോ ജോൺസൺ (22), അടൂർ കൃഷ്ണവിലാസത്തിൽ ജെ. അജയ് (24), പരവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കത്ത് എ. അൽത്താഫ് (21), കോഴിക്കോട് പുതിയോട്ടുക്കര വീട്ടിൽ വി. ആദിത്യൻ(20), മലപ്പുറം എടത്തോല കുരിക്കൽ ഇ.കെ.സൗദ് റിസാൽ(21),എടവണ്ണ മീമ്പറ്റ വീട്ടിൽ എം. മുഹമ്മദ് ഡാനിഷ് (23), കൊല്ലം കിഴക്കുഭാഗം നാലുകെട്ട് വീട്ടിൽ ആർ.എസ്. കാശിനാഥൻ (25) എന്നിവരാണ് ഇന്നലെ പിടിയിലായത്.

ബംഗളൂരൂവിൽ വിവിധയിടങ്ങളിൽ ഒളിവിലായിരുന്ന അജയിനെ അവിടെ നിന്നാണ് പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിൽ ഒളിവിലായിരുന്ന അൽത്താഫിനെ ബന്ധുവീട്ടിൽ നിന്നും, സിൻജോ, ആദിത്യൻ, സൗദ്, ഡാനിഷ് എന്നിവരെ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ കൽപ്പറ്റയിൽ നിന്നുമാണ് പിടികൂടിയത്. കാശിനാഥൻ കൽപ്പറ്റ ഡിവൈ.എസ്.പിക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.