തിരുവനന്തപുരം: എപ്പോഴെങ്കിലും ഭാഗ്യം നമ്മുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും ലോട്ടറിയെടുക്കുന്നത്. ചിലരെ ഭാഗ്യം കടാക്ഷിക്കും. മറ്റ് ചിലർ ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ലോട്ടറി എടുക്കും. അങ്ങനെ ലോട്ടറി എടുക്കുന്നവർക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് ദിവസേന വിൽക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് ലോട്ടറി വകുപ്പ്. ലോട്ടറി വകുപ്പ് സർക്കാരിന് നൽകിയ ശുപാർശയിൽ റംസാന് ശേഷം തീരുമാനമുണ്ടാകും. അങ്ങനെയെങ്കിൽ കേരളത്തിൽ ഓരോ ദിവസവും കോടിപതികൾ പിറക്കും.
കൂടാതെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. നിലവിൽ ലോട്ടറി ടിക്കറ്റ് വില 40 ആണ്. ഒരു കോടി സമ്മാനത്തുകയാക്കുകയാണെങ്കിൽ വില 40ൽ നിന്ന് 50 രൂപയാക്കും. വില്പന കൂടുതൽ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് ലോട്ടറി വകുപ്പിന്റെ പുതിയ നീക്കം. നിലവിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയർത്തി ഏകീകരിക്കാനാണ് നീക്കം.
അതേസമയം, ബമ്പറുകളുടെ ഒന്നാംസമ്മാനം അതത് സമയത്താണ് തീരുമാനിക്കുന്നത്. നിലവിൽ വിറ്റുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നൽകുന്നത്. ഇത് 58 ശതമാനമായി വർദ്ധിപ്പിക്കും. ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവിൽ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നത് കണക്കിലെടുത്താണിത്. കഴിഞ്ഞ ബഡ്ജറ്റിൽ അച്ചടി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോട്ടറി സീരീസുകളുടെ എണ്ണം 12ൽ നിന്ന് 15 ആക്കാനും ശുപാർശയുണ്ട്.
നിലവിലെ ഒന്നാം സമ്മാനം (ദിവസം, ലോട്ടറി, തുക ക്രമത്തിൽ)
തിങ്കൾ: വിൻവിൻ, 75 ലക്ഷം
ചൊവ്വ: സ്ത്രീശക്തി, 75 ലക്ഷം
ബുധൻ: ഫിഫ്റ്റി ഫിഫ്റ്റി- 1കോടി
വ്യാഴം: കാരുണ്യ പ്ലസ്- 80 ലക്ഷം
വെള്ളി: നിർമ്മൽ- 70 ലക്ഷം
ശനി: കാരുണ്യ - 80 ലക്ഷം
ഞായർ: അക്ഷയ- 70 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |