തിരുവനന്തപുരം: കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. കഴക്കൂട്ടത്ത് രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ദേശീയപാത നിർമാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ഇതോടെ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചിരുന്നു. തുടർന്ന് ബസുകളും മറ്റ് വാഹനങ്ങളും വഴിതിരിച്ചുവിടുകയായിരുന്നു. നിലവിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
ട്രാൻസ്ഫോർമർ വീഴുന്നതിനിടെ ഇതുവഴി സഞ്ചരിക്കുകയായിരുന്ന കാർ യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകളാണ് പൊട്ടിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴായിരുന്നു ട്രാൻസ്ഫോർമർ വീണത്. വെള്ളം കടത്തിവിട്ട പൈപ്പ് പൊട്ടുകയും തുടർന്ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് നിലംപതിക്കുകയായിരുന്നു. പൂഴിമണ്ണില് സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോമർ വീണതെന്ന് നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |