SignIn
Kerala Kaumudi Online
Saturday, 27 April 2024 6.00 PM IST

അമേരിക്കയെ നടുക്കിയ 'ബാൾട്ടിമോർ' ഒന്നുമാത്രം, കപ്പലിടിച്ച് തകർത്തത് 18 പാലങ്ങൾ, പൊലിഞ്ഞത് 342 ജീവനുകൾ

accidents

അമേരിക്കയിൽ മേരിലാൻഡിലെ ബാൾട്ടിമോർ തുറമുഖത്തിന് സമീപമുള്ള കൂറ്റൻ ഉരുക്ക് പാലം കണ്ടെയ്‌നർ കപ്പൽ ഇടിച്ച് പൂർണമായും തകർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നതാണ്. എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്? എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു? തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആറ് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.

എട്ട് ഡിഗ്രി വരെ തണുപ്പുള്ള വെള്ളത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന വാർത്തകളും കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. കപ്പലിന്റെ എൻജിൻ കേടായി ഇടിച്ചതാണെന്ന് റിപ്പോർട്ടുണ്ട്. സിനർജി മറൈൻ ഗ്രൂപ്പിന്റെ 300മീറ്റർ നീളമുള്ള ഡാലി എന്ന ഭീമൻ ചരക്കുകപ്പൽ പാലത്തിന്റെ ഒരു തൂണിൽ ഇടിക്കുകയായിരുന്നു. സിംഗപ്പൂർ രജിസ്ട്രേഷനുള്ള കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. എല്ലാവരും സുരക്ഷിതരാണ്. ബാൾട്ടിമോർ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പലിൽ വളരെ ഉയരത്തിൽ കണ്ടെയ്‌നറുകൾ അടുക്കിയിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലം പല ഭാഗങ്ങളായി തകർന്ന് നദിയിൽ വീഴുകയായിരുന്നു. ഒരു ഭാഗം കപ്പലിന്റെ മുകളിലും വീണു. പാലം തകരുന്നതിനിടെ നിരവധി ചെറിയ സ്ഫോടനങ്ങൾ ഉണ്ടായി.

പാലങ്ങൾ തകരുന്നത് പുതുമയുളള കാര്യമല്ല

ഇത്തരത്തിലുളള നിരവധി ഭീമൻ കപ്പലുകളും ബാർജുകളും കൂട്ടിയിടിച്ച് അമേരിക്കയിലെ വിവിധയിടങ്ങളിലെ ചെറുതും വലുതുമായ പാലങ്ങൾ തകർന്ന് ദാരുണമായി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 1960 മുതൽ 2015 വരെയുളള ലോകമെമ്പാടുമുളള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 35ൽ പരം പാലങ്ങൾ ഇത്തരത്തിൽ തകർന്നിട്ടുണ്ട്. അങ്ങനെയുളള അപകടത്തിലൂടെ 342ഓളം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 2018ലെ വേൾഡ് അസോസിയേഷൻ ഫോർ വാട്ടർബോൺ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്‌ട്രെക്ച്ചറിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ മാത്രം ഇതുവരെ 18ഓളം പാലങ്ങൾ ഇത്തരത്തിൽ തകർന്നിട്ടുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ship

പോപ്പ്സ് ഫെറി പാലം

1928 ഡിസംബറിൽ സുഗമമായി ഗതാഗതത്തിന് സർക്കാർ നിർമിച്ചതാണ് പോപ്പ്സ് ഫെറി പാലം. 2005ൽ ആഗസ്​റ്റ് മാസത്തിലുണ്ടായി കത്രീന ചുഴലിക്കാ​റ്റ് പാലത്തിനെ ചെറുതായി ബാധിച്ചിരുന്നു. ചെറിയ അ​റ്റക്കു​റ്റ പണികൾക്ക് ശേഷം പാലം ആ വർഷം തന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. അതിനിടയിൽ 2009 മാർച്ച് 20നാണ് അടുത്ത സംഭവം നടക്കുന്നത്. ബിലോക്സിയിലെ മിസിസിപ്പി നദിക്ക് കുറുകെ നിർമിച്ച പോപ്പ്സ് ഫെറി പാലത്തിലേക്ക് എട്ടോളം ബാർജുകളടങ്ങിയ കപ്പൽ വന്നിടിക്കുകയായിരുന്നു. ഇതോടെ പാലത്തിന്റെ ഒരു വലിയ ഭാഗം 150 അടിയോളം താഴ്ചയിൽ വെളളത്തിനടിയിലായി. പക്ഷെ വലിയ തരത്തിലുളള അപകടമല്ലായിരുന്നു അത്. തുടർന്ന് ആ വർഷം തന്നെ പാലം പുനർനിർമിച്ച് ഗതാഗത്തിനായി തുറന്നുകൊടുത്തു. 2020 ജൂലായ് 14നും സമാനസംഭവം പോപ്പ്സ് ഫെറി പാലത്തിൽ നടന്നു. മൂന്ന് ബാർജുകളുമായെത്തിയ ഒരു കപ്പൽ പാലത്തിൽ ഇടിക്കുകയും മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.

accident

ഐ 40 പാലം അല്ലെങ്കിൽ ഇന്റർസ്റ്റേ​റ്റ് പാലം

അമേരിക്കയിലെ തന്നെ ഏ​റ്റവും നീളം കൂടിയ പാലമാണിത്. ഒക്കലേഹേമിലെ വെബർഫാൾസിലെ ആകാൻസാ നദിയ്ക്ക് മുകളിലൂടെ പണികഴിപ്പിച്ച പാലമാണിത്. 2002 മേയ് 26ന് പുലർച്ചയോടെയാണ് ചരക്കുകപ്പൽ വന്നിടിച്ച് പാലം തകർന്ന് അപകടം സംഭവിക്കുന്നത്. അപകടത്തിൽ 14ഓളം പേർ മരിക്കുകയും 11 പേർക്ക് ഗുരുതരപരിക്ക് സംഭവിക്കുകയും ചെയ്തു.

ക്വീൻ ഇസബെല്ല കോസ്‌വേ
അമേരിക്കയിലെ ഇസബെല്ല പോർട്ട് മുതൽ ടെക്സാസ് വരെ നീണ്ടുകിടക്കുന്ന കൂ​റ്റൻ ഇരുമ്പ് പാലമാണിത്. 1974ലാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ടെക്സാസിലെ തന്നെ ഏ​റ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാണിത്. 2.37 മൈൽ (3.81 കിലോമീ​റ്റർ ) ആണ് നീളം. 2001 സെപ്​റ്റംബറിൽ 15ന് ചരക്ക് കപ്പലിടിച്ച് പാലം തകർന്നിട്ടുണ്ട്. ഇതോടെ പാലത്തിന്റെ വലിയൊരു ഭാഗം 80 അടിയോളം താഴ്ചയിൽ വെളളത്തിലേക്ക് വീഴുകയായിരുന്നു. എട്ട് ബാർജറുമായി വന്ന കപ്പലാണ് കാരണം. അപകടത്തിൽ ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന എട്ട് പേർ മരിച്ചിരുന്നു.

issue

ഈഡ്സ് പാലം

റോഡ് ഗതാഗത്തെയും റെയിൽവേ ഗതാഗതത്തെയും ഒരു പോലെ സഹായകമാകുന്ന അമേരിക്കയിലെ മിസിസിപ്പി നദിയുടെ കുറുകെ പണികഴിപ്പിച്ച പാലമാണിത്.ശിൽപ്പിയായ ജെയിംസ് ബുക്കാനൻ ഈഡ്സിന്റെ പേരിലാണ് പാലമറിയപ്പെടുന്നത്. 1867 മുതലാണ് ഈഡ്സ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1874ൽ പണിപൂർത്തിയാക്കിയ പാലം അമേരിക്കൻ ജനതയ്ക്ക് ഗതാഗത്തിന് ഏറെ പ്രയോജനകരമായിരുന്നു.1998 ഏപ്രിൽ 14നാണ് പാലം കപ്പലിടിച്ച് തകരുന്നത്. എട്ട് ബാർജറുകളുമായെത്തിയ കപ്പലാണ് ഇടിച്ചത്. അപകടത്തിൽ 50ൽ പരം ആളുകൾക്ക് ഗുരുതര പരിക്കുകൾ സംഭവിച്ചു.


ബിഗ് ബേയു കനോട്ട്
അലബാമയിലാണ് പാലം സ്ഥിതിചെയ്യുന്നത്. അമേരിക്കയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനുമാണ് ഈ പാലം 1993ൽ പണികഴിപ്പിച്ചത്.എന്നാൽ കടുത്ത മഞ്ഞുവീഴ്ച മൂലം ദിശമാറിയെത്തിയ കപ്പൽ പാലത്തെ ഇടിക്കുകയായിരുന്നു. പാലം തകർന്നത് അറിയാതെ എത്തിയ അമൃതക് ട്രെയിനിന്റെ പാളം തെ​റ്റി 47 പേർ മരിക്കുകയും 103 പേർക്ക് പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIP, ACCIDENTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.