SignIn
Kerala Kaumudi Online
Saturday, 27 April 2024 6.27 PM IST

കിഴക്കിന്റെ വെനീസ് ആവേശക്കനൽ

ariif

ആലപ്പുഴ: സി.പി.എമ്മിന്റെ കേരളത്തിലെ ഏക ലോക്സഭാ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ മത്സരം തീപാറുകയാണ്.

തുടർഭരണത്തിൽ കേരളമാകെ തീക്കനലാക്കാൻ ഇടതുമുന്നണിയും, കനലണച്ച് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഇരുമുന്നണികൾക്കുമെതിരെ എൻ.ഡി.എയും കളത്തിലിറങ്ങിയതോടെ കിഴക്കിന്റെ വെനീസിൽ പോര് മുറുകി. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളിയും ഉൾപ്പെട്ടതാണ് ആലപ്പുഴ മണ്ഡലം.

2009 മുതലാണ് കരുനാഗപ്പള്ളി ആലപ്പുഴയുടെ ഭാഗമായത്. സിറ്റിംഗ് എം.പി എ.എം. ആരിഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് കോൺഗ്രസ് നിയോഗിച്ചത്. ശോഭാസുരേന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

 എ.എം. ആരിഫ് (എൽ.ഡി.എഫ്)
രാജ്യത്ത് ബി.ജെ.പി വെല്ലുവിളി ഉയർത്തുമ്പോൾ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം. രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ബി.ജെ.പിക്കെതിരായി വോട്ട് ചെയ്യും. കേന്ദ്രസർക്കാരിന്റെ പുതിയ നിയമങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കാനും രാജ്യത്തെ വിഭജിക്കാനുമാണ്. മണ്ഡലത്തിനർഹമായ വികസന പദ്ധതികൾ കേന്ദ്രം അനുവദിക്കാറില്ല. ശക്തമായ ഇടപെടലാണ് നടത്തിയത്. തീരദേശ റെയിൽവേപ്പാത ഇരട്ടിപ്പിക്കലിന് 2660 കോടി അനുവദിച്ചു. ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥമാക്കുന്നതിനും ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 10 കോടി നേടിയെടുത്തതും കഠിന പരിശ്രമത്തിലൂടെയാണ്. രാജ്യത്ത് 14 കേന്ദ്രീയവിദ്യാലയങ്ങൾ പൂട്ടിയപ്പോൾ നിയമനടപടിയിലൂടെ കായംകുളത്ത് നിലനിറുത്താനായി. തിരുവനന്തപുരം ഉൾപ്പെടെ ആകാശവാണി നിലയങ്ങൾ പൂട്ടിയപ്പോൾ ആലപ്പുഴയിൽ നിലനിറുത്തി. എം.പി ഫണ്ട് വിനിയോഗം നൂറ് ശതമാനത്തിലെത്തിച്ചു.

 കെ.സി. വേണുഗോപാൽ (യു.ഡി.എഫ്)

വർഗീയ ശക്തികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുത്ത് മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുകയാണ് ലക്ഷ്യം. വർഗീയതയോട് സന്ധിയില്ല. സുസ്ഥിരവികസനവും ജനക്ഷേമവുമാണ് ഇന്ത്യമുന്നണിയും കോൺഗ്രസും ലക്ഷ്യമിടുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരു കുടക്കീഴിലാണ്. യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ എല്ലാ വിഭാഗങ്ങളെയും വഞ്ചിച്ചവരാണ്. ആലപ്പുഴയെ ഒരുകാലത്തും ഒഴിച്ചുനിറുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തെ വികസനം ഫ്ളക്സിൽ മാത്രമാണ്. കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്. കയർ-മത്സ്യമേഖലകൾ നിശ്ചലമായി. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പ്രതിഫലിക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കി. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. റേഷനരിപോലും കിട്ടാനില്ല. ആശുപത്രികളിൽ മരുന്നില്ല. ക്ഷേമപെൻഷനും ക്ഷേമപദ്ധതികളും മുടങ്ങി. കർഷക ആത്മഹത്യ തുടർക്കഥയായി. 20 സീറ്റും യു.ഡി.എഫിന് സമ്മാനിച്ച് ജനം എൽ.ഡി.എഫിനെ ശിക്ഷിക്കും.

 ശോഭാ സുരേന്ദ്രൻ (എൻ.ഡി.എ)

രാജ്യത്ത് വികസന മുന്നേറ്റത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വം തുടരണം. ആലപ്പുഴയുടെ മുഖച്ഛായ മാറ്റാനും വികസന പദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള വികസന പദ്ധതികൾ എൻ.ഡി.എ നടപ്പാക്കും. പരമ്പരാഗത തൊഴിൽ മേഖലകളുടെയും ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം രംഗത്തിന്റെയും സമഗ്രവികസനത്തിന് കേന്ദ്രത്തിൽ ഉറച്ച സർക്കാരാണ് ജനം ആഗ്രഹിക്കുന്നത്. വികസന കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും പരാജയമാണ്. അഞ്ച് വർഷം ആലപ്പുഴയുടെ അടിസ്ഥാന വികസനത്തിന് ഒരു നിവേദനം പോലും എം.പി കൊടുത്തിട്ടില്ല. മുൻമന്ത്രിയായ കോൺഗ്രസ് സ്ഥാനാർത്ഥിയും ആലപ്പുഴയുടെ വികസനത്തിന് ഇടപെട്ടില്ല. ആലപ്പുഴയിൽ ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ചത് മോദി സർക്കാരിന്റെ ഇടപെടലാണ്. 300ൽ അധികം വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിച്ചു. ഉത്തരം ചിതലരിച്ച് തകർന്ന് വീഴുന്ന വീടിന്റെ അവസ്ഥയിലാണ് സർക്കാരും കേരളവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.