കൊച്ചി: കോളേജ് ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥി രാഷ്ട്രീയം തടയണമെന്നും, രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ ചായ്വ് ഇല്ലാത്ത വിദ്യാഭ്യാസ വിദഗ്ദ്ധരെ വൈസ് ചാൻസലർമാരാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തിലും മാനദണ്ഡം പാലിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹർജി നൽകിയത്. രാജ്യത്തിന്റെ സമഗ്രവികസനത്തിനുള്ള ആശയങ്ങളുണ്ടാകേണ്ട വിദ്യാർത്ഥികൾക്ക് ക്യാമ്പസിലോ ഹോസ്റ്റലിലോ രാഷ്ട്രീയപ്രവർത്തനം നടത്താൻ അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു. ക്യാമ്പസ് രാഷ്ട്രീയം അക്രമത്തിലേക്ക് വഴിമാറുകയാണ്. വിദ്യാർത്ഥികളെയും ക്യാമ്പസുകളെയും സംരക്ഷിക്കാൻ ശക്തമായ നിയമം ആവശ്യമാണെന്നും ചാൻസലർ, ചീഫ് സെക്രട്ടറി, സർവകലാശാല മേധാവികൾ എന്നിവരെയും വിദ്യാർത്ഥി സംഘടനകളെയും എതിർകക്ഷികളാക്കി നൽകിയ ഹർജിയിൽ പറയുന്നു. സാമൂഹിക-സാംസ്കാരികരംഗത്ത് സജീവമായ ഹർജിക്കാരൻ 50 വർഷമായി ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നു.
ഇന്ത്യയൊട്ടാകെ ക്രൈസ്തവർ
പ്രശ്നങ്ങൾ നേരിടുന്നു: ആർച്ച് ബിഷപ്പ്
മാള : ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ പെസഹാദിന സന്ദേശത്തിൽ പറഞ്ഞു. തൃശൂർ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പെസഹ ദിന ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ''സഹനം ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണ് സഹനം. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പൊസിറ്റീവ് എനർജിയിലേക്ക് നയിക്കും'' റാഫേൽ തട്ടിൽ വിശദീകരിച്ചു.
സഹകരണ സംഘങ്ങളിലേക്കുള്ള ആദ്യ ഓൺലൈൻ പരീക്ഷ ഏപ്രിൽ 7ന്
തിരുവനന്തപുരം: ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള സഹകരണ സർവീസ് പരീക്ഷാബോർഡിന്റെ ആദ്യ ഓൺലൈൻ പരീക്ഷ ഏപ്രിൽ ഏഴിന് നടക്കും.
501 അപേക്ഷകർക്കാണ് ആദ്യഓൺലൈൻ പരീക്ഷയ്ക്ക് സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരത്ത് പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിംഗ് കോളേജ്, എറണാകുളം കാക്കനാട് രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ്, കണ്ണൂർ പറശിനിക്കടവ് ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരത്ത് 111, എറണാകുളത്ത് 226, കണ്ണൂരിൽ 164 പേരാണ് പരീക്ഷയെഴുതുന്നത്.
അഭിമുഖത്തിന്റെ മാർക്ക് കൂടി ചേർത്ത് റാങ്ക്പട്ടിക തയ്യാറാക്കും. ആദ്യ പരീക്ഷയുടെ വിജയം അടിസ്ഥാനമാക്കി കൂടുതൽ പരീക്ഷകൾ ഓൺലൈനിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി ബോർഡ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |