കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനെ ഇരുണ്ട യുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന ഭയം അധികം വൈകാതെ പൂർണമായും യാഥാർത്ഥ്യമായേക്കും. വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ ഔദ്യോഗിക ചാനലിൽ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹം വാദിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ താലിബാന്റെ ഇസ്ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്ന് അഖുന്ദ്സാദ ശബ്ദ സന്ദേശത്തിൽ പറയുന്നു. 'കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ ഉടൻ നടപ്പിലാക്കും. ഞങ്ങൾ സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ട് അടിക്കും അവരെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലും.'- എന്നാണ് പറയുന്നത്.
2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്‌ക്കൊക്കെ വിലക്കേർപ്പെടുത്തി.
അധികാരത്തിൽ തിരിച്ചെത്തി ഒരു മാസത്തിന് ശേഷം, പെൺകുട്ടികൾ സെക്കൻഡറി സ്‌കൂളിൽ ചേരുന്നത് വിലക്കി. 2022 ഡിസംബറിൽ യൂണിവേഴ്സിറ്റി പ്രവേശനവും നിഷേധിച്ചു. പിന്നീട് തൊഴിൽ മേഖലയിൽ അവരുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തു. വിവാഹം പോലും പെൺകുട്ടികളുടെ അനുമതിയില്ലാതെയാണ് അഫ്ഗാനിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |