SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.56 AM IST

കടൽകൊള്ളക്കാരുടെ പേടിസ്വപ്‌നം, ലോകരാജ്യങ്ങളുടെ ആശ്രയം; സമുദ്രം കാക്കാൻ ഇനി ഇന്ത്യൻ നാവികസേനയുണ്ട്

indian-navy

അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ടിനെയും 23 പാകിസ്ഥാനി ജീവനക്കാരെയും 12 മണിക്കൂർ നീണ്ട ദൗത്യത്തിൽ ഇന്ത്യൻ നാവികസേന രക്ഷിച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്. 'അൽ - കമ്പർ 786 'എന്ന ബോട്ടിനെ രക്ഷിക്കാൻ വെള്ളിയാഴ്ച പുലർച്ചെ പട്രോൾ കപ്പലായ ഐ എൻ എസ് സുമേധയുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോട്ടിനെ നേവിയുടെ അകമ്പടിയോടെ സുരക്ഷിത മേഖലയിൽ എത്തിച്ചിരിക്കുയാണ്. ഇത്തരത്തിൽ ഡിസംബർ പകുതി മുതൽ ഇതുവരെ 18 രക്ഷാപ്രവർത്തനങ്ങളാണ് അറേബ്യൻ കടലിൽ ഇന്ത്യൻ നാവികസേന നടത്തിയത്. ഇന്ത്യൻ നാവികസേന രൂപംകൊടുത്ത ഓപ്പറേഷൻ സങ്കൽപ്പിന് കീഴിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

ഓപ്പറേഷൻ സങ്കൽപ്

ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗൾഫിലും ഒമാൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന വികസിപ്പിച്ച പദ്ധതിയാണ് ‘ഓപ്പറേഷൻ സങ്കൽപ്’. 2019 ജൂണിൽ ഒമാൻ ഉൾക്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന ഗൾഫ് മേഖലയിൽ ഓപ്പറേഷൻ സങ്കൽപ് എന്ന കോഡിൽ മാരിടൈം സെക്യൂരിറ്റി ഓപ്പറേഷനുകൾ ആരംഭിക്കുകയായിരുന്നു. ഇതുവരെ ഇരുപത്തിമൂന്ന് യുദ്ധക്കപ്പലുകളാണ് ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ പ്രതിദിനം ശരാശരി 16 ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുകയും ചെയ്യുന്നു.

രാജ്യങ്ങളുടെ രക്ഷകൻ

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്ക്, എണ്ണ ട്രാൻസിറ്റ് പോയിന്റുകളിലൊന്നായ ചെങ്കടൽ ഇടനാഴിയിൽ 2023 ഡിസംബർ മുതൽ ഇസ്രായേൽ- ഹമാസ് സംഘർഷത്തിന്റെ ഭാഗമായി സമുദ്രമേഖലയിലുണ്ടാവുന്ന പ്രശ്‌നങ്ങളിലും ഇന്ത്യൻ നാവികസേന സജീവമായി പ്രതികരിക്കുന്നു. ഇത്തരത്തിൽ 2023 ഡിസംബറിനും 2024 മാർച്ചിനുമിടയിൽ പതിനെട്ടോളം സംഭവങ്ങളിൽ നാവികസേന ഇടപെടൽ നടത്തിയിട്ടുണ്ട്. അതിനാൽതന്നെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ "ആദ്യ പ്രതികരണം", "പ്രധാന സുരക്ഷാ പങ്കാളി" എന്നീ നിലകളിൽ നാവികസേന നിർണായക പങ്ക് വഹിക്കുന്നു. ഈ കാലയളവിൽ തന്നെ കടൽകൊള്ളക്കാരുടെ ആക്രമണങ്ങളിൽ നിരവധി രാജ്യങ്ങളുടെ രക്ഷകനായും ഇന്ത്യൻ നേവിയെത്തി.

മദർഷിപ്പിന്റെ രക്ഷകനായി ഇന്ത്യൻ നേവി

2023 ഡിസംബർ 14ന് മാൾട്ടയുടെ പതാകയേന്തിയ എം വി റുവൻ എന്ന കാർഗോ കപ്പലിനെ അറേബ്യൻ കടലിൽ കടൽകൊള്ളക്കാർ പിടിച്ചെടുത്തിരുന്നു. കപ്പലിലെ ക്രൂ സിഗ്നൽ കൊടുത്തതിന് പിന്നാലെ ഇന്ത്യൻ നാവികസേന മാൾട്ട കപ്പൽ തിരയാൻ തുടങ്ങി. ആറ് കടൽകൊള്ളക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ തന്നെ ഗൾഫ് ഒഫ് ഏദനിൽ പട്രോളിംഗിലുണ്ടായിരുന്ന യുദ്ധക്കപ്പലിലെ നാവികസേന അയച്ചു. ഇതിനിടെ ഒരു ക്രൂ അംഗത്തിന് പരിക്കേറ്റതായി നാവികസേന ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. തുടർന്ന് നാല് ദിവസം തുടർച്ചയായി നടന്ന സൈനിക ഓപ്പറേഷനൊടുവിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ നാവികസേന രക്ഷിച്ച് പുറത്തെത്തിച്ചു. എന്നിരുന്നാലും കടൽകൊള്ളക്കാർ കപ്പൽ പിടിച്ചെടുക്കുകയും സൊമാലിയൻ തീരത്തേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.

മൂന്ന് മാസത്തിനുശേഷം സൊമാലിയൻ കടൽതീരത്ത് എം വി റുവനെ കണ്ടെത്തിയതായി ബ്രിട്ടീഷ് മാരിടൈം സുരക്ഷാ സ്ഥാപനം ഇന്ത്യൻ നേവിക്ക് വിവരം നൽകി. കൂറ്റൻ കപ്പലിനെ ഇതിനിടെ കടൽകൊള്ളക്കാർ മദർഷിപ്പാക്കി മാറ്റിയിരുന്നു. മാർച്ച് 15ന് ഐ എൻ എസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലുമായി വീണ്ടും നാവികസേന ഓപ്പറേഷനുവേണ്ടി പുറപ്പെട്ടു. 2,600 കിലോമീറ്റർ സഞ്ചരിച്ച് റുവൻ കപ്പലിനെ അടുത്തദിവസം രാവിലെ കണ്ടെത്തി. തുടർന്ന് 40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം 35 സൊമാലിയൻ കൊള്ളക്കാരെയും കീഴടക്കി നാവികസേന കപ്പലിന്റെ നിയന്ത്രണം വീണ്ടെടുത്തു. കപ്പലിൽ ബന്ദികളാക്കിയിരുന്ന 17 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഐ എൻ എസ് സുഭദ്ര, എച്ച് എ എൽ ഇ ആർ പി എ ‌ഡ്രോണുകൾ, പി8ഐ മാരിടൈം പട്രോൾ എയർക്രാഫ്റ്റ് എന്നിവയും ഓപ്പറേഷനിൽ ഐ എൻ എസ് കൊൽക്കത്തയെ സഹായിക്കാനെത്തിയിരുന്നു. എട്ട് മറൈൻ കമാൻഡോകളാണ് ഓപ്പറേഷനിൽ കടൽകൊള്ളക്കാരുമായി ഏറ്റുമുട്ടിയത്. ഓപ്പറേഷനിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.

ഈ ഓപ്പറേഷനുശേഷം ചെങ്കടലിന് കിഴക്കുള്ള കപ്പലുകളെ സഹായിക്കാൻ ഏദൻ ഉൾക്കടലിലും വടക്കൻ അറബിക്കടലിലുമായി ഒരു ഡസനോളം യുദ്ധക്കപ്പലുകളെയാണ് വിന്യസിച്ചിട്ടുള്ളത്. യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ നാവികസേന യെമനിലെ ഹൂതികളിൽ നിന്ന് കടൽമാർഗത്തെ സംരക്ഷിക്കാൻ പട്രോളിംഗ് നടത്തുന്നുണ്ട്. പ്രദേശങ്ങളിൽ ഇന്ത്യൻ നാവികസേനയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാനികൾക്കും രക്ഷകനായി ഇന്ത്യൻ നാവികസേന

ഐ എൻ എസ് കൊൽക്കത്ത ഓപ്പറേഷന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാനിയൻ മത്സ്യബന്ധന കപ്പലിനെ നാവികസേന രക്ഷിക്കുന്നത്. അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ടിനെയും 23 പാകിസ്ഥാനി ജീവനക്കാരെയും 12 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്ത്യൻ നാവികസേന രക്ഷിച്ചത്. കടൽക്കൊള്ളക്കാരെല്ലാം കീഴടങ്ങി. ബന്ദികളാക്കപ്പെട്ട ജീവനക്കാരെ മോചിപ്പിച്ചു. ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

'അൽ - കമ്പർ 786 ' എന്ന ബോട്ടിനെ രക്ഷിക്കാൻ വെള്ളിയാഴ്ച പുലർച്ചെ പട്രോൾ കപ്പലായ ഐ എൻ എസ് സുമേധയുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോട്ടിനെ നേവിയുടെ അകമ്പടിയോടെ സുരക്ഷിത മേഖലയിൽ എത്തിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് കടൽകൊള്ളക്കാർ ബോട്ടിൽ കടക്കുകയായിരുന്നു. പിന്നാലെ ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. യെമനിലെ സൊകോത്ര ദ്വീപിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞെത്തിയ ഐ എൻ എസ് സുമേധ പുലർച്ചെ ബോട്ടിനെ തടഞ്ഞു. സഹായത്തിനായി ഐ എൻ എസ് ത്രിശൂൽ യുദ്ധക്കപ്പലും എത്തി. ഭയന്ന കൊള്ളക്കാർ ആക്രമണത്തിന് മുതിരാതെ കീഴടങ്ങുകയായിരുന്നു. പിടികൂടിയ കൊള്ളക്കാരെ ഇന്ത്യയിലെത്തിക്കുമെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്.

കടൽകൊള്ളക്കാരുടെ പേടി സ്വപ്നം

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നമായി മാറിയ ഇന്ത്യൻ നേവി സമീപകാലത്ത് നിരവധി കപ്പലുകളെയും നാവികരെയുമാണ് രക്ഷിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാൾട്ട രജിസ്ട്രേഷനുള്ള എം വി റുവൻ എന്ന കപ്പലിനെ 40 മണിക്കൂർ നീണ്ട ദൗത്യത്തിൽ രക്ഷിച്ചതും 35 കടൽക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.

2023 ഡിസംബർ 14 മുതൽ 100 ദിവസത്തിനിടെ 45 ഇന്ത്യക്കാർ ഉൾപ്പെടെ 110 പേരുടെ ജീവൻ നാവികസേന രക്ഷിച്ചു. 57 ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ, 39 കടൽക്കൊള്ളകൾ, ഹൈജാക്കിംഗ് എന്നിവയുൾപ്പെടെ 90 ലധികം സംഘർഷങ്ങളിൽ നാവികസേന രക്ഷകരായി എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN NAVY, OPERATIONS, MALTA SHIP RESCUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.