കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സിപിഎം നേതാക്കളുടെ ശ്രമങ്ങൾക്ക് തടയിട്ട് ഇഡി. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന കർശനനിർദ്ദേശം നൽകിയിരിക്കുകയാണ് ഇഡി. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് എംഎം വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങാതെ ഇഡി നിലപാട് കർശനമാക്കുകയായിരുന്നു.
കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് നേരത്തേ ഇഡി കണ്ടെത്തിയിരുന്നു. ഇത് സിപിഎമ്മുമായി ബന്ധപ്പെട്ടതാണെന്ന സംശയവും ഇഡി പ്രകടിപ്പിച്ചിരുന്നു. അക്കൗണ്ട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് പ്രധാനമായും വർഗീസിനെ വിളിച്ചുവരുത്തുന്നത്. ഈ രഹസ്യ അക്കൗണ്ടുകളിലൂടെയാണ് ബിനാമി വായ്പകളുടെ കമ്മിഷൻ കൈകാര്യം ചെയ്തതെന്നും ഇഡി വിശദീകരിക്കുന്നുണ്ട്.
കരുവന്നൂർ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് പാർട്ടി നിയോഗിച്ച കമ്മിഷനിൽ അംഗമായിരുന്നു കൗൺസിലർ പി കെ ഷാജൻ. കമ്മിഷനിലെ മറ്റൊരു അംഗവും മുൻ എംപിയുമായ പി കെ ബിജുവിനെ ഇന്നലെ ഇഡി ചോദ്യംചെയ്തിരുന്നു. രാവിലെ പതിനൊന്നുമണിയാേടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എഴരവരെ നീണ്ടു. മുഴുവൻ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതായി അദ്ദേഹം പറഞ്ഞു. തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് അടുത്തബന്ധമുണ്ടെന്നുള്ള മൊഴിയും നേരത്തേ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |