കൊച്ചി: എറണാകുളം എം.ജി റോഡ് മെട്രോസ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ - മറൈൻഡ്രൈവ് വഴി തേവരവരെ ബന്ധിപ്പിച്ചുള്ള ലൂപ്പ്ലൈനിൽ കെ.എം.ആർ.എൽ ലൈറ്റ്ട്രാം മോഡലിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നു. ഇതിനായി ഹെസ്ഗ്രീൻ മൊബിലിറ്റിയിലെ അധികൃതരുമായി കെ.എം.ആർ.എൽ ചർച്ചനടത്തി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ലൈറ്റ്ട്രാം നടപ്പിലാക്കിയ സംഘമാണ് ഹെസ്ഗ്രീൻ മൊബിലിറ്റി.
പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങൾ കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈറ്റ്ട്രാം അധികൃതർ സന്ദർശിച്ചു. എം.ജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ - മേനക- ജോസ് ജംഗ്ഷൻവഴി തേവരവരെയുള്ള 6.2 കിലോമീറ്ററിൽ ലൈറ്റ്ട്രാം നടപ്പിലാക്കാനാകുമെന്നാണ് ഹെസ്ഗ്രീൻ മൊബിലിറ്റി അധികൃതരുടെ ആദ്യവിലയിരുത്തൽ. സാദ്ധ്യതാ പഠനവും തുടർന്ന് ഡി.പി.ആറും തയ്യാറാക്കാനാണ് കെ.എം.ആർ.എല്ലിന്റെ തീരുമാനം.
വാട്ടർ മെട്രോയ്ക്കും ഗുണകരം
എം.ജി റോഡ് മെട്രോസ്റ്റേഷനുമായി കൊച്ചി വാട്ടർമെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിനെ ബന്ധിപ്പിക്കുവാൻ ലൈറ്റ്ട്രാം സഹായകരമാകും. തേവരയിൽനിന്നുള്ളവർക്കും പശ്ചിമകൊച്ചിയിൽനിന്നുള്ളവർക്കും മെട്രോയിലേക്ക് സുഗമമായി എത്താം.
ലൈറ്റ് ട്രാമുകൾ
റോഡ് നിരപ്പിലും മെട്രോയ്ക്ക് സമാനമായും ഭൂഗർഭമായും പ്രവർത്തിക്കാം
മൂന്ന് ബോഗികളിലായി 25മീറ്റർ നീളം
240 പേർക്ക് യാത്രചെയ്യാം
ഇലക്ട്രിക്-ചാർജിംഗിനുവേണ്ടത് വെറും 6മിനിറ്റ്
ഭിന്നശേഷി സൗഹൃദം
ചെലവ് മെട്രോയുടെ നാലിലൊന്ന്
പദ്ധതി യാഥാർത്ഥ്യമായാൽ കൊച്ചി മെട്രോയുടെ ഫീഡറായും മെട്രോയുടെതന്നെ ഉദ്ദേശ്യം നിറവേറ്റാനും ലൈറ്റ്ട്രാമിന് സാധിക്കുമെന്നാണ് പ്രതീക്ഷ.- ലോക്നാഥ് ബെഹ്റ, മാനേജിംഗ് ഡയറക്ടർ, കെ.എം.ആർ.എൽ
ഇന്ത്യയിൽ നിർമ്മാണയൂണിറ്റുകൾ ആരംഭിക്കുവാൻ പദ്ധതിയുണ്ട്. ഇവ യാഥാർത്ഥ്യമായാൽ പദ്ധതിച്ചെലവ് വീണ്ടും കുറയ്ക്കാനാകും.- കിഷോർകുമാർ ഗാട്ടു, ഡയറക്ടർ, ഹെസ്ഗ്രീൻ മൊബിലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |