കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനെ ഹൈക്കോടതി കക്ഷി ചേർത്തു. വസ്തുതകൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യ സമിതി കൺവീനറുമായ തിരുവനന്തപുരം സ്വദേശി പി.ഇ. ഉഷ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ.ബാബുവിന്റെ പരിഗണനയിലുള്ളത്. സഹപ്രവർത്തകരിൽ നിന്നടക്കമുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്ന് അനീഷ്യ ജീവനൊടുക്കിയെന്നാണ് കേസ്. ജനുവരി 21നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീടുകളിൽ പരിശോധന: അപലപിച്ചു
തിരുവനന്തപുരം: അസി. പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാക്കപ്പെട്ട പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ, അസി. പബ്ളിക് പ്രോസിക്യൂട്ടർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ അവരുടെ വീടുകൾ പരിശോധിച്ചതിനെ കേരള അസി.പബ്ളിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ അപലപിച്ചു. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിൽ ബാഹ്യഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |