SignIn
Kerala Kaumudi Online
Saturday, 27 July 2024 9.04 AM IST

യുദ്ധം ആസന്നം, ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

ship

# കപ്പലിൽ രണ്ടു മലയാളികൾ
അടക്കം 17 ഇന്ത്യക്കാർ

# മോചനത്തിനായി
ഇന്ത്യയുടെ ഇടപെടൽ

ടെഹ്‌റാൻ: ഇറാൻ- ഇസ്രയേൽ യുദ്ധം ഏതു സമയത്തും തുടങ്ങാമെന്ന ആശങ്ക ശക്തമായിരിക്കേ, യു.എ.ഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന ഇസ്രയേലി ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. രണ്ടു മലയാളികൾ അടക്കം 17 ഇന്ത്യക്കാർ കപ്പലിലുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ടെഹ്റാനിലും അടിയന്തര ഇടപെടൽ തുടങ്ങി. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് മലയാളികൾ. ഇവരെക്കുറിച്ച് കൂടുതൽ വിവരം അറിവായിട്ടില്ല.

പാലസ്തീനിലെ ഹമാസിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേൽ, രണ്ടാഴ്ച മുമ്പ് സിറിയയിലെ ഡമാസ്കസിൽ ഇറാന്റെ എംബസി മന്ദിരത്തിനുനേരെ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ടു ജനറൽമാർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.

ഇസ്രയേലിലെ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്റെ കപ്പലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (ഐ.ആർ.ജി.എസ്) പിടിച്ചെടുത്തത്.ഹോർമുസ് കടലിടുക്കിൽ വച്ചാണ് 'എം.എസ്.സി ഏരീസ്' എന്ന കണ്ടെയ്നർ കപ്പൽ വരുതിയിലാക്കിയത്. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലികോപ്ടറുകൾ വഴി കപ്പലിലേക്ക് സൈനികർ ഇറങ്ങുകയായിരുന്നു.

കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി.മൊത്തം 25 ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം. സമുദ്രാതിർത്തി ലംഘിച്ചെന്നാണ് ഇറാന്റെ ആരോപണം. പോർച്ചുഗൽ പതാക വഹിക്കുന്ന കപ്പലാണ്.കപ്പൽ പിടിച്ചെടുത്തതായി ഇറാൻ ഒദ്യോഗികമായി പ്രഖ്യാപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു. പിന്നാലെ, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

ഇസ്രയേലിലെ മലയാളികൾ

ആശങ്കയിൽ

' എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ഭരണകൂടം നൽകിക്കഴിഞ്ഞു'.- ഏഴ് വർഷമായി ഇസ്രയേലിലെ അഷ്‌കിലോണിൽ താമസിക്കുന്ന മലയാളികൾ പറയുന്നു.

ഇറാൻ ആണവായുധ ആക്രമണം നടത്തിയേക്കാമെന്നാണ് ആശങ്ക.പുറത്തിറങ്ങരുത്.  മുറിക്കുള്ളിൽ കഴിയണം. ഭക്ഷണമുൾപ്പെടെ അവശ്യ വസ്തുക്കൾ സൈന്യം എത്തിച്ചുനൽകും. സുരക്ഷിതരല്ലാത്തവരെ മാറ്റിപ്പാർപ്പിക്കും. ഇത്തരത്തിലുള്ള മുൻകരുതൽ നിർദേശങ്ങളും നൽകി.

സ്‌കൂളുകളും ഓഫീസുകളും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചു. പുറത്തുനിന്നുള്ള വിമാന സർവീസുകൾ നിറുത്തി. അതിർത്തി അടച്ചു.

ഇസ്രയേലിന്റെ രക്ഷയ്ക്ക്

അമേരിക്കൻ പടക്കപ്പലുകൾ

ഇസ്രയേലിന്റെ രക്ഷയ്ക്ക് മിസൈൽവേധ സംവിധാനങ്ങളുള്ള രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തി.

നൂറുകണക്കിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഇറാൻ യുദ്ധസജ്ജമാക്കിയെന്നാണ് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്.

യു.എ.ഇയിലെ ഇസ്രയേൽ

സാന്നിദ്ധ്യം ഒഴിവാക്കാൻ

യു.എ.ഇയിൽ ഇസ്രയേലിന്റെ സാന്നിദ്ധ്യം ഭീഷണിയായി ഇറാൻ കരുതുന്നു. കപ്പൽ പിടിച്ചെടുത്ത ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. ലോകത്തെ പെട്രോളിയം ഇന്ധനത്തിന്റെ അഞ്ചിലൊന്നും ദിനംപ്രതി കടന്നുപോകുന്നത് ഇതുവഴിയാണ്.

യാത്ര ഒഴിവാക്കണം

ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ അധികൃതർ പൗരൻമാർക്ക് നിർദേശം നൽകി. പോളണ്ടും ക്യാനഡയും ഇതേ നിർദേശം നൽകിയിട്ടുണ്ട്.ടെഹ്‌റാനിലെ നെതർലൻഡ്സ് എംബസി ഇന്ന് അടയ്ക്കും. ജർമ്മൻ എയർലൈനായ ലുഫ്താൻസ് 18 വരെ ഇറാന്റെ വ്യോമപാത ഉപയോഗിക്കില്ല

------------------------------------

 ഇസ്രയേലിനോടൊപ്പമുണ്ട്. ആക്രമണം പ്രതിരോധിക്കാൻ സഹായിക്കും. ഇറാൻ ജയിക്കില്ല.

ജോ ബൈഡൻ,

യു.എസ് പ്രസിഡന്റ്

സ്ഥിതിഗതികൾ വഷളാക്കാനാണ് ഇറാന്റെ തീരുമാനമെങ്കിൽ അവർ അനന്തരഫലം അനുഭവിച്ചിരിക്കും.

- ഡാനിയൽ ഹാഗരി,

ഇസ്രയേൽ സൈനിക വക്താവ്

1724.48 കി.മീറ്റർ:

ഇസ്രയേലിനും ഇറാനും

ഇടയ്ക്കുള്ള വ്യോമദൂരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, IRAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.