SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.59 PM IST

കച്ചത്തീവിന് ചുറ്റിലെ ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾ പോകുന്നത് മീനിനല്ല, ജയിലിലാകുമെന്ന് ഉറപ്പായിട്ടും അവരെ ആകർഷിക്കുന്നത്

fishermen

ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് കോൺഗ്രസ് പാർട്ടി ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര‌മോദി പറഞ്ഞതും, തുടർന്ന് കോൺഗ്രസ് ഭരണകൂടം കച്ചത്തീവിനു ചുറ്റും മത്സ്യബന്ധനത്തിനുള്ള ഇന്ത്യൻ മത്സത്തൊഴിലാളികളുടെ അവകാശം കളഞ്ഞുകുളിച്ചു എന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ അവകാശവാദവും പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യ- ശ്രീലങ്ക കരാറുകളുടെ സാധുതയ്ക്കപ്പുറം, മറ്റു രാജ്യങ്ങളുമായി മുൻ സർക്കാരുകൾ ഏർപ്പെട്ടിട്ടുള്ള കരാറുകളുടെ ഭാവിയെക്കുറിച്ചും വിദേശകാര്യ വിദഗ്ദ്ധർ ആശങ്കയിലാണ്.

1974-ലെയും 1976-ലെയും ഉടമ്പടികൾ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായത്. അതിനു മുമ്പും ശേഷവും കച്ചത്തീവ് പ്രശ്നം പാർലമെന്റിനകത്തും പുറത്തും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി പ്രധാനമന്ത്രി തന്നെ പ്രശ്നം കോൺഗ്രസിനെതിരെ ഉയർത്തിയപ്പോൾ, അത് തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളുടെ ഭാഗം മാത്രമാണോ,​ അതോ ഭാവിയിൽ ഇന്ത്യ ഒരു വികസിത രാജ്യമാകുമ്പോൾ വിദേശനയം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണോ എന്നതാണ് പ്രധാന ചിന്താവിഷയം.

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാ‌തിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന അവരെ അറസ്റ്റു ചെയ്യുന്നത് പതിവാണ്. കഴി‍ഞ്ഞ വർഷം മാത്രം 175 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റു ചെയ്തിട്ടുണ്ട്. കച്ചത്തീവിനു ചുറ്റുമുള്ള ആഴക്കടൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര അതിർത്തിയിൽ ശ്രീലങ്കൻ പരിധിയിലുള്ള കടൽ Tiger Prawns- നു പുറമേ വിലയേറിയ ശംഖുഷെല്ലുകളും പവിഴപ്പുറ്റുകളും മുത്തുച്ചിപ്പികളും കൊണ്ട് നിബിഡമാണ്. മത്സ്യത്തൊഴിലാളികളെ അവിടേയ്ക്ക് ആകർഷിക്കുന്നതും ഈ അമൂല്യ മത്സ്യസമ്പത്തു തന്നെ.

1948-ൽ രാംനാട് രാജാവിന്റെ സെമിന്ദാരി അവകാശം നിറുത്തലാക്കിയപ്പോൾ കച്ചത്തീവ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായെന്നാണ് തമിഴ്‌നാടിന്റെ വാദം. കച്ചത്തീവിന്മേലുള്ള അവകാശം സിലോൺ നിയമപരമായി ഉന്നയിക്കാൻ തുടങ്ങിയത് 1921-ൽ കൊളംബോയിൽ നടന്ന മദ്രാസ് പ്രവിശ്യയിലെയും സിലോണിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്. ഇരുകക്ഷികളുടെയും അവകാശവാദങ്ങൾ 1974- ൽ സമുദ്രാതിർത്തി നിർണയം വരെ തുടർന്നു. ചർച്ചകൾ എങ്ങുമെത്താതിരുന്നപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമോപദേശം തേടുകയും,​ തുടർന്ന് പ്രശ്നത്തിന്റെ സങ്കീർണത മനസിലാക്കിയ ഇന്ദിര,​ ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുമായി ചർച്ച നടത്തുകയും കച്ചത്തീവിന്മേലുള്ള അധികാരം ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ഇന്ത്യയും ശ്രീലങ്കയും 1974-ലും 76-ലും ഒപ്പുവച്ച അതിർത്തി കരാറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൂമിശാസ്‌ത്രപരമായ അവകാശ വ്യവസ്ഥകൾക്ക് ആധാരം. 1974-ലെ കരാർ അനുസരിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കും തീർത്ഥാടകർക്കും കരാർ ഒപ്പിടുന്നതിനു മുൻപുണ്ടായിരുന്ന അതേ അവകാശങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കച്ചത്തീവിൽ പോകുന്നതിന് യാത്രാരേഖകളുടെയോ വിസയുടെയോ ആവശ്യം ഉണ്ടായിരുന്നതുമില്ല. എന്നാൽ,​ 1976-ൽ വിദേശകാര്യ സെക്രട്ടറിമാർ കൈമാറിയ വിശദീകരണ പത്രങ്ങൾ അനുസരിച്ച്,​ ശ്രീലങ്കൻ അധീനതയിലുള്ള സമുദ്രമേഖലയിൽ മീൻപിടിക്കാൻ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് തക്കതായ അനുമതി ആവശ്യമാണെന്നായി!

ഈ സാഹചര്യത്തിൽ,​ ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരന്തരം അറസ്റ്റുചെയ്യുന്നതും അവരുടെ ബോട്ടുകൾ കണ്ടുകെട്ടുന്നതും രണ്ടു രാജ്യങ്ങൾക്കുമിടയിൽ പരിഹാരമില്ലാത്ത അസ്വസ്ഥതയായി തുടരുകയാണ്,​ ഇതിനു പുറമെ,​ ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന ഒരു പ്രധാന പ്രശ്നമുണ്ട്. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ എത്ര രാജ്യങ്ങൾ ഇന്ത്യയുടെ ഒരിക്കലും കൈവിടാത്ത സുഹൃത്തുക്കളായി തുടരുന്നു? എത്രപേർ ചൈനയെപ്പോലുള്ള വൻശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെടുന്നു? ഇന്ത്യയുമായി 'ലൗ- ഹേറ്റ്" ബന്ധം പുലർത്തുന്ന ശ്രീലങ്ക, ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഭരണാധികാരിയിൽ നിന്നുതന്നെ ഉയർന്ന അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ എങ്ങോട്ടു നീങ്ങുമെന്നാണ് നിരീക്ഷകർ ഉറ്രുനോക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KACHATHEEV, INDIA, TAMILANDU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.