ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻഡോറും ഐ.ഐ.ടി ഇൻഡോറും ചേർന്ന് നടത്തുന്ന ഡാറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഫസ്റ്റ് ക്ലാസോടെ ബി.ടെക്, നാലുവർഷ ബി.എസ്സി/ ബി.എഫ്.എസ്സി / എം.സി.എ / എം.ബി.എ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. ബിരുദതലത്തിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവ പഠിച്ചിരിക്കണം.
കാറ്റ്, ഗേറ്റ്, ജിമാറ്റ് ജി.ആർ.ഇ, ജാം പരീക്ഷാ സ്കോറുകൾ അഡ്മിഷനു പരിഗണിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനകം ലഭിച്ച സ്കോറുകളായിരിക്കണം ഇത്. കൂടാതെ പ്രവേശനത്തിനായി ഡാറ്റ മാനേജ്മെന്റ് അഭിരുചി ടെസ്റ്റ് ഉണ്ട്. അപേക്ഷ ജൂൺ 10 വരെ ഓൺലൈനായി സമർപ്പിക്കാം. ഓഗസ്റ്റിൽ ക്ലാസ് തുടങ്ങും. പ്രവേശന പരീക്ഷ ജൂൺ 23ന്. കൂടുതൽ വിവരങ്ങൾക്ക് www.msdsm.iiti.ac.in.
സിഫ്നെറ്റ് വെസ്സൽ നാവിഗേറ്റർ/ മറൈൻ ഫിറ്റർ കോഴ്സുകൾ
പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് (CIFNET) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകളാണ് ഉള്ളത്. തൊഴിൽസാദ്ധ്യത ഏറെയുള്ള കോഴ്സാണിത്. ഷിപ്പിംഗ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും.
കോഴ്സിന് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 15- 20. കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലായി 120 സീറ്റുകളുണ്ട്. അഖിലേന്ത്യാതലത്തിലുള്ള പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ജൂൺ 29നാണ് പരീക്ഷ. അപേക്ഷ ഓൺലൈനായി ജൂൺ 14 വരെ സമർപ്പിക്കാം. പൊതു വിഭാഗത്തിൽപെട്ടവർക്ക് 350 രൂപയും മറ്റുള്ളവർക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്. www.cifnet.gov.in
ഐ.എം.കെയിൽ എം.ബി.എ
കേരള സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.) എം.ബി.എ കോഴ്സിലേക്ക് അപേക്ഷിക്കാം. ജനറൽ, ട്രാവൽ ആൻഡ് ടൂറിസം, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എന്നീ മൂന്നു വിഭാഗങ്ങളിലാണ് സ്പെഷ്യലൈസേഷൻ. കെമാറ്റ് (2024), ക്യാറ്റ്, സിമാറ്റ് (2023 & 2024) എന്നിവയിലൊന്നിൽ സ്കോർ ഉള്ളവരായിരിക്കണം അപേക്ഷകർ. വെബ്സൈറ്റ് www.admissions.keralauniversity.ac.in. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 03.05.2024.
കെ-ടെറ്റ്: അപേക്ഷ 26വരെ
തിരുവനന്തപുരം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സ്പെഷ്യൽ വിഷയങ്ങൾ - ഹൈസ്കൂൾ തലം വരെ) അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് https://ktet.kerala.gov.in വെബ്സൈറ്റിൽ 17 മുതൽ 26 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴി ഫീസടയ്ക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതാ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാവൂ. അപേക്ഷിച്ച് ഫീസ് അടച്ച ശേഷം തിരുത്തലുകൾ അനുവദിക്കില്ല. പേര്, ജനനതീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. ജൂൺ മൂന്നിനകം വെബ്സൈറ്റിൽ നിന്നു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ
തിരുവനന്തപുരം: കോട്ടയത്തെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ആറ് പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അനുമതി. സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്ഷൻ, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, ഓഡിയോഗ്രഫി, ആക്ടിംഗ് ആൻഡ് ആനിമേഷൻ, വിഷ്വൽ എഫക്ട്സ് കോഴ്സുകളാണുള്ളത്. ഒരു വിദ്യാർത്ഥിക്ക് മൂന്നു കോഴ്സുകളിൽ അപേക്ഷിക്കാം. ഓരോ കോഴ്സും പ്രത്യേകമായെടുത്ത് സംവരണമുണ്ടായിരിക്കും. വിദേശ വിദ്യാർത്ഥികൾക്കായി സൂപ്പർ ന്യൂമററിയായി സീറ്റുകൾ സൃഷ്ടിക്കാനും സർക്കാർ അനുമതി നൽകി.
മെഡിക്കൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി സംസ്ഥാന മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയവർക്ക് ഗവ. മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കും. ഇതിനുള്ള കേന്ദ്രീകൃത കൗൺസലിംഗും മോപ്പ് അപ്പ് അലോട്ട്മെന്റും 22ന് തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിൽ നടത്തും. വെബ്സൈറ്റ്- www.dme.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |