SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.14 PM IST

ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക നിർമ്മിതികളായിട്ടും എന്തുകൊണ്ട് ഒറ്റമഴയിൽ ഗൾഫ് മുങ്ങി, പ്രവാസി മലയാളിയുടെ കുറിപ്പ്

flood-in-gulf

കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ് ഗൾഫ് നാടുകൾ. ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ പെയ്യുന്നതിന്റെ പകുതി മഴ കിട്ടിയപ്പോൾ തന്നെ ഗൾഫ് നാട് മുങ്ങിയതിന്റെ കാരണം വ്യക്തമാക്കുകയാണ് പ്രവാസിയായ സുരേഷ് മഠത്തിൽ വളപ്പിൽ. ലോകത്തെ ഏറ്റവും നിലവാരമുള്ള നിർമ്മാണ സാങ്കേതികവിദ്യകൾ പിന്തുടരുന്ന, ഏറ്റവും ഉന്നതമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള രാജ്യങ്ങളാണ് പല ഗൾഫു നാടുകളും. എന്നിട്ടും അവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സുരേഷ് വ്യക്തമാക്കുന്നു.

സുരേഷിന്റെ വാക്കുകൾ-

''അങ്ങനെ അതും സംഭവിച്ചു, മഴ പെയ്യാതിരുന്ന ഗൾഫു നാടുകളിൽ മഴ പെയ്തു, ചുമ്മാ അങ്ങ് പെയ്യുകയല്ല, നന്നായി പെയ്തു, റോഡുകൾ ബ്ലോക്കായി, പലയിടത്തും വെള്ളം കയറി, ഈ പറയുന്ന എന്റെ ഫ്ളാറ്റിലും വെള്ളം കയറി.
എന്നാൽ എന്തുകൊണ്ടാണ് ഗൾഫിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടായത് ..?


ലോകത്തെ ഏറ്റവും നിലവാരമുള്ള നിർമ്മാണ സാങ്കേതിക വിദ്യകൾ പിന്തുടരുന്ന, ഏറ്റവും ഉന്നതമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള രാജ്യങ്ങളാണ് പല ഗൾഫു നാടുകളും. എന്നിട്ടും അവിടെ ഇങ്ങനെ സംഭവിച്ചു. എന്തുകൊണ്ട് ..?
ഇതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗൾഫു നാടുകളിലെ കെട്ടിടങ്ങൾ, റോഡുകൾ, മറ്റു സൗകര്യങ്ങൾ എല്ലാം അന്നാട്ടിലെ കാലാവസ്ഥക്ക് അനുസരിച്ചു നിർമ്മിച്ചവയാണ്. മറ്റൊരു കാലാവസ്ഥയെയും അവ അതിജീവിക്കില്ല.


ഒന്നുകൂടി വിശദമാക്കാം.
വർഷത്തിൽ നല്ലൊരു ശതമാനവും കനത്ത മഞ്ഞുവീഴ്ച നടക്കുന്ന റഷ്യയിൽ ഗൾഫിലേത് പോലുള്ള ഒരു വേനൽക്കാലം ഉണ്ടായാൽ അന്നാട്ടിലെ സകലമാന അടിസ്ഥാന സൗകര്യങ്ങളും പരാജയപ്പെടും, ആളുകൾ ചൂടിൽ മരണപ്പെട്ടെന്നുതന്നെ വരാം. സദാ ഭൂകമ്പ സാധ്യതയുള്ള ജപ്പാനിൽ കെട്ടിടങ്ങൾക്കു നൽകുന്ന ഭൂകമ്പ പ്രതിരോധ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ നൽകാറില്ല, സാധിക്കുകയും ഇല്ല. ലോകത്തെ എല്ലായിടത്തെയും കാര്യങ്ങൾ ഇങ്ങനെയാണ്, അവിടെ എല്ലാം സ്വന്തം കാലാവസ്ഥക്ക് അനുസരിച്ച നിർമ്മിതികൾ ആണുള്ളത്. അപരിചിതമായ മറ്റൊരു കാലാവസ്ഥാ സാഹചര്യത്തിൽ അവ പരാജയപ്പെടും.


ഇനി നമുക്ക് ഗൾഫിലേക്ക് തന്നെ വരാം.
ഗൾഫിലെ ബഹുഭൂരിപക്ഷം കെട്ടിടങ്ങൾക്കും ജനാലകളിലും, ബാൽക്കണികളിലും സൺ ഷെയ്ഡ് ഇല്ല, തന്മൂലം മഴക്കൊപ്പം ചെറിയൊരു കാറ്റ് വന്നാൽ പോലും ഈ മഴ ജനാലകളിൽ പതിക്കും, അവയുടെ അലുമിനിയം റെയിലുകൾക്കിടയിലൂടെ വെള്ളം റൂമിനകത്തേക്കു എത്തും. ബാൽക്കണികളിൽ ആകട്ടെ കാര്യങ്ങൾ ഒന്നുകൂടി കുഴയും. ബാൽക്കണിയിലെ വെള്ളം സമനിരപ്പിൽ കിടക്കുന്ന ഹാളുകളിലേക്കും ബെഡ് റൂമുകളിലേക്കും ഈസിയായി ഒഴുകും. എന്റെ വീട്ടിലും സംഭവിച്ചത് അതാണ്.


ഇത് ഒറ്റ മഴയ്ക്ക് സംഭവിച്ചതാണ്. അപ്പോൾ നമ്മുടെ നാട്ടിലേതുപോലുള്ള ഒരു മഴ ഈ നാടുകളിൽ സംഭവിച്ചാൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാം. കെട്ടിടങ്ങളുടെ രൂപകൽപ്പനയും അന്നാട്ടിലെ സ്വാഭാവിക കാലാവസ്ഥയും തമ്മിൽ ഉള്ള ബന്ധത്തെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്.


കേരളത്തിന്റെ കാര്യം എടുക്കാം.
ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കേരളം. ആ അടിസ്ഥാന സത്യത്തെ ഉൾക്കൊള്ളാതെ രൂപകൽപ്പന ചെയ്യുന്ന ഏതൊരു കെട്ടിടവും ആത്യന്തികമായി ഒരു പരാജയമായിരിക്കും. അവക്ക് ആയുസ്സു കുറവായിരിക്കും.
പരിപാലന ചെലവ് കൂടുതലായിരിക്കും. അവക്കുള്ളിലെ സ്വാഭാവിക ജീവിതം ഒട്ടും തന്നെ സുഗമമായിരിക്കില്ല.
വൈദ്യുതി അടക്കമുള്ള ഊർജ ഉപഭോഗം വർദ്ധിക്കും.


കാലാവസ്ഥയുമായി സമരസപ്പെട്ടു നിൽക്കാത്തതിനാൽ വെള്ളവും, വെയിലും, പൊടിയും അടക്കമുള്ള പ്രകൃതി ശക്തികൾ വീട്ടിനകത്തേക്ക് ക്ഷണിക്കാതെ തന്നെ വലിഞ്ഞുകയറി വരും. എങ്കിൽ പിന്നെ ഏതു രീതിയിൽ ഉള്ള നിർമ്മാണ രീതിയാണ് നമുക്കാവശ്യം ..? ഒരു സംശയവും വേണ്ട, ചെരിഞ്ഞ മേൽക്കൂരയോട് കൂടിയ, നല്ല സൺ ഷെയിടുകൾ ഉള്ള, തറ ഉയരം കൂടിയ, ഗ്ലാസ്സിന്റെ അതിപ്രസരം ഇല്ലാത്ത, കടും നിറങ്ങൾ ഇല്ലാത്ത വീടുകളാണ് നമ്മുടെ സ്വാഭാവിക ജീവിതത്തിനു ഏറ്റവും അനുയോജ്യം.


ഇവയിൽ ഓരോന്നിനും അതിന്റേതായ വിശദീകരണങ്ങൾ ഉണ്ട്, വിസ്തരിച്ചു ചളമാക്കുന്നില്ല. മേൽക്കൂര മാത്രം ഇപ്പോൾ പറയാം. ബാക്കി അടുത്ത വെള്ളിയാഴ്ച. കേരളം ഉൾപ്പെടുന്ന ഭൂഭാഗത്തെ ആദിമ മനുഷ്യർ ഗുഹകൾ വിട്ട് സ്വന്തമായി പാർപ്പിടങ്ങൾ നിർമ്മിക്കുന്ന കാലം മുതൽ നമ്മുടെ മേൽക്കൂരകൾ ചെരിഞ്ഞവയാണ്. ഓല കൊണ്ട് ഉണ്ടാക്കിയ മേൽക്കൂരകൾ ചെരിഞ്ഞവയാണ്. പുല്ലു കൊണ്ട് ഉണ്ടാക്കിയ മേൽക്കൂരകൾ ചെരിഞ്ഞവയാണ്.
ഓടുകൊണ്ട് ഉണ്ടാക്കിയ മേൽക്കൂരകൾ ചെരിഞ്ഞവയാണ്. കോൺക്രീറ്റ് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ എത്തിയപ്പോഴും അവർ ഇന്നാട്ടിലെ കാലാവസ്ഥയെ അങ്ങനെ വല്ലാതെ വെല്ലുവിളിക്കാൻ മുതിർന്നില്ല.
സ്വന്തം വാസ്തുവിദ്യാ ശൈലിയെ നമ്മുടെ രീതിയുമായി സംയോജിപ്പിച്ചു അവർ രൂപപ്പെടുത്തിയതാണ് ഇവിടെ കാണുന്ന കൊളോണിയൽ രീതി.


ഇതിനൊക്കെ കാരണം നമ്മുടെ മഴയാണ്. ഈ മഴയിൽ ഒരു കുട ചൂടിയതുപോലെ ആയിരിക്കണം നമ്മുടെ നിർമ്മാണ ശൈലി. ഒന്നുകൂടി വിശദമാക്കിയാൽ ഒരു വീട് ആദ്യം സ്വയം സംരക്ഷിക്കുകയും, പിന്നീട് അതിനകത്തെ അന്തേവാസികളെ സംരക്ഷിക്കുകയും വേണം. എന്നാൽ സമീപ കാലത്തായി ഈ രീതികളെ മുഴുവൻ കാറ്റിൽ പറത്തുന്ന ഒരു നിർമ്മാണ സംസ്‌കാരമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.


എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ..? പല കാരണങ്ങളാണ്. അതിൽ ഒരു ചെരിഞ്ഞ മേൽക്കൂര ശാസ്ത്രീയമായി രൂപപ്പെടുത്താനുള്ള ഡിസൈനർമാരുടെ മടിയും അറിവില്ലായ്മയും മുതൽ, കോൺട്രാക്ട‌ർമാരുടെ ആത്മവിശ്വാസമില്ലായ്മയും, എളുപ്പവഴിയിൽ പണി പൂർത്തീകരിക്കാനുള്ള ത്വരയും ഒക്കെ ഉൾപ്പെടും. ഇതൊന്നും ചിന്തിക്കാതെ പുതുമ മാത്രം തേടിയുള്ള ഉടമയുടെ മനോഭാവം കൂടിയാകുമ്പോൾ കാര്യങ്ങൾ ചക്ക കുഴയുന്നപോലെ കുഴയും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ പ്ലാനുകളെ കാലാവസ്ഥാ ശാസ്ത്രപരമായി അപഗ്രഥിക്കുന്ന ഒരു മേഖലക്ക് നല്ല സാദ്ധ്യതയുണ്ട് എന്നാണ് എന്റെ ഒരു വിലയിരുത്തൽ.


അമ്മയുടെ ഉദരം സ്‌കാൻ ചെയ്ത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം വിലയിരുത്തുന്നതുപോലെ ഓരോ പ്ലാനും ഇത്തരം വിദഗ്ദ്ധരെ കാണിച് ഇത്തരം കാര്യങ്ങൾ വിലയിരുത്താം. ഒരു റിപ്പോർട്ടായി എഴുതി വാങ്ങാം. ഒരുവേള ഒരു വാസ്തുവിദ്യാ വിദഗ്ധനെ നമ്മുടെ പ്ലാൻ കാണിക്കുന്നതിലും എത്രയോ ഉപകാരപ്രദമായിരിക്കും അത്. കാലാവസ്ഥക്ക് യോജിച്ച, ഏറെ നാൾ ഈടുനിൽക്കുന്ന, പരിപാലന ചെലവ് കുറഞ്ഞ, അകത്തെ സ്വാഭാവിക ജീവിതം സുഗമമാക്കുന്ന വീടുകളുള്ള കേരളം.
ഞാൻ സ്വപ്‌നം കാണുന്ന കിണാശേരിയും അതാണ്''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF NEWS, HEAVY RAIN, FLOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.