SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.24 PM IST

​വയനാടൻ കാറ്റിന് ഗതി മാറുമോ?​

s

ജയിച്ചാൽ പ്രധാനമന്ത്രി- 2019-ൽ രാഹുൽഗാന്ധി വയനാട്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങുമ്പോൾ ജനങ്ങളാകെ പറഞ്ഞു. രാഹുലിന്റെ വരവ് അങ്ങനെ കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലും അലയടിച്ചു. ആലപ്പുഴയൊഴികെ എല്ലായിടത്തും യു.ഡി.എഫ് തരംഗം! പക്ഷേ, കേന്ദ്രത്തിൽ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം. മോദി വീണ്ടും പ്രധാനമന്ത്രി. വർഷം അഞ്ചു വർഷം കഴിഞ്ഞപ്പോൾ വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കുമ്പോഴും രാജ്യം ഉറ്റുനോക്കുന്നു. എൻ.ഡി.എയ്ക്ക് എതിരെ ഒരുമിച്ചു പോരാടുന്ന,​ ഇന്ത്യ മുന്നണിയിലെ രണ്ടു പ്രമുഖ നേതാക്കൾ വയനാട്ടിൽ പരസ്പരം പോരടിച്ചു മത്സരിക്കുന്നത് ദേശീയ മാദ്ധ്യമങ്ങൾക്ക് വലിയ വിശേഷം തന്നെ. ഈ വൈരുദ്ധ്യമാണ് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ ശരിക്കും വിനിയോഗിക്കുന്നതും.

മണ്ഡലത്തിൽ പ്രചാരണത്തിന് ആദ്യം തുടക്കമിട്ടത് ഇടതു സ്ഥാനാർത്ഥി ആനി രാജയായിരുന്നു. ബി.ജെ.പിയാണോ ഇടതുപക്ഷമാണോ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നാണ് ആനി രാജ വോട്ടർമാരോട് പറയുന്നത്. ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കിൽ ആ പാർട്ടിക്ക് തീരെ ശക്തിയില്ലാത്ത വയനാട്ടിൽ രാഹുൽ എന്തിനു മത്സരിക്കുന്നു? അതിന് അമേഠിയിലും മറ്റിടങ്ങളിലും രാഹുലിന് അവസരമുണ്ടായിരുന്നു. എങ്ങനെയും പാർലമെന്റിൽ കയറിക്കൂടുകയാണ് ലക്ഷ്യം. ഒന്നും ചെയ്തുകൊടുത്തില്ലെങ്കിലും വയനാട്ടുകാർ വിജയിപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നു. പക്ഷേ,​ ഇത്തവണ ആ വിചാരത്തിന് തിരിച്ചടി കിട്ടുമെന്നാണ് ആനി രാജയുടെ പക്ഷം.

വൈകിയതൊക്കെ

അവർ പൊറുക്കും

യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാഹുലിന്റെ പേര് ഉറപ്പിച്ചത് മാർച്ച് എട്ടിനാണ്. എന്നാൽ ഒരു മാസം കഴിഞ്ഞാണ് രാഹുലിന് സ്വന്തം മണ്ഡലത്തിൽ എത്താൻ കഴിഞ്ഞത്. ഈ കുറവ് കണക്കിലെടുത്ത് രാഹുലിനു വേണ്ടി ജില്ലാ,​ സംസ്ഥാന,​ ദേശീയ നേതാക്കളാണ് വീടുകൾ കയറിയിറങ്ങുന്നത്. മണ്ഡലത്തിൽ വളരെ കുറച്ചു മാത്രം എത്തിയ വ്യക്തിയെന്നാണ് രാഹുലിനെതിരെ പ്രധാന ആക്ഷേപം. വന്യമൃഗ ശല്യം ഉണ്ടായപ്പോഴും പ്രളയക്കെടുതി ഉണ്ടായപ്പോഴും ഇടപെടലുകൾ വേണ്ടത്ര ഉണ്ടായില്ലെന്നും പറയുന്നു. എന്നാൽ ഇതിനൊക്കെ എണ്ണിയെണ്ണി രാഹുലും യു.ഡി.എഫും മറുപടി പറയുന്നുണ്ട്.

ജോഡോ യാത്ര നിറുത്തിവച്ചാണ് വന്യമൃഗ ആക്രമണങ്ങളിൽ തുടരെ ജീവഹാനിയുണ്ടായപ്പോൾ രാഹുൽ വയനാട്ടിലേക്ക് ഓടിയെത്തിയത്. സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. വീട് നിർമ്മിച്ചു നൽകി. ശരീരംകൊണ്ട് എത്ര അകലത്താണെങ്കിലും മനസുകൊണ്ട് വയനാട്ടിലുണ്ടെന്ന് രാഹുൽ പറയുന്നു. വയനാടൻ ജനത എനിക്ക് കുടുംബം പോലെയാണ്- രാഹുലിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതു തന്നെ. ദുരിതം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന മനസിന് ഉടമയാണ് രാഹുലെന്നാണ് മണ്ഡലത്തിലെ രാഹുൽ പക്ഷക്കാരായ സ്ത്രീ വോട്ടർമാരുടെ പക്ഷം. രാഹുലിന്റെ തിരക്ക് വയനാട്ടുകാർക്ക് അറിയാം. അതുകൊണ്ട് എന്തു കുറവുണ്ടായാലും അതങ്ങ് പൊറുക്കും. അതാണ് വയനാട്ടുകാർ. അതാണ് യു.ഡി.എഫിന്റെ ധൈര്യവും!

ആഞ്ഞുപിടിച്ച്

ആനി രാജ

2009- ലാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊള്ളുന്നത്. അന്നു മുതൽ മണ്ഡലം യു.ഡി.എഫിനൊപ്പം. ആദ്യ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമായ 1,53,439 വോട്ടു നേടി എം. ഐ. ഷാനവാസ് വിജയിച്ചു. 2014-ൽ ഷാനവാസിന്റെ ഭൂരിപക്ഷം 20,879 ആയി കുത്തനെ വീണതും ശ്രദ്ധേയം. കോൺഗ്രസിനൊപ്പം ലീഗിനും ശക്തമായ അടിത്തറയുള്ള മണ്ഡലം. പക്ഷേ,​ ആഞ്ഞുപിടിച്ചാൽ മണ്ഡലം ഇടതുമുന്നണിയുടെ കൈയിലിരിക്കും! ആനി രാജയെപ്പോലെ കരുത്തയായൊരു ദേശീയ നേതാവിനെ വയനാട്ടിൽ ഇടതു മുന്നണി അവതരിപ്പിച്ചത് ഇതൊക്കെ മനസിൽക്കണ്ടുതന്നെ.

എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി പൂർണ പരാജയമാണെന്നാണ് ഇടതു പ്രചാരണം. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നന്നേ കുറവായിരുന്നു. ആദ്യ തവണ ലഭിച്ച,​ ദേശീയ നേതാവെന്ന പരിവേഷവും പിന്തുണയും ഇനി കിട്ടില്ല. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിക്കും. സ്ത്രീകൾക്കും ആദിവാസികൾക്കും ദളിതർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടത്തിയ സമരങ്ങൾ ആനിരാജയ്ക്ക് മുതൽക്കൂട്ടാക്കാനും ഇടതു മുന്നണി പരിശ്രമിക്കുന്നുണ്ട്.

നായകൻ തന്നെ

പോരിന് നേരിൽ

കഴി‍ഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച,​ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കു പകരം

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ കളത്തിലിറങ്ങിയതോടെ വോട്ട് ശതമാനം കാര്യമായി വർദ്ധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. സുരേന്ദ്രൻ അധികമായി പിടിക്കുന്ന വോട്ടുകൾ രാഹുലിന്റെ ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കും. മjസ്ലീം, ക്രിസ്ത്യൻ, ന്യൂനപക്ഷ വോട്ടുകൾ വയനാട്ടിൽ നിർണ്ണായകമാണ്. ഇത് 41 ശതമാനം വരും. 13 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടുമുണ്ട്. ആദിവാസികൾ ഉൾപ്പെടെയുളള ഹിന്ദു വിഭാഗങ്ങളാണ് ബാക്കി. സംഘടിത ന്യൂനപക്ഷ സമുദായ വോട്ടുകളാണ് ഭൂരിപക്ഷം നിർണയിക്കുന്നതിൽ പ്രധാന ഘടകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WAYANAD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.