SignIn
Kerala Kaumudi Online
Monday, 21 September 2026 6.42 AM IST

യാചകയാത്ര സിനിമയാക്കാൻ ബോചെ ; നിമിഷപ്രിയ കേസിന്റെ നിജസ്ഥിതി അന്വേഷിക്കും: ബോബി ചെമ്മണ്ണൂർ

bobby
യാചകയാത്ര സിനിമയാക്കാൻ ബോചെ

മലപ്പുറം: സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷം മരണം കാത്തുകിടന്ന അബ്ദുൽ റഹീമിനെ രക്ഷിക്കാനായി നടത്തിയ യാചകയാത്രയും തുടർന്നുണ്ടായ സംഭവങ്ങളും സിനിമയാക്കാൻ ബോബി ചെമ്മണ്ണൂ‌ർ. ആടുജീവിതം സിനിമ മനസി​ൽ തട്ടിയതിനാൽ അതിന്റെ സംവിധായകനായ ബ്ലെസിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്ന് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ബോചെ പറഞ്ഞു.

മോചനദ്രവ്യമായ 34 കോടി രൂപ കുറ‍ഞ്ഞ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ച അപൂർവ്വവും അസാധാരണവുമായ സംഭവം സിനിമയാവുന്നതോടെ മലയാളിയുടെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സ്നേഹത്തിന്റെയും ലോകത്തിനുള്ള സന്ദേശമാണ് അഭ്രപാളിയിലെത്തുക. സിനിമയുടെ ലാഭം ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. സിനിമയുടെ ബഡ്‌ജറ്റ് അടക്കമുള്ളവ തീരുമാനിക്കേണ്ടതുണ്ട്. സിനിമയിൽ അഭിനയിക്കുകയോ സിനിമ നിർമ്മിക്കുകയോ ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. ബോചെ ഫാൻസിന്റെ നിർബന്ധവും സമൂഹത്തിന് നല്ലൊരു സന്ദേശവുമേകും എന്നതിനാലാണ് സിനിമയെടുക്കുന്നത്. റഹീമിന്റെ കുടുംബത്തോട് ഇക്കാര്യം സംസാരിച്ചിട്ടില്ല. എതിർപ്പ് ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒരുദിവസം കുവൈത്ത് പൊലീസ് സ്റ്റേഷനിൽ ഇരുന്നപ്പോൾ താൻ അനുഭവിച്ച വേദനയുണ്ട്. ഇത്രയധികം വർഷം ജയിലിൽ കിടന്ന റഹീമിന്റെ മാനസികാവസ്ഥ തനിക്ക് മനസ്സിലാവുമെന്നും ഇതും റഹീമിനായി മുന്നിട്ടിറങ്ങാൻ കാരണമാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

.................................

സിനിമയിൽ താൻ അഭിനയിക്കില്ല. ആരെ നായകനാക്കണമെന്നതിൽ ചില പേരുകൾ മനസ്സിലുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.
ബോചേ

....................

ജനഹിതത്തിന് ഒപ്പമുണ്ടാകും

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിന് കൂടി ഇടപെടണമെന്ന ആവശ്യമുയരുന്നത് മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ,​ നിമിഷ പ്രിയ നിരപരാധിയാണോയെന്നത് താൻ അന്വേഷിക്കുകയാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. പല അഭിപ്രായങ്ങളും കേൾക്കുന്നുണ്ട്. നിജസ്ഥിതി അറിഞ്ഞാൽ ബോചെ ഫാൻസുമായും മറ്റു സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കും. ജനഹിതത്തിന് ഒപ്പമുണ്ടാവുമെന്നും ബോചെ പറഞ്ഞു. മുസ്‌‌ലീമായതിനാലാണ് റഹീമിനായി ഇറങ്ങിയതെന്ന പ്രചാരണം ശരിയല്ല. ജാതിയോ​ മതമോ നോക്കാറില്ല. നിരപരാധിയെങ്കിൽ അവർക്കായി മുന്നിട്ടിറങ്ങും. മുസ്‌ലീമിന് വേണ്ടിയല്ല,​ മനുഷ്യ‌ർക്ക് വേണ്ടിയാണ് ഇറങ്ങുന്നത്. റഹീമിന് വേണ്ടി ഗൾഫിൽ നിന്ന് മാത്രമല്ല, അമേരിക്ക,​ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്. മലയാളികളുടെയും കേരളത്തിന്റെയും മാനവികത ഇതാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360