ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജയ് ഗണേഷ് ഏപ്രിൽ ഒന്നിനാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രം ജൈത്രയാത്ര തുടരുന്നതിനിടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നായകൻ ഉണ്ണി മുകുന്ദനും നായിക മഹിമ നമ്പ്യാരും ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ ജോമോളും.
ഹിറ്റ് അല്ലെങ്കിൽ ഫ്ളോപ്പ് എന്നതിനപ്പുറം അതിനും മുകളിൽ സഞ്ചരിക്കുന്ന സിനിമയായിരിക്കും ജയ് ഗണേഷ് തനിക്കെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. 'എന്റെ കരിയറിൽ എപ്പോഴും ഓർത്തുവയ്ക്കുന്ന സിനിമയായിരിക്കുമിത്. ഞാൻ ഗുജറാത്തിൽ നിന്നാണ് ഇങ്ങോട്ട് വന്നത്. ഏകദേശം അഞ്ചുവർഷത്തോളം സിനിമാ ഓഡിഷനുകൾക്കായി ഗുജറാത്തിൽ നിന്ന് കേരളത്തിലേയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു. ജയ് ഗണേഷിലേയ്ക്ക് വന്നപ്പോൾ ഞാൻ ഇക്കാര്യങ്ങൾ ഓർത്തു. ഞാൻ എന്റെ സിനിമാ സ്വപ്നങ്ങൾ ഏറ്റവും കൂടുതൽ കണ്ടത് ഈ ട്രെയിൻ യാത്രകൾക്ക് ഇടയിലായിരുന്നു.
ട്രെയിനിലെ കഫെറ്റീരിയയിലെ ചേട്ടന്മാർക്ക് എന്നെ അറിയാം. ഞാൻ ആദ്യമായി ഒരു സിനിമ ചെയ്തപ്പോൾ ഓഖ എക്സ്പ്രസിലെ കഫെറ്റീരിയയിലെ ചേട്ടനോട് ചെന്നുപറഞ്ഞു ഞാൻ ചെയ്തു കഴിഞ്ഞു എന്ന്. എനിക്ക് ആർ എ സി ടിക്കറ്റ് കിട്ടാതെ വന്നിട്ടുള്ള സന്ദർഭങ്ങളിൽ അവർക്ക് എന്നോട് സഹതാപം തോന്നിയിട്ട് കുപ്പിവെള്ളത്തിന്റെ കെട്ടുകൾകൊണ്ട് ബണ്ടിലുണ്ടാക്കി അതിന് മുകളിൽ കിടക്കാൻ ഇടം ഒരുക്കി തന്നിട്ടുണ്ട്. അപ്പോൾ എനിക്ക് 18 വയസായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കുപ്പിവെള്ളക്കെട്ടിന്റെ നടുവിലെ ഭാഗം ചീത്തയായി പോയിരുന്നു. ഞാൻ പേടിച്ചുപോയി. എന്നാൽ അവർ എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്'- നടൻ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |