വെള്ളറട: ബസുകാത്തുനിന്ന വൃദ്ധയെ ആട്ടോറിക്ഷയിൽ കയറ്റി നാല് പവന്റെ മാല കവർന്നു. വെള്ളറട കാക്കതൂക്കി വിജയഭവനിൽ മേരി(76)യുടെ മാലയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള അജ്ഞാത സംഘം കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പനച്ചമൂട്ടിലെ ബാങ്കിൽനിന്നും തൊഴിലുറപ്പ് വേതനം എടുത്ത് വീട്ടിലേയ്ക്ക് പോകാൻ ബസുകാത്ത് പനച്ചമൂട് ബസ്റ്റോപ്പിൽ നിൽക്കുമ്പാഴാണ് സംഭവം. ഇവരെ ആട്ടോയിലെത്തിയ സംഘം ആനപ്പാറയിലിറക്കാമെന്ന് പറഞ്ഞ് ആട്ടോയിൽ കയറ്റുകയായിരുന്നു. വെള്ളറടയിൽ എത്തിയപ്പോൾ ആട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ ഇവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ആട്ടോയിൽ നിന്നും ഇറങ്ങിയ മേരിയെ കണ്ട അയൽവാസികൾ ചോദിച്ചപ്പോഴാണ് മാല മോഷണം പോയ വിവരം ഇവർ അറിയുന്നത്. തുടർന്ന് ഇവർ വെള്ളറട പൊലീസിൽ പരാതി നൽകി. സിസി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഓട്ടോയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |