SignIn
Kerala Kaumudi Online
Tuesday, 28 May 2024 1.07 AM IST

പ്രധാനമന്ത്രിയുടെ ചിത്രം വച്ച് കേരളത്തെക്കുറിച്ച് ബി ജെ പി കള്ളപ്രചാരണം നടത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

kn-balagopal

തിരുവനന്തപുരം : കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണപരമായ പരസ്യമാണ് ബി.ജെ.പി പത്രമാദ്ധ്യമങ്ങൾ വഴി നടത്തിയതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രവും വച്ചാണ് കള്ളപ്രചാരണം നടത്തുന്നത്. വിവിധ കേന്ദ്രസർക്കാർ ഏജൻസികളിൽ നിന്ന് കഴിഞ്ഞവർഷം 24 അവാർഡുകൾ നേടിയ സംസ്ഥാനത്തെയാണ് പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് അപകീർത്തിപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുന്നതെന്നും ബാലഗോപാൽ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.

കെ.എൻ. ബാലഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണാപരമായ പരസ്യമാണ് ബിജെപി ഇന്ന് പത്രമാധ്യമങ്ങള്‍വഴി നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ചിത്രവും വെച്ചാണ് കള്ള പ്രചാരണം നടത്തുന്നത്. ഭരണനിര്‍വ്വഹണം, പദ്ധതി നടത്തിപ്പ്, സാമൂഹ്യക്ഷേമം, വികസനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളിൽനിന്നും കഴിഞ്ഞവർഷം 24 അവാര്‍ഡുകൾ നേടിയ സംസ്ഥാനത്തേയാണ്‌ പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത്‌ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നത്. വായിക്കുന്നവര്‍ക്ക് അത്ഭുതവും തമാശയും സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമില്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടുന്നതെന്നാണ് പരസ്യത്തിലെ ഒരു ആരോപണം. കേരളത്തില്‍ നിന്നുമാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്നുണ്ട്. ഏറെയും ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ്.

കേരളത്തില്‍നിന്നുള്ളവര്‍ കാലാകാലങ്ങളായി ജോലിക്കായി വിദേശത്തേക്ക് പോകുന്നുണ്ട്. ലോകത്തെവിടെയും ഗുണമേന്മയാര്‍ന്ന ജോലികള്‍ സമ്പാദിക്കാൻ ശേഷിയുള്ള വിദ്യാഭ്യാസവും നൈപുണ്യവും കിട്ടുന്നവരാണ് കേരളീയര്‍. മുന്‍നിര വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍, കമ്പ്യൂട്ടര്‍ വിദഗ്ദധര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാരംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുടെ പങ്കാളിത്തമുണ്ട്. ഇവരുടെ അധ്വാന മിച്ചം പണമായി കേരളത്തിലേക്കെത്തുന്നു, അതിവിടെ നിക്ഷേപിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിനും കേരളത്തില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് പോകുന്നുണ്ട്. ലോക നിലവാരത്തിലുള്ള പഠന പ്രവര്‍ത്തനങ്ങളുമായി താദാത്മ്യപ്പെടുന്ന വിദ്യാഭ്യാസ രീതി ഇവിടെ തുടരുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. തങ്ങളുടെ കുട്ടികളെ വിദേശ സര്‍വ്വകലാശാലകളിലേക്ക് പഠനത്തിന് അയക്കാന്‍ കഴിയുന്ന വരുമാനം രക്ഷകര്‍ത്താക്കള്‍ക്ക് ഉണ്ടെന്നതും, അതിനനുസരിച്ചുള്ള ഈ നാടിന്റെ വികസനവുമാണ് കാരണം. മാനവ വിഭവശേഷി വികസനത്തില്‍ സംസ്ഥാനം അതീവ ശ്രദ്ധയാണ് നൽകുന്നത്. അതിനായി മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നു. പ്രധാനമന്ത്രി നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ ബിജെപി പരസ്യത്തില്‍ തമസ്കരിച്ചിരിക്കുന്നത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ മികവിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിമാരുമാണ് വിവിധ അവാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം വലിയ പ്രവര്‍ത്തനമുന്നേറ്റമാണ് കാട്ടുന്നത് എന്ന് അംഗീകരിച്ചുള്ള റാങ്കിംഗുകള്‍ നല്‍കിയിട്ടുള്ളതും ഇതേ കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റവും കേരളത്തിലാണ്. അയ്യായിരത്തിലേറെ സ്റ്റാര്‍ട്ടപ്പുകളാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചിട്ടുള്ളത്. ലോകത്തിന്റെ അംഗീകാരം തന്നെ ഇക്കാര്യത്തില്‍ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കേരളത്തില്‍ വലിയ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനെയൊക്കെ അംഗീകരിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആകെ കുഴപ്പമാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ മനസ്സിലാക്കുന്നവരാണ്. ഇത്രയും വലിയ കള്ളപ്പരസ്യം കൊടുക്കാന്‍ ബി.ജെ.പി തയ്യാറാകാന്‍ പാടില്ലായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുന്നു, എന്നാൽ, കേരളത്തില്‍ അവ മുടങ്ങുന്നു എന്നതാണ് മറ്റൊരു ആരോപണം. കേരളത്തില്‍ ശമ്പളവും പെന്‍ഷനും എന്നാണ്‌ മുടങ്ങിയതെന്ന് വ്യക്തമാകതൊൻ ബിജെപിയെയും പ്രധാനമന്ത്രിയെയും വെല്ലുവിളിക്കുന്നു. എന്നാൽ, കേരളത്തിന്റെ ശമ്പളവും പെന്‍ഷനും മുടക്കാന്‍ കേന്ദ്രസര്‍ക്കാർ ശ്രമിച്ചിരുന്നുവെന്നത്‌ വാസ്‌തവമാണ്‌. ബിജെപി, കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതൃത്വവും ഇതിനൊപ്പമായിരുന്നു. എന്നിട്ടും ശമ്പളവും പെന്‍ഷനും മുടങ്ങിയില്ല. സുപ്രീംകോടതി ഫയല്‍ ചെയ്ത ഹര്‍ജിയുടെപേരില്‍ കഴിഞ്ഞ മാര്‍ച്ചിൽ കേരളത്തിന് അര്‍ഹതപ്പെട്ട വായ്‌പ എടുക്കുന്നതിനുള്ള അനുവാദം കേന്ദ്ര സർക്കാർ നിഷേധിച്ചു. സുപ്രീംകോടതി പറഞ്ഞിട്ടാണ് ആ പണം എടുക്കാന്‍ അനുവാദം ലഭിച്ചത്‌. സാധാരണ എല്ലാമാസവും ഒന്നു മുതല്‍ അഞ്ചുവരെ തീയതികളിലാണ്‌ ശമ്പളം വിതരണം ചെയ്യുന്നത്. എന്നാല്‍, മാര്‍ച്ചില്‍ ആദ്യ ദിവസം ഐ.ടി സിസ്റ്റത്തില്‍ വന്ന തടസത്തിന്റെ പേരില്‍ ശമ്പളം മുടങ്ങി എന്നുപറഞ്ഞ് വലിയ കോലാഹലമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ, ആദ്യദിവസം മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നുവെന്നത്‌ ഇവർ മറച്ചുവച്ചു.

രാജ്യത്ത്‌ കോവിഡ്‌ കാലത്ത്‌ ശമ്പളം, പെൻഷൻ നടപ്പാക്കിയ ഏക സംസ്ഥാനമാണ്‌ കേരളം. അതിന്റെ ഭാഗമായ പെന്‍ഷന്‍ പരിഷ്കരണ കുടിശിക ഇൃപ്പോൾ നല്‍കി. ഡി.എ വര്‍ദ്ധിപ്പിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസം 900 കോടി രൂപ വേണം. ഇതെല്ലാം ആര്‍ഭാടമാണെന്ന് ചിത്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളിലടക്കം സംസ്ഥാനം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് സുപ്രീം കോടതി. കേരളം പറയുന്നതില്‍ ന്യായമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഈ വിഷയം സുപ്രീംകോടതി പരിഗണനയില്‍ ഇരിക്കുമ്പോള്‍പ്രധാനമന്ത്രിയുടെ പടം വെച്ച് ഇത്തരമൊരു കള്ളപ്പരസ്യം കൊടുക്കുന്നത് ശരിയാണോ എന്നതാണ് പ്രശ്നം.

2023–--24 സാമ്പത്തികവര്‍ഷം ഡിസംബര്‍ 31 വരെ ഇന്ത്യയിലാകെ നടന്ന പിഎസ്‌സി നിയമനങ്ങളില്‍ 42 ശതമാനവും കേരളത്തിലായിരുന്നുവെന്ന് ഇതേ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മൂന്നു ശതമാനംമാത്രം ജനസംഖ്യയുള്ള സംസ്ഥാനത്തിലാണ് മൊത്തം പി.എസ്‌.സി നിയമനങ്ങളുടെ 42 ശതമാനവും നടന്നത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. കേരളത്തില്‍ എല്ലാ ഒഴിവുകളും നികത്തുന്നു. മുപ്പതിനായിരത്തില്‍പ്പരം പുതിയ തസ്തിക കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിച്ച് നികത്തി. പട്ടാളത്തില്‍ പോലും കരാര്‍ നിയമനം നടത്തുന്ന കേന്ദ്രസര്‍ക്കാരാണ് കേരളത്തെ ഒരു കാരണവുമില്ലാതെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍വ്വീസില്‍ പത്തര ലക്ഷം ഒഴിവുകളും വിവിധ സംസ്ഥാന സര്‍വ്വീസുകളില്‍ 32 ലക്ഷം ഒഴിവുകളും നികത്താതെ ഇട്ടിരിക്കുന്നു. അങ്ങനെയുള്ള കേന്ദ്ര സർക്കാരാണ്‌ കേരളത്തെ നോക്കിയിട്ട് നരേന്ദ്ര മോദിയുടെ പേര് പറ‍ഞ്ഞിട്ട് മോദിയുടെ ഗ്യാരന്റി പറയുന്നത്‌. 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടില്‍ ഇടും എന്നത് ഉള്‍പ്പെടെ പത്ത് വര്‍ഷമായി പറഞ്ഞ ഒരു ഗ്യാരന്റിയും നടപ്പായിട്ടില്ല. എന്നിട്ടാണ് വ്യാജ പ്രചരണങ്ങള്‍ തുടരുന്നത്.

വര്‍ഗ്ഗീയതയെപ്പറ്റി കേരളം എന്തിന് പറയുന്നു എന്നതാണ് മറ്റൊരു ചോദ്യം. വര്‍ഗ്ഗീയതയെപ്പറ്റി കേരളം പറഞ്ഞുകൊണ്ടേയിരിക്കും. ജനങ്ങള്‍ ഏറ്റവും സ്വസ്ഥമായി ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ വര്‍ഗ്ഗീയത കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിനെതിരെ സംസാരിക്കും. എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും അവരുടേതായ സ്വാതന്ത്ര്യങ്ങളെല്ലാം അനുവദിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിനെ തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ അതിശക്തമായ വിമര്‍ശനമുണ്ടാകും. ബിജെപി ഇന്ത്യയെ നശിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ അവയ്ക്കെതിരായി ഭരണരംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേരളം നല്‍കുന്നു. ഇത് ധൂര്‍ത്താണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നാല് ലക്ഷം കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് കൊടുത്തത്. ഇതിനായി 20 ലക്ഷം കോടി രൂപയാണ് എട്ട് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാരുണ്യ ചികിത്സാ പദ്ധതിയില്‍ ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കേരളത്തില്‍ ഇതെല്ലാം ധൂര്‍ത്താണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തില്‍ ഇത്തരം പദ്ധതികളുണ്ടോ? ഇങ്ങനെ ജനങ്ങൾക്കാവശ്യമായ പദ്ധതികൾ ഏറ്റെടുക്കുന്നതിനൊപ്പം, എല്ലാവർക്കും സ്വസ്ഥമായി, സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങൾക്ക്‌ കോട്ടം തട്ടുന്ന നടപടികൾ ഏതു ഭാഗത്തുനിന്ന്‌ ഉണ്ടായാലും എൽഡിഎഫ്‌ സർക്കാർ അത്‌ ചോദ്യം ചെയ്യും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൂലധന നിക്ഷേപം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് റിസര്‍വ്വ്ബാങ്കും മറ്റ് പ്രധാനപ്പെട്ട നിക്ഷേപ പഠന ഏജന്‍സികളും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പദ്ധതി വഴിയും കിഫ്ബി ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങള്‍ വഴിയും ഇന്ത്യന്‍ ശരാശരിയേക്കാള്‍ 50 ശതമാനമെങ്കിലും അധിക മൂലധന നിക്ഷേപം കേരളത്തില്‍ നടക്കുന്നുണ്ട്. ഇതെല്ലാം നടക്കുന്ന കേരളത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയിട്ട് കാര്യമില്ല. ദേശീയ പാതയില്‍ കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ നടക്കുന്ന വികസന കാര്യങ്ങളും അത് മൂലം ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങളുമൊക്കെ മനസ്സിലാക്കുന്ന ഒരു സമൂഹം ബിജെപിയുടെ ഈ കള്ളപ്പരസ്യം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്ന ബിജെപിയുടെ പരസ്യം കണ്ട കേരളത്തിലെ ജനങ്ങള്‍ കൃത്യമായി ചിന്തിച്ചിട്ടുണ്ട്. ബിജെപി ഇന്ത്യയിലാകെ എന്താണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുമുണ്ട്. അവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി ചിന്തിക്കും. ഇത്തരമൊരു വ്യാജ പ്രചരണത്തില്‍ ആരും വീണുപോകില്ല എന്നത് അത് നല്‍കിയവര്‍ തെരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കും എന്നതും ഉറപ്പാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION 2024, PM MODI, BALAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.