SignIn
Kerala Kaumudi Online
Saturday, 27 July 2024 5.26 AM IST

'ബിജെപിയുടെ ഫാം ഹൗസ്, വിലയ്ക്ക് വാങ്ങാൻ എളുപ്പം: യുഡിഎഫ് ജയിക്കണമെന്നും എൽഡിഎഫ് തോൽക്കണമെന്നുമാണ് അവരുടെ ആഗ്രഹം'

mukesh-

വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് കൊല്ലം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് പ്രേമചന്ദ്രന്റെ പടയോട്ടം തടയുകയാണ് മുകേഷിന്റെ ദൗത്യം. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ദൗത്യം നിറവേറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രചാരണ തിരക്കുകൾക്കിടയിൽ എം.മുകേഷ് കേരളകൗമുദിയോട് സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:

ജനങ്ങളുടെ പ്രതികരണം എങ്ങനെ?

എൽ.ഡി.എഫിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കനത്ത ചൂട് വകവയ്ക്കാതെയാണ് പ്രായമായവർ പോലും കാത്തുനിൽക്കുന്നത്. സ്വീകരണ യോഗത്തിൽ സമ്മേളനത്തിന്റെ ആളുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. ഇത്രയും വലിയ ജനപങ്കാളിത്തം,​ അവർ കൂടെയുണ്ടാകുമെന്ന ഉറപ്പിന്റെ ശുഭസൂചനയാണ്.

 എം.എൽ.എ ആയുള്ള വികസന പ്രവർത്തനങ്ങൾ നിർണായകമാകുമോ?

വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉള്ളവരെ മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. പ്രസംഗകനെയല്ല,​ ജനങ്ങളുടെയും നാടിന്റെയും വികസനത്തിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എം.എൽ.എ എന്ന നിലയിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ തീർച്ചയായും വോട്ടായി മാറും. വികസനമാണ് ഇടതുപക്ഷത്തിന്റെ നയം.

 താരപരിവേഷം വോട്ടാകുമോ?

താരമായല്ല. ജനപ്രതിനിധിയായാണ് ജനങ്ങൾ എന്നെ കാണുന്നത്. എം.എൽ.എ എന്ന നിലയിൽ കൊല്ലത്തിന്റെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന താരപരിവേഷം എട്ടുകൊല്ലം കൊണ്ട് മാറ്റാൻ സാധിച്ചതാണ് വലിയ വിജയം.

 പുതുതലമുറയുടെ വോട്ടിലുള്ള പ്രതീക്ഷ?

വളരെയധികം ചിന്തിച്ചാണ് പുതിയ തലമുറ തീരുമാനങ്ങൾ എടുക്കുന്നത്. യാഥാർത്ഥ്യവും പൊള്ളത്തരങ്ങളും കൃത്യമായി വിലയിരുത്തിയാണ് അവർ മുന്നോട്ടു പോകുന്നത്. ഇതുവരെ വളരെ പോസിറ്റീവായ പ്രതികരണമാണ് യുവാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പുതുതലമുറയിൽ നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകും.

 കൊല്ലത്തിനു വേണ്ടി എന്തു ചെയ്യും?

കൊല്ലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. പര്യടന സമയത്ത് ജനങ്ങൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ശ്രമിക്കും.

അനുകൂല ഘടകം എന്താണ്?

സത്യസന്ധതയാണ് അനുകൂല ഘടകം. കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാതെയാണ് മുന്നോട്ടു പോകുന്നത്. ഇടതുപക്ഷമാണ് ശരിയായ നിലപാടുള്ളവരെന്ന് അനുഭവങ്ങളിലൂടെ ജനങ്ങൾക്കും ബോദ്ധ്യപ്പെട്ടതാണ്. അതിനുള്ള തെളിവാണ് അവരിൽ നിന്നു ലഭിക്കുന്ന സ്വീകാര്യത.

 സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാകുമോ?

സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഇടതു സർക്കാ‌ർ പരിശ്രമിക്കുന്നത്. ജനങ്ങളുടെ കൂടെ നിൽക്കുന്ന ഇടതു സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ എത്രതന്നെ പടച്ചുവിട്ടാലും അതൊന്നും വോട്ടാകില്ല. സത്യമെന്താണെന്ന് അവർക്കറിയാം. കേന്ദ്ര സർക്കാരിന്റെ നടപടികളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.

 ഇടതും വലതും ഇരട്ടകളാണെന്നാണല്ലോ ബി.ജെ.പിയുടെ ആക്ഷേപം?

ബി.ജെ.പിക്ക് വേരുറപ്പിക്കാൻ മാത്രം വളക്കൂറുള്ള മണ്ണല്ല കേരളം. ഇവിടെ ബി.ജെ.പി അക്കൗണ്ട് തുറക്കും എന്നതിന് ഒരു ഉറപ്പുമില്ല. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇരട്ടകൾ. യു.ഡി.എഫ് ജയിക്കണമെന്നും എൽ.ഡി.എഫ് തോൽക്കണമെന്നുമാണ് ബി.ജെ.പിയുടെ ആഗ്രഹം. ബി.ജെ.പിയുടെ ഫാം ഹൗസാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വിലയ്ക്കു വാങ്ങാൻ എളുപ്പമാണെന്ന് അവർക്കറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUKESH MLA, KOLLAM, LOKSABHA ELECTION, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.