ശിവഗിരി: ശ്രീശാരദാദേവി സന്നിധിയിൽ ഇന്ന് പതിവിലുമേറെ ഭക്തജനസാന്നിദ്ധ്യം ഉണ്ടാവും. വിദ്യാർത്ഥികളും മാതാപിതാക്കളും വിദ്യാദേവതയുടെ തിരുമുമ്പിൽ പ്രാർത്ഥനയും വഴിപാടുകളും സമർപ്പിക്കും. ചിത്രാപൗർണ്ണമി ദിനമായ ഇന്ന് ഗുരുദേവൻ ശാരദാദേവിയെ കുടിയിരുത്തിയതിന്റെ 112-ാമത് വാർഷികദിനം കൂടിയാണ്. ശിവഗിരിയിൽ വിജ്ഞാനോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് പർണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കു ശേഷം ശാരദാദേവി സന്നിധിയിൽ പ്രതിഷ്ഠാദിന വിശേഷാൽ അർച്ചന രാവിലെ 6 മുതൽ 7 വരെയുണ്ടാകും. 7 മുതൽ 8 വരെ വീണകച്ചേരി, 9ന് ഗുരുദേവകൃതികൾ ഒരു സമഗ്രപഠനം എന്ന വിഷയത്തിൽ ഡോ.സി.കെ.രവി പഠനക്ലാസ് നയിക്കും. 10.30ന് മുൻമന്ത്റി മുല്ലക്കര രത്നാകരനും 12ന് ഗുരുപ്രകാശം സ്വാമിയും യഥാക്രമം ഗുരുദേവന്റെ ക്ഷേത്രസങ്കല്പവും സമൂഹവും എന്ന വിഷയത്തിലും ഗദ്യപ്രാർത്ഥനയിലും ക്ലാസുകൾ നയിക്കും. 2ന് ഗുരുദർശനത്തിന്റെ സ്വാധീനം തമിഴ്, കന്നട ദേശങ്ങളിൽ എന്ന വിഷയത്തിൽ സമ്മേളനവും ഉണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സത്യാനന്ദതീർത്ഥ പ്രഭാഷണം നടത്തും. 3.30ന് ഗുരുധർമ്മ പ്രചാരണസഭാ വാർഷികവും പരിഷത്ത് സമാപനസമ്മേളനവും നടക്കും. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി വിഷയം അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ വി.കെ.മുഹമ്മദ്, അനിൽതടാലിൽ, ഉപദേശകസമിതി ചെയർമാൻ ഡോ.പി.ചന്ദ്രമോഹൻ, കൺവീനർ കുറിച്ചി സദൻ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, സഭ രജിസ്ട്രാർ അഡ്വ.പി.എം.മധു തുടങ്ങിയവർ പ്രസംഗിക്കും.
പാണക്കാട് തറവാടിന്
തത്വമസി പുരസ്കാരം
കൊച്ചി: മതസൗഹാർദ്ദത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഡോ.സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരത്തിന് പാണക്കാട് തറവാട് അർഹമായി.
മേയ് 12ന് മലപ്പുറത്ത് നടക്കുന്ന സാഹിത്യോത്സവത്തിൽ തറവാട്ടിലെ മുതിർന്ന അംഗം സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങും.
വിവിധ വിഭാഗങ്ങളിൽ കാർത്തിക ചന്ദ്രൻ (ജ്യോതിർഗമയ പുരസ്കാരം), സിജിത അനിൽ (സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ), വി.ജി. തമ്പി (നോവൽ ), എസ്. സജിനി (കഥ), മനോ ജേക്കബ് (ആത്മകഥ), സുരേഷ് വർമ്മ (പ്രവാസസാഹിത്യം ), രമാ പിഷാരടി (കവിത), ശ്രീജിത്ത് അരിയല്ലൂർ (ഗദ്യ കവിത), ഡോ.പി. റോസ് മേരി ജോർജ് (പഠനം), നന്ദിനി മേനോൻ (യാത്രാവിവരണം), ശിവരാജൻ കോവിലഴികം, സദാനന്ദൻ പാണാവള്ളി (ബാലസാഹിത്യം) എന്നിവരും, ജൂറി സ്പെഷ്യൽ പുരസ്കാരത്തിന് ഷമിന ഹിഷാം, ബിന്ദു മരങ്ങാട്, ഗിരീഷ് വർമ്മ ബാലശേരി, അഭിരാമി എ.എസ് എന്നിവരും അർഹരായി.
വാർത്താസമ്മേളത്തിൽ ചെയർമാൻ ടി.ജി. വിജയകുമാർ, പ്രൊഫ.ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
മാടമ്പ് സ്മൃതി പുരസ്കാരം
നടൻ ശ്രീനിവാസന്
തൃശൂർ: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ മാടമ്പ് സ്മൃതി പുരസ്കാരം നടൻ ശ്രീനിവാസന്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മേയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ കെ.ടി.രാമചന്ദ്രൻ, സി.സി.സുരേഷ് തുടങ്ങിയവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |