ശിവഗിരി : ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയെ തുടർന്ന് ഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ വിദ്യാദേവതാ സങ്കല്പമായാണ് കുടിയിരുത്തിയത്. അറിവിന്റെ ദേവതയാണ് ശിവഗിരിയിലെ ശാരദാദേവി. ഏവർക്കും അറിവുണ്ടാകണം എന്നായിരുന്നു ഗുരുദേവൻ ലക്ഷ്യംവച്ചത്. അറിവുണ്ടായാൽ എല്ലാം ഉണ്ടാകും എന്ന് ഗുരുദേവൻ പഠിപ്പിച്ചെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരിമഠം പി. ആർ.ഒ ഇ. എം. സോമനാഥൻ, വെട്ടൂർ ശശി എന്നിവർ പ്രസംഗിച്ചു. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്, വേൾഡ് റെക്കാഡ് യൂണിയൻ പുരസ്കാര ജേതാവ് അയ്മനം ശ്രീകാന്ത് നവരാത്രി ദീപം തെളിച്ചു. സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവരും പങ്കെടുത്തു. ശിവഗിരിയിൽ രാവിലെ മുതൽ രാത്രി വരെ നടന്നുവരുന്ന ഗുരുദേവ ദർശനാധിഷ്ഠിതമായ വിവിധ കലാപരിപാടികൾ 12 വരെ തുടരും.
സ്കൂളുകൾക്കായി ശുചിത്വ പ്രോട്ടോക്കോൾ
തിരുവനന്തപുരം: സ്കൂൾ ക്യാമ്പസുകൾ മാലിന്യമുക്തമാക്കാനുള്ള ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പെയിനിന്റെ ഭാഗമായി പ്രോട്ടോക്കോൾ വികസിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്.സി.ഇ.ആർ.ടിക്കാണ് ചുമതല. സ്കൂൾതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മാലിന്യമുക്ത പ്രഖ്യാപനമുണ്ടാകും. നവംബർ ഒന്നോടെ അമ്പത് ശതമാനം സ്കൂളുകളെയും ഡിസംബർ 31ഓടെ നൂറുശതമാനം സ്കൂളുകളെയും സമ്പൂർണ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിക്കും.
പുതിയതായി തയ്യാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിസരപഠനം, അടിസ്ഥാനശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്കരണവും ശുചിത്വബോധവും പ്രതിപാദിക്കുന്നുണ്ട്. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ആശയത്തിൽ ഊന്നി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.അയ്യപ്പൻ കവിത
പുരസ്കാരം:
സൃഷ്ടികൾ ക്ഷണിച്ചു
തിരുവനന്തപുരം: കവി എ.അയ്യപ്പന്റെ സ്മരണാർത്ഥം എ.അയ്യപ്പൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കവിത പുരസ്കാരത്തിന് മലയാള കവിത- ഗ്രന്ഥങ്ങൾ എന്നിവ ക്ഷണിച്ചു. ഒക്ടോബർ 14നകം പ്രസിഡന്റ്, കവി എ.അയ്യപ്പൻ സ്മാരക ഫൗണ്ടേഷൻ, കൃഷ്ണസൗധം, അറപ്പുരവിളാകം, കരിക്കകം പി.ഒ, തിരുവനന്തപുരം - 21 എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് ഫോൺ- 9847148802.
21ന് വൈകിട്ട് മൂന്നിന് കവടിയാറിലെ സദ്ഭാവന ഭവനത്തിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് സി.ജയചന്ദ്രൻ, സെക്രട്ടറി വി.എസ്. മണികണ്ഠൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |