SignIn
Kerala Kaumudi Online
Saturday, 27 July 2024 5.38 PM IST

കഴിക്കുന്നത് പോഷകാംശം കൂടിയ ഭക്ഷണം, ഉറക്കം ആറ് മണിക്കൂറിൽ താഴെ; പുതിയ ട്രെൻഡിലൂടെ പണികിട്ടാൻ പോകുന്നത് യുവാക്കൾക്ക്

diet

പോഷകഗുണങ്ങളടങ്ങിയ ആഹാരം കഴിച്ച് രോഗങ്ങൾ ഒഴിവാക്കാമെന്ന കാഴ്ചപ്പാടാണ് മിക്കവർക്കുമുളളത്. ഇതിനായി ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കൃത്യമായി കഴിക്കുന്നവർ നമുക്ക് ചു​റ്റും തന്നെയുണ്ട്. പക്ഷെ പ്രതീക്ഷിച്ച രീതിയിൽ ആരോഗ്യം മെച്ചപ്പെട്ടില്ലെങ്കിൽ നിരാശയായിരിക്കും ഫലം.

ജീവിതശൈലി രോഗങ്ങളാണ് ഏ​റ്റവും കൂടുതൽ പേർക്കും പിടിപെടുന്നത്. പ്രമേഹം, കൊളസ്‌ട്രോൾ, അമിതരക്തസമ്മർദ്ദം തുടങ്ങിയവ ജീവിതശൈലി രോഗങ്ങളിൽ ചിലതാണ്. പ്രമേഹത്തെക്കുറിച്ചുളള ഒരു പഠനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി ചർച്ചയാകുന്നത്. ആരോഗ്യസമ്പുഷ്ടമായ ഭക്ഷണം കഴിച്ചിട്ടും പ്രമേഹ ബാധിതരാകുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

പ്രധാനമായും മനുഷ്യരിൽ പിടിപെടുന്നത് ടൈപ്പ് 2 പ്രമേഹമാണെന്നാണ് പഠനത്തിൽ പറയുന്നത്. ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങാത്തവർക്ക് ടൈപ്പ് 2 പ്രമേഹം പിടിപെടാനുളള സാദ്ധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ മെഡിക്കൽ റിസർച്ച് സംഘടനയായ ബയോബാങ്കിലെ ചില ഗവേഷകരാണ് ഈ പഠനത്തിനുപിന്നിൽ. ഇതിൽ നിന്നും ഉറക്കവും പ്രമേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവെന്ന് പറയാം.

food

പ്രായപൂർത്തിയായ 2,47,687 പേരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പ്രധാനമായും രണ്ട് ചോദ്യങ്ങളുടെ ഉത്തരത്തിനായാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ഉറക്കവും ടൈപ്പ് 2 പ്രമേഹവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?അതുപോലെ ഭക്ഷണക്രമം നിയന്ത്രിക്കുന്നത് ഉറക്കത്തെയും പ്രമേഹത്തെയും ബാധിക്കുമോയെന്നുമായിരുന്നു.

ഒരു വ്യക്തി സാധാരണയായി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാറുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുളള ഉറക്കമാണുളളത്.ആദ്യത്തേത് മൈൽഡ് സ്‌ലീപ്പ് (ആറ് മണിക്കൂർ), രണ്ടാമത്തേത് മോഡറേ​റ്റ് സ്‌ലീപ്പ് (അഞ്ച് മണിക്കൂർ), മൂന്നാമത്തേത് എക്സ്ട്രീം സ്‌ലീപ്പ് (മൂന്ന് മുതൽ നാല് മണിക്കൂർ).


പഠനത്തിൽ നിന്നും കണ്ടെത്തിയത്
പഠനം നടത്തിയ 2,47,687 പേരിൽ 3.2 ശതമാനം ആളുകളിൽ നിന്നും നിരീക്ഷണ കാലയളവിൽ ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ പോഷക ഗുണമുളള ഭക്ഷണം കഴിക്കുന്നവരായിരുന്നു. പക്ഷെ ഇവർ ഉറങ്ങാനെടുക്കുന്ന സമയം വിശദമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ദിവസവും ആറ് മണിക്കൂറിനേക്കാൾ കുറവാണ് ഇവർ ഉറങ്ങാനെടുക്കുന്ന സമയം. എന്നാൽ ദിവസവും അഞ്ച് മണിക്കൂർ ഉറങ്ങുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുളള സാദ്ധ്യത 16 ശതമാനമാണെന്നും കണ്ടെത്തി. അതേസമയം, ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ മാത്രം ഉറങ്ങുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുളള സാദ്ധ്യത 41 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

sleep

അറിയാം പ്രമേഹത്തെക്കുറിച്ച്

പ്രധാനമായും പ്രമേഹം രണ്ട് തരത്തിലുണ്ട്, ടൈപ്പ് 1ഉം ടൈപ്പ് 2ഉം. മിക്കവർക്കും ഇവ രണ്ടും തമ്മിലുളള വ്യത്യാസം എന്താണെന്ന് പോലും അറിയില്ല, രണ്ട് അവസ്ഥയിലും ശരീരത്തിന് ഗ്ലൂക്കോസ് ആവശ്യത്തിന് സൂക്ഷിച്ചുവയ്ക്കാനും ഉപയോഗിക്കാനും സാധിക്കില്ല. നമുക്ക് വിവിധ തരത്തിലുളള പ്രവൃത്തികൾ ചെയ്യണമെങ്കിൽ ഊർജം അത്യാവശ്യമാണ്. അതിന് ഗ്ലൂക്കോസ് അനുയോജ്യമായ രീതിയിൽ സൂക്ഷിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും വേണം. എന്നാൽ പ്രമേഹമുണ്ടെങ്കിൽ ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആവശ്യമുളള സമയത്ത് എത്താതെ രക്തത്തിൽ തന്നെ അവശേഷിക്കപ്പെടും. ഇങ്ങനെയാണ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത്.

ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് എത്തണമെങ്കിൽ ഇൻസുലിന്റെ സഹായം ആവശ്യമാണ്. ടൈപ്പ് 1 പ്രമേഹത്തിൽ ഇൻസുലിന്റെ ഉൽപ്പാദനം നടക്കാതെ വരുന്നു. അതുപോലെ ടൈപ്പ് 2 പ്രമേഹത്തിൽ ഇൻസുലിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയുമാണ് ഉണ്ടാകുന്നത്. രണ്ട് അവസ്ഥയ്ക്കും സമാന ലക്ഷണങ്ങളാണ് ഉളളതെങ്കിലും ചില സമയങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാം. ടൈപ്പ് 2 പ്രമേഹമുളള രോഗികളിൽ പലപ്പോഴും വർഷങ്ങളോളം ലക്ഷണങ്ങൾ പ്രകടമാകാത്ത അവസ്ഥയും ഉണ്ടാകാം.

sugar

ലക്ഷണങ്ങൾ

അമിതമായ വിശപ്പ്, ഇടവിട്ട് മൂത്രശങ്ക, അമിതമായ ദാഹം, അസഹനീയമായ ക്ഷീണം, കാഴ്ചയക്ക് മങ്ങൽ, മുറിവുകളോ പരിക്കുകളോ സംഭവിക്കുമ്പോൾ അത് എളുപ്പം ഉണങ്ങാതിരിക്കുക എന്നിവയെല്ലാം രണ്ട് തരം പ്രമേഹങ്ങളിലും ഒരുപോലെ കാണപ്പെടാവുന്ന ലക്ഷണങ്ങളാണ്. അസ്വസ്ഥത, മൂഡ് സ്വിംഗ്സ്, ശരീരഭാരം കുറയുക, കൈകാലുകളിൽ മരവിപ്പ്, വിറയൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വരാം. ഇത് ഒടുവിൽ കാഴ്ചക്കുറവ്, ഹൃദയാഘാതം തുടങ്ങി നിരവധി അവസ്ഥകൾക്കും കാരണമാകും.

ഇങ്ങനെയുളള അവസ്ഥകൾ കുറയ്ക്കാൻ വർഷങ്ങളോളം മരുന്നുകൾ കഴിക്കുന്നവരും ഇൻസുലിൻ എടുക്കുന്നവരും നമുക്കിടയിലുണ്ട്. പക്ഷെ നിരന്തരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ചെറിയ ഒരു വിഭാഗം ആളുകൾ മരുന്ന് കഴിക്കാതെ പലരീതിയിലുളള ഭക്ഷണക്രമങ്ങൾ സ്വീകരിച്ചും വ്യായാമം ചെയ്തും പ്രമേഹം കുറയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ചില കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 18 വയസിനുമുകളിലുളള 77 മില്യണാളുകൾക്ക് ടൈപ്പ് 2 പ്രമേഹം പിടിപ്പെട്ടിട്ടുണ്ട്. 25 മില്ല്യൺ ആളുകൾക്ക് ഈ അവസ്ഥ ഉണ്ടാകാമെന്നും പറയുന്നു. നിലവിൽ 55 ശതമാനം പേർക്കും പ്രമേഹത്തെക്കുറിച്ചും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമായ അറിവില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.

test

പ്രമേഹ ബാധിതർക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുളള അവസ്ഥയുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും ചില പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 40 വയസിനുമുകളിലുളളവർക്ക് മാത്രമല്ല ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചിട്ടുളളത്. 25 വയസിന് താഴെയുളളവരിൽ 25 ശതമാനം പേരും പ്രമേഹബാധിതരാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യ പരിഗണിക്കുമ്പോൾ 50 ശതമാനം പേരും 25 വയസിൽ താഴെയുളളവരാണെന്നും മ​റ്റൊരു വസ്തുതയാണ്. സ്ത്രീകളിലും പ്രമേഹബാധിതർ കൂടുതലാണ്. 2021ൽ നടന്ന ഒരു പഠനപ്രകാരം ഇന്ത്യയിലെ 31 മില്ല്യൺ പേർ നാല് വർഷത്തിനുളളിൽ പ്രമേഹ ബാധിതരാകുമെന്ന് പറയപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, DIET, SUGAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.