മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ 'നീറ്റ് ' (NEET) ഇന്ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ നടക്കും. ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീറ്റിന് 24 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായാണ് ഇത്തവണ പരീക്ഷ. 200 മിനിറ്റ് നീളുന്ന പരീക്ഷയിൽ 4 മാർക്ക് വീതമുള്ള 180 ചോദ്യങ്ങളുണ്ട്. ആകെ 720 മാർക്ക്. രാജ്യത്തെ 706 മെഡിക്കൽ കോളേജുകളിലായി (സർക്കാർ/സ്വകാര്യ മേഖലയിൽ) 109145 എംബി.ബി.എസ് സീറ്റുകളും 28088 ബി.ഡി.എസ് സീറ്റുകളുമുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് എൻട്രൻസിന്റെ അടിസ്ഥാനത്തിലാണ്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖകളിലൊന്നും (ആധാർ, പാസ്പോർട്ട് തുടങ്ങിയവ) നിർബന്ധമാണ്. ഒ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്താനുള്ള കറുപ്പ് ബോൾപോയിന്റ് പേന പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽനിന്ന് ലഭിക്കും. പരീക്ഷാ ഹാളിൽ അനുവദിക്കുന്നതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശം അഡ്മിറ്റ് കാർഡിന്റെ 3,4 പേജുകളിൽ നൽകിയിട്ടുണ്ട്. ഡ്രസ് കോഡ്, പാദരക്ഷ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
പ്രധാന നിർദ്ദേശങ്ങൾ
1. പരീക്ഷാ സെന്ററിൽ എത്താനുള്ള സമയം കൃത്യമായി പാലിക്കുക.
2. 1.30ന് പരീക്ഷാ സെന്റർ ഗേറ്റ് അടയ്ക്കും. അതിനാൽ ട്രാഫിക് ജാം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് നേരത്തേ പരീക്ഷാഹാളിൽ എത്താൻ ശ്രമിക്കുക.
3.
4. അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി കരുതണം (ഉദാ: ആധാർ കാർഡ്, പാൻകാർഡ്, പാസ്പോർട്ട് തുടങ്ങിയവ). കൂടാതെ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും കൈവശം വയ്ക്കുക.
ഡ്രസ് കോഡ്
ഇളംകളർ പാന്റ്സും ഹാഫ് സ്ളീവ് ഷർട്ടുമാണ് അഭിലഷണീയം. മെറ്റൽ ഘടിപ്പിച്ചതുൾപ്പെടെയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. ഷൂസ്/ കാൽ മുഴുവനായി മറയുന്ന പാദരക്ഷ ഒഴിവാക്കണം. സാൻഡൽ/ സ്ലിപ്പർ ഉപയോഗിക്കാം. തലയിൽ ഉപയോഗിക്കുന്ന ക്ലിപ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തമായി വായിച്ചു മനസിലാക്കുക. സുതാര്യമായ കുപ്പിയിൽ കുടിവെള്ളം കൊണ്ടുപോകാം. എ.ഐ ക്യാമറയുടെ നിരീക്ഷണത്തിലാണ് ഓരോ പരീക്ഷാഹാളും എന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.
10, 12 സി.ബി.എസ്.ഇ പരീക്ഷാഫലം മേയ് 20ന് ശേഷം
സി.ബി.എസ്.ഇ 10, 12ാം ക്ലാസ് പരീക്ഷാഫലങ്ങൾ മേയ് 20ന് ശേഷമേ പ്രസിദ്ധപ്പെടുത്തൂ എന്ന് സി.ബി.എസ്.ഇ ബോർഡ് httpa://cbscresults.nic.in/ എന്ന വെബ്സൈറ്റിലൂടെ അറിയിച്ചു. സി.ബി.എസ്.ഇ പരീക്ഷാ ഫലം മേയ് അഞ്ചിനു മുമ്പ് പ്രസിദ്ധപ്പെടുത്തുമെന്ന് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ബോർഡ് ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കിയത്. കഴിഞ്ഞ വർഷം മേയ് 12നാണ് ഫലം പ്രസിദ്ധീകരിച്ചത്.
ബി.എസ്സി അഗ്രിക്കൾച്ചർ @അമൃത യൂണിവേഴ്സിറ്റി
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിലുള്ള സ്കൂൾ ഒഫ് അഗ്രികൾച്ചർ സയൻസിൽ നാലുവർഷ ബി.എസ്സി ഓണേഴ്സ് ഇൻ അഗ്രികൾച്ചർ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് , നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്നിവ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റും ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.മേയ് 18, 19 തീയതികളിലാണ് പ്രവേശന പരീക്ഷ. 13 വരെ ഓൺലൈനായി അപേക്ഷിക്കാം. www.amrita.edu/agriculture
പുതുക്കിയ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പുതുക്കിയ സിലബസിൽ എസ് .സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ 2024-25 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്നും നീക്കം ചെയ്ത് പുതുക്കിയ സിലബസ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |