ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ ഇ.എസ്.ഐ ആശുപത്രിയിലെ എ.സി യൂണിറ്റുകൾ മോഷ്ടിച്ച യുവാവിനെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. പാതിരാപ്പള്ളി പടിഞ്ഞാറക്കര ചെട്ടിക്കാട് ആൻഡ്രൂസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 21നാണ് രണ്ട് എ.സികളുടെ ഔട്ട്ഡോർ യൂണിറ്റുകളും മൂന്ന് എ.സികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഒരു ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചത്. എ.സികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവിധ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെ കേന്ദ്രീകരിച്ചും സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗത്ത് സി.ഐ കെ.പി.തോംസൺ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ടി.ഡി.നെവിൻ, മോഹൻകുമാർ, എസ്.സി.പി.ഒമാരായ പി.ഒപോൾ, വിപിൻദാസ് സി.പി.ഒമാരായ ആർ.ശ്യാം, ചിക്കു, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |