തിരുവനന്തപുരം:ചൂട് കൂടിയതോടെ സംസ്ഥാനത്ത് കഴിഞ്ഞ മാസം 44 കോടി യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവന്നു. ഇത് സർവ്വകാല റെക്കാഡാണ്. കഴിഞ്ഞ മാസത്തെ മൊത്തം ഉപഭോഗം 319.1 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 275.9 കോടിയും, വർദ്ധന 15.62 %.
ദേശീയതലത്തിൽ വർദ്ധന 10.89% മാത്രമാണ്. ഇന്ത്യയിലാകെ 144.25 ബില്യൺ യൂണിറ്റാണ് കഴിഞ്ഞ മാസത്തെ ഉപഭോഗം. കഴിഞ്ഞവർഷം ഇത് 130.08 ബില്യൺ ആയിരുന്നു. പ്രതിദിന ഉപഭോഗത്തിലും കേരളത്തിൽ റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. 12.38%. കഴിഞ്ഞ വർഷം പ്രതിദിനം 5024 മെഗാവാട്ടാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് 5646 മെഗാവാട്ടായി. വൈദ്യുതി ഉപയോഗത്തിലെ
പൊടുന്നനെയുള്ള വർദ്ധന വിതരണസംവിധാനത്തെ താറുമാറാക്കി. ജനങ്ങളുടെ സഹകരണത്തോടെ ഉപഭോഗം കുറച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. നിലവിൽ 100 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെയാണ് പ്രതിദിന ഉപഭോഗം. ഉപഭോഗം നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം നിലയ്ക്കുന്ന സ്ഥിതിയാണ്. പുറമെ നിന്നുള്ള വൈദ്യുതിയെ പൂർണമായും ആശ്രയിക്കേണ്ടിവന്നാൽ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കും.
#അലങ്കാരദീപങ്ങളിൽ
നഷ്ടം 150 മെഗാവാട്ട്
വ്യാപാര,വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാര ദീപങ്ങളും കൂടുതൽ വൈദ്യുതി ഉപയോഗമുള്ള പരസ്യ, നെയിം ബോർഡുകളും രാത്രികാലങ്ങളിൽ അണച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചിട്ടും സ്ഥിതിഗതിയിൽ മാറ്റമില്ല. ഇതിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടം 150 മുതൽ 200 മെഗാവാട്ട് വരെയാണ്. കഴിഞ്ഞമാസം മൂന്ന് ദിവസങ്ങളൊഴികെ എല്ലാദിവസവും 100 ദശലക്ഷത്തിന് മുകളിലായിരുന്നു ഉപഭോഗം.
#അണക്കെട്ടുകളിൽ വെള്ളം 33%
(ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ സ്ഥിതി)
ഇടുക്കി.................... 34% (37)
ഷോളയാർ.............. 19% (69)
പമ്പ........................... 29% (42)
ഇടമലയാർ............. 33% (38)
കഴിഞ്ഞവർഷത്തെ
ശരാശരി.............................41%
നിലവിൽ ജലവൈദ്യുതി
ഉൽപാദനസാധ്യത............. 1329 ദശലക്ഷം യൂണിറ്റ് (1395)
#പ്രതിദിന ഉപഭോഗം
(ദശലക്ഷം യൂണിറ്റിൽ. ബ്രാക്കറ്റിൽ 2023ൽ ഇതേ ദിവസം)
മേയ് 1......................107.15 (102.99)
2...............................114.18 (102.92)
3................................115.52 (100.99)
4................................112.48 (90.57)
5................................103.28 (100.28)
#താപനില
(ഡിഗ്രി സെൽഷ്യസിൽ. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷം ഇതേ സമയം)
പാലക്കാട്................. 41.4 (37)
തൃശൂർ........................40 (36)
കൊല്ലം....................... 39 (36)
കണ്ണൂർ........................38 (37)
മറ്റ് ജില്ലകൾ.............. 36-38 (34-36)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |