കണ്ണൂർ: ആന്തൂർ സംഭവത്തിൽ പാർട്ടി പത്രം നൽകിയ വാർത്തകൾ പത്രത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത്തരം വിവരങ്ങൾ അവരുടെ കൈവശം ഉണ്ടാകാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ വാർത്തയുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിചേർത്തു. ആന്തൂർ സംഭവത്തിൽ സാജന്റെ കുടുംബത്തിനൊപ്പം തന്നെയാണ് പാർട്ടിയെന്നും ഈ സംഭവം ഉപയോഗിച്ച് പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഈ വിഷയത്തെ രാഷ്ട്രീയമായി പാർട്ടി നേരിടുമെന്നും വിഷയം ഉപയോഗിച്ച് പാർട്ടിയോട് പോരാടാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഈ കള്ള പ്രചാരത്തിനെതിരെ പാർട്ടി ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
സി.പി.എം തങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന മുൻപ് പറഞ്ഞിരുന്നു. പാർട്ടി മുഖപത്രമാണ് തങ്ങൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ബീനയും ഇവരുടെ മക്കളും പറഞ്ഞു.പാർട്ടി പത്രത്തിനെതിരെ തങ്ങൾ നിയമനടപടി സ്വീകരിക്കുമെന്നും അപവാദങ്ങൾ തുടർന്നാൽ ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴികളൊന്നും തങ്ങൾക്ക് മുൻപിലില്ലെന്നും ബീന പറഞ്ഞിരുന്നു. കുട്ടികളുടെ പേരിലും പത്രം അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ബീന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |